യുവജനങ്ങളുടെ വിശ്വാസവും ജീവിത തിരഞ്ഞെടുപ്പുകളും

യുവജനങ്ങളുടെ വിശ്വാസവും ജീവിത തിരഞ്ഞെടുപ്പുകളും

അരുണ്‍ ഡേവീസ്
സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ്
ഗ്ലോബല്‍ പ്രസിഡന്‍റ്

ഒക്ടോബറില്‍ റോമില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിന് ഒരുക്കമായി വത്തിക്കാനില്‍ നടന്ന യുവജനസമ്മേളനത്തില്‍ യുവജനങ്ങളുടെ വിശ്വാസവും ജീവിത തിരഞ്ഞെടുപ്പുകളും എന്ന വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കാണുന്നു.

മാര്‍ച്ച് 19 മുതല്‍ 24 വരെ റോമിലെ കൊളേജിയോ മാത്തര്‍ എക്ലേസിയയിലാണു സമ്മേളനം നടന്നത്. 2018-ല്‍ ഒക്ടോബറില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിന് യുവജന അസംബ്ലിയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്ത്യയില്‍ നിന്നു വ്യക്തിസഭകളുടെ പ്രതിനിധികളടക്കം ഒമ്പതു പേരാണു പങ്കെടുത്തത്. അതില്‍ ഒരു ഹിന്ദു പ്രതിനിധിയും സിക്ക് പ്രതിനിധിയും ഉള്‍പ്പെടുന്നു. ഇറ്റലിയില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള വൈദികവിദ്യാര്‍ത്ഥിയുടെയും സിസ്റ്ററിന്‍റെയും പങ്കാളിത്തം വേറിട്ടൊരു അനുഭവമായി. അങ്ങനെ ആകെ 11 ഇന്ത്യക്കാര്‍! ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവുമധികം രാജ്യക്കാര്‍ പങ്കെടുത്തത് ഇന്ത്യയില്‍ നിന്നായിരുന്നു.

മാര്‍ച്ച് 18-ാം തീയതി വെളുപ്പിന് 5 മണിക്കായിരുന്നു ഫ്ളൈറ്റില്‍ കയറിയത്. റോമായുടെ അകത്തളങ്ങളിലേക്കുള്ള യാത്ര! ഏകദേശം 9 മണിക്കൂര്‍ യാത്രയ്ക്കുശേഷം റോമിലെ ഫ്യൂമിച്ചിനോ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി. പുറത്ത് പ്രീ സിനഡല്‍ ഹെല്‍പ് ഡെസ്ക് ഉണ്ടായിരുന്നു. എന്നെപ്പോലെ വന്നിറങ്ങിയ പല രാജ്യക്കാരുമുണ്ടായിരുന്നു. അല്പസമയത്തിനുശേഷം സമ്മേളനം നടക്കുന്ന മാത്തര്‍ എക്ലേസിയയിലേക്കു കൊണ്ടുപോകുമെന്ന അറിയിപ്പ് കിട്ടി. അങ്ങനെ വത്തിക്കാന്‍റെ അതിഥികളായി ഞങ്ങള്‍ യാത്ര തിരിച്ചു. 15 മിനിറ്റ് യാത്രയ്ക്കുശേഷം ഞങ്ങള്‍ അവിടെ എത്തി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍, വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ ക്രിസ്തുമതത്തിന്‍റെ വ്യാപ്തി തിരിച്ചറിയുകയായിരുന്നു. രജിസ്ട്രേഷനുശേഷം അവര്‍ ഒരുക്കിയ അത്താഴവും കഴിച്ചു ഞാന്‍ എന്‍റെ മുറിയിലേക്കു പോയി. എന്‍റെ റൂംമേറ്റ് ഒരു ഈജിപ്തുകാരനായിരുന്നു.

പിറ്റേ ദിവസം രാവിലെ 8.45-നായിരുന്നു സമ്മേളനത്തിന്‍റെ തുടക്കം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിദ്ധ്യമായിരുന്നു ഞങ്ങളുടെയെല്ലാം ആവേശം. വിവിധ രാജ്യങ്ങളിലെ യുവജനപ്രതിനിധികളും സംഘാടകരുമടക്കം 307 പേര്‍ സമ്മേളനഹാളില്‍ ഉണ്ടായിരുന്നു. രാവിലെ 9-ന് തന്നെ പാപ്പ സമ്മേളനഹാളില്‍ എത്തി. ആവേശം അലതല്ലുന്ന സ്വര്‍ഗീയനിമിഷമെന്നു തന്നെ ആ സമയത്തെ വിശേഷിപ്പിക്കാം. യുവജനങ്ങള്‍ക്കെല്ലാം ഹസ്തദാനം നല്കി കുശലങ്ങള്‍ പങ്കുവച്ചു പാപ്പ സ്റ്റേജിലേക്കു നീങ്ങി. സീറോ മലബാര്‍ സഭാപ്രതിനിധി എന്ന നിലയില്‍ പാപ്പയ്ക്കു കൈകൊടുക്കുവാനും ആശീര്‍വാദം സ്വീകരിക്കുവാനും സാധിച്ചതു വലിയ ഭാഗ്യമായി കരുതുന്നു.

സമ്മേളനത്തില്‍ പങ്കെടുത്ത ഞങ്ങള്‍ക്കേവര്‍ക്കും ഭാഷ തര്‍ജ്ജമ ചെയ്യുന്ന ഉപകരണങ്ങള്‍ നല്കിയിരുന്നു. ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ഇംഗ്ലീഷ് തര്‍ജ്ജമകള്‍ ലഭ്യമായിരുന്നു. പാപ്പയുമായുള്ള സംവദനത്തില്‍ അദ്ദേഹം ഊന്നി പറഞ്ഞ ചില വസ്തുതകള്‍ ഓര്‍ക്കുകയാണ്. വനിതാശാക്തീകരണത്തെപ്പറ്റിയും വനിതകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെയും പാപ്പ ശക്തമായി അപലപിച്ചു. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുവജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. യുവജനങ്ങള്‍ നല്ല പ ണ്ഡിതരുമായി എപ്പോഴും സംവദിക്കണമെന്നു പാപ്പ പറയുകയുണ്ടായി.

മിഥ്യാലോകവുമായി ഉള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ യുവജനങ്ങള്‍ തയ്യാറാകണമെന്നു പാപ്പ ഓര്‍മ്മിപ്പിച്ചു. സോഷ്യല്‍ മീഡിയയും ഇന്‍റര്‍നെറ്റും യുവജനങ്ങളുടെ വ്യക്തിത്വത്തെ ചൂഷണം ചെയ്യാന്‍ അനുവദിക്കരുതെന്നു പാപ്പ പറഞ്ഞു. ഈ കാലഘട്ടത്തിന് ആവശ്യം മനസ്സും തലച്ചോറും കൈകളും ഒരുപോലെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെയാണ്. സഭ ഒരു സ്ഥാപനമല്ല, ഒരു സമൂഹമാണ്. ആ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നാല്‍ മാത്രമേ ക്രിസ്തുവിനെ കാണാന്‍ സാധിക്കുകയുള്ളൂ എന്നു പാപ്പ ഉദ്ബോധിപ്പിച്ചു. പുരോഹിതര്‍ ഒരിക്കലും രാജാവിനെപ്പോലെയോ മാനേജര്‍മാരെപ്പോലെയോ പെരുമാറാന്‍ പാടില്ല എന്നു പാപ്പ പറയുകയുണ്ടായി. എല്ലാവരോടും സാഹോദര്യ മനോഭാവം പുലര്‍ത്തണം. ഒരിക്കലും കടുംപിടുത്ത മനോഭാവം വച്ചുപുലര്‍ത്താന്‍ പാടില്ല. അങ്ങനെ വന്നാല്‍ എങ്ങനെ സമൂഹം സഭയോട് ചേര്‍ന്നുനില്ക്കും? പാപ്പ ചോദിച്ചു.

പരദൂഷണമാണു ക്രിസ്ത്യന്‍ സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട പാപം എന്നു പാപ്പ പറഞ്ഞു. അതിനാല്‍ത്തന്നെ ഇത്തരം പ്രവൃത്തികള്‍ക്കു കടിഞ്ഞാണിടാന്‍ നാം ശ്രദ്ധിക്കണം. ഒരു വ്യക്തിയുടെ ബുദ്ധിപരവും ആത്മീയപരവുമായ നിലകളെ സംരക്ഷിക്കാന്‍ പുതിയ തലമുറയ്ക്കു കഴിയണം. അതിനു സഹായകമാകാന്‍ സഭാസമൂഹം മുന്നിട്ടിറങ്ങണം – പാപ്പ പറഞ്ഞു.

തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇന്നു ലോകത്തു യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും അവസരങ്ങളെയുംപറ്റി ചര്‍ച്ച ചെയ്യുകയുണ്ടായി. അതോടൊപ്പംതന്നെ വിശ്വാസവും വിളിയും എന്ന വിഷയത്തെ ആസ്പദമാക്കിയും വിശദമായ ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ഏകീകരിച്ച് ഒക്ടോബറില്‍ നടക്കുന്ന പതിനഞ്ചാമത് ബിഷപ്പുമാരുടെ സിനഡില്‍ സമര്‍പ്പിക്കാനുള്ള രൂപരേഖ തയ്യാറാക്കി നല്കി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതിനിധികളെ എല്ലാവരെയും റോമാനഗരത്തിന്‍റെ പൈതൃകങ്ങളും പാരമ്പര്യങ്ങളും സന്ദര്‍ശിക്കുകയുണ്ടായി. സെ. പീറ്റേഴ്സ് ബസിലിക്കയും സെ. ജിയോവാനി ബസിലിക്കയും പോപ്പുമാരുടെ വേനല്‍ക്കാല വസതിയുമായ 'ഗൊണ്ടാല്‍ ഫോ' പാലസും കോളോസിയവുമൊക്കെ വേറിട്ടൊരു അനുഭവമായി.

ഇറ്റാലിയന്‍ ഭക്ഷണവിഭവങ്ങള്‍ സുഗന്ധവ്യഞ്ജനങ്ങളുടെ നാട്ടില്‍നിന്നു വരുന്ന ഞങ്ങള്‍ക്കു രുചിയുടെ വകഭേദം നല്കി. ഓശാന ഞായറാഴ്ചയിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലുള്ള പാപ്പയുടെ കുര്‍ബാനയോടുകൂടി ഞങ്ങള്‍ റോമാനഗരത്തോടു വിട പറഞ്ഞു. പാപ്പയുടെ മുന്നിലൂടെ ഒലിവിലച്ചില്ലകള്‍ ഏന്തി ഓശാനയുടെ ഗീതങ്ങള്‍ ആലപിച്ചു നടന്നുനീങ്ങിയ ഓര്‍മ്മകള്‍ ഇന്നും മായാതെ നില്ക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org