യൂത്ത് സ്പീക്കിംഗ് യുവത്വം പ്രസരിപ്പിന്‍റെ കാലഘട്ടം

യൂത്ത് സ്പീക്കിംഗ് യുവത്വം പ്രസരിപ്പിന്‍റെ കാലഘട്ടം

അരുണ്‍ ഡേവീസ് കവലക്കാട്ട്
(സീറോ-മലബാര്‍ യൂത്ത് മൂവ്മെന്‍റ് പ്രഥമ ദേശീയ പ്രസിഡന്‍റായ ലേഖകന്‍ കെ സി വൈ എം മുന്‍ ഇരിങ്ങാലക്കുട രൂപതാ പ്രസിഡന്‍റായിരുന്നു. കുറ്റിക്കാട്  ഫൊറോനാപ്പള്ളി ഇടവകാംഗമായ അദ്ദേഹം ഐ ടി എന്‍ജിനീയറായി ജോലി ചെയ്യുന്നു.)

മാറ്റങ്ങളില്‍നിന്നും മാറ്റങ്ങളിലേക്ക് കുതിക്കാന്‍ വെമ്പുന്ന യുവമനസ്സുകള്‍. വ്യത്യസ്തമായ കാഴ്ചപ്പാടുകളുടെ ഏകീകരണത്തില്‍ നിന്നും, ഉടലെടുക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രത്യാശയുടെ ലോകത്തിന് പുതുനാമ്പ് നല്‍കുമെന്ന് വിശ്വസിക്കുന്നവരാണവര്‍. ആധുനിക യുവജനസമൂഹത്തിന് പ്രചോദനവും മാതൃകയുമായ ക്രൈസ്തവസഭാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ നമ്മോട് പറയുന്നു. "യുവജനം നവീകൃതവും വിപുലീകരണക്ഷമവുമായ പ്രത്യാശയിലേക്ക് നമ്മെ വിളിക്കുന്നു. എന്തെന്നാല്‍ അവര്‍ മനുഷ്യവംശത്തിനുവേണ്ടിയുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അവര്‍ നമ്മളെ ഭാവിയിലേക്ക് പ്രവേശിപ്പിക്കുന്നു. ഇന്നത്തെ ലോകത്തില്‍ ജീവദായകങ്ങളല്ലാതായിത്തീര്‍ന്നിരിക്കുന്ന വ്യവസ്ഥിതികളോടും ആചാരമര്യാദകളോടും ഗൃഹാതുരതയില്‍ കടിച്ചുതൂങ്ങാതിരിക്കുവാന്‍ വേണ്ടിയാണത്." (സ്നേഹത്തിന്‍റെ സന്തോഷം,108). സഭയിലും സമൂഹത്തിലും യുവജനതക്കുള്ള പ്രാധാന്യം വിളിച്ചോതുന്നതോടൊപ്പം ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ബോധ്യമുളവാക്കിക്കൊടുക്കയാണ് ഈ വരികള്‍. രക്തസാക്ഷികളുടെ ചുടുനിണത്താല്‍ രൂപമെടുത്ത ആദിമസഭയുടെ പിറവിമുതല്‍ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാനും അവകാശങ്ങള്‍ക്കുവേണ്ടി പോരാടുവാനും അടിയുറച്ച വിശ്വാസത്തില്‍ അഭംഗുരം നിലക്കൊള്ളുവാനും തങ്ങളുടെ സമയവും ജീവനും സമ്പൂര്‍ണ്ണസമര്‍പ്പണം ചെയ്ത പൂര്‍വ്വികരുടെ പാരമ്പര്യം മുറുകെപിടിച്ചുകൊണ്ട് ആധുനിക യുവജനങ്ങള്‍ നാളെയുടെ ലോകനിര്‍മ്മിതിയ്ക്കായി മുന്നോട്ട് ഇറങ്ങേണ്ടത് സഭയ്ക്കും സമൂഹത്തിനും ആവശ്യമാണ്.

യൗവനം നാല്‍ക്കവലയിലെ കൈവഴികളില്‍ ദുര്‍ഘടപാതയാകുന്ന അവസ്ഥാവിശേഷത്തിന് നേര്‍ക്കാഴ്ചയാകുന്നു. ബാല്യ-കൗമാര-വാര്‍ദ്ധക്യഘട്ടങ്ങളില്‍ ഒരു നവയുഗശില്പിയാകുവാനും കാലഘട്ടത്തെ മാറ്റിമറിക്കുവാനും വരെ ശക്തിയും ഊര്‍ജ്ജവും ഉച്ചസ്ഥായിയിലാകുന്ന സമയമാണത്. "വൃക്ഷം എവിടേക്ക് ചാഞ്ഞുനില്‍ക്കുന്നുവോ അവിടേക്ക് അതിന്‍റെ വീഴ്ച" എന്ന ചൊല്ലുപോലെ ശിഷ്ടകാലത്തെ മുഴുവന്‍ നിര്‍ണ്ണയിക്കാന്‍ പോകുന്ന കാഴ്ചപ്പാടുകളുടെ രൂ പീകരണം നടത്തുന്നതും യൗവ്വനത്തില്‍ തന്നെ. മൈനോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ് പ്രോഗാം ഇംപ്ലിമെന്‍റേഷന്‍, ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണത്തില്‍ വിവിധ വര്‍ഷങ്ങളിലെ സെന്‍സസ് പ്രകാരം 15- നും 34-നും ഇടയ്ക്ക് പ്രായമുള്ളവര്‍ ലോകത്തിലെ മൊത്തം ജനസംഖ്യയുടെ 5-ല്‍ ഒരു ഭാഗത്തിനേക്കാള്‍ വരുമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതുപോലെ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ച യു.എന്‍. റിപ്പോര്‍ട്ടില്‍ ലോകത്തില്‍ ഏറ്റവും യുവജനങ്ങളുള്ള രാഷ്ട്രം ഇന്ത്യയാണെന്നും, അത് ഏകദേശം 356 ദശലക്ഷം വരുമെന്നും അനുമാനിക്കുന്നു. ഈ യുവശക്തിക്ക് നൂതന സമൂഹസൃഷ്ടിക്കായി വന്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും. മൈക്രോസോഫ്റ്റ് ഉപജ്ഞാതാവ് ബില്‍ഗേറ്റ്സിന്‍റെ വാക്കുകള്‍ ഓര്‍ക്കുകയാണ്. 'Youth are not usless, they are used less.'

വിപ്ലവ മുന്നേറ്റങ്ങള്‍ നടത്തുവാന്‍ ത്രാണിയുള്ള യുവജനതയ്ക്ക് ഈ കാലഘട്ടത്തില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ചെറുതൊന്നുമല്ല. സോഷ്യല്‍ സാറ്റിസ്റ്റിക്സ് ഡിവിഷന്‍, ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ലോകത്തില്‍ 10.6 ശതമാനം യുവാക്കള്‍ നിരക്ഷരും 42.6 ശതമാനം പേര്‍ തൊഴിലില്ലാത്തവരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും ആണെന്ന് രേഖപ്പെടുത്തുന്നു. അതിവേഗം ബഹുദൂരം പായുന്ന ഈ കാലഘട്ടത്തില്‍ തൊഴില്‍ രംഗത്ത് നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ക്കുപുറമെ മാറിക്കൊണ്ടിരിക്കുന്ന കുടുംബപശ്ചാത്തലവും സമൂഹസംസ്കാരവും യുവത്വത്തെ വല്ലാതെ ഗ്രസിച്ചിരിക്കുന്നു. മദ്യവും മയക്കുമരുന്നും യുവത്വമെന്ന പളുങ്കുപാത്രത്തെ ഇന്ന് എറിഞ്ഞുടക്കുകയാണ്.

ഇന്നത്തെ മാധ്യമസംസ്കാരം ഉദയംകൊടുത്ത സൈബര്‍ യാന്ത്രികത ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതയാണ്. ഈ യാന്ത്രികത നിയന്ത്രിക്കുന്ന യന്ത്രമനുഷ്യന്മാരിലൂടെ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് ജീവിതചര്യയാക്കി, പ്രതികരിക്കാന്‍ കാത്തുനില്‍ക്കാതെയും ചുറ്റുപാടുകളിലേക്ക് എത്തിനോക്കാതെയും സ്വയം തീര്‍ത്ത നാല് ചുമരുകളില്‍ ഒതുങ്ങിനിന്നുകൊണ്ട് മാധ്യമകണ്ണുകളിലൂടെ മാത്രം ലോകത്തെ നോക്കിക്കാണുന്ന ഒരു വിഭാഗം ഹൈടെക് യുവത്വം ഉത്ഭവിച്ചിരിക്കുകയാണ് ഇന്ന്. മാധ്യമങ്ങള്‍ക്ക് നഷ്ടപ്പെട്ട നിശാബോധം സമൂഹത്തില്‍ സൃഷ്ടിച്ച മൂല്യച്യുതിയും ശാരീരിക അന്ധതയുമെല്ലാം പ്രതികൂലമായിത്തന്നെ ഇന്നത്തെ യുവത്വത്തെ ബാധിച്ചിരിക്കുന്നു.

മൂല്യബോധം നഷ്ടപ്പെട്ട ഇന്നത്തെ സമൂഹത്തില്‍ കൊടിയുടെ നിറത്തിന്‍റെ പേരില്‍ വിഘടനവാദവും പലമതങ്ങളുടെയും ഇടുങ്ങിയ ചിന്താഗതികള്‍മൂലം തീവ്രവാദവും വര്‍ഗ്ഗീയകലാപവും ഉടലെടുത്തു. നേതൃത്വങ്ങളുടെ ഉത്തരവാദിത്വരഹിതമായ ഇടപെടലുകള്‍ മാറ്റിമറിയ്ക്കുന്നത് യുവജനതയെ ഒട്ടാകെയാണ്. വര്‍ദ്ധിച്ചുവരുന്ന സാത്താനികകേന്ദ്രങ്ങളും സെക്റ്റുകളും എല്ലാം ക്രൈസ്തവയുവതയെ വിശ്വാസത്തില്‍നിന്നും വ്യതിചലിപ്പിക്കുമെന്നു മാത്രമല്ല നിര്‍ജ്ജീവമായ ഒരു യുവജനതയുടെ ഉത്ഭവത്തിന് കാരണമായും മാറിക്കൊണ്ടിരിക്കുന്നു.

ഏതൊരു പ്രതിസന്ധിയിലും സംഘടിതവും വീരോചിതവുമായ മുന്നേറ്റങ്ങളിലൂടെ പോരാടിക്കൊണ്ട് അവയെ മറിക്കടക്കുവാന്‍ ക്രൈസ്തവയുവജനതയ്ക്ക് കഴിയുന്നത് വിശ്വാസത്തില്‍ അടിയുറച്ച സംഘടനാപ്രവര്‍ത്തനത്തിലൂടെയും മറ്റുമാണ്. യുവത്വത്തിന്‍റെ രൂപീകരണം വ്യക്തി-സംഘടന-സമൂഹതലങ്ങളിലൂടെയാണെന്ന് ഉള്‍ക്കൊണ്ട് യുവജനങ്ങളേ, നമുക്കുണരാം. അനുയായികളെ സമരമുന്നണിയില്‍ തള്ളിവിട്ടുകൊണ്ട് ഒളിത്താവളങ്ങളില്‍ അഭയം പ്രാപിച്ച് ആവേശം പകരുന്ന പ്രസ്ഥാവനകളിറക്കുന്നവര്‍ നേതാക്കാന്മാരാകുന്ന ഇക്കാലത്ത്; 'നിങ്ങള്‍ എന്‍റെ പിന്നാലെ വരിക' എന്നു പറഞ്ഞ വിപ്ലവകാരിയായ യുഗപുരുഷനാകട്ടെ നമ്മുടെ മാതൃക.

"തലനരക്കുവതല്ലെന്‍റെ വാര്‍ദ്ധക്യം
തലനരയ്ക്കാത്തതല്ലെന്‍റെ യൗവ്വനം
കൊടിയ ദുഷ്പ്രവൃത്തിക്കുമുമ്പില്‍
തലകുനിയ്ക്കാത്തതാണെന്‍റെ യൗവ്വനം"

നമുക്കു ചുറ്റുമുള്ള പച്ചപ്പുകള്‍ മരുപ്പച്ചകളാകുമ്പോള്‍ ഇടിഞ്ഞുനിരന്ന കുന്നിന്‍റെയും അളന്നുവിറ്റ പുഴയുടെയും തെരുവില്‍ കരിഞ്ഞ സ്വപ്നങ്ങളുടെയും കരഞ്ഞുതളര്‍ന്ന ബാല്യത്തിന്‍റെയും പടിയിറക്കപ്പെടുന്ന വാര്‍ദ്ധക്യത്തിന്‍റെയും അവസ്ഥ കാണുമ്പോള്‍, അലഞ്ഞുനടക്കുന്ന തെരുവുനായ്ക്കളുടെ ജീവനുപോലുമുള്ള വിലനല്‍കാതെ കുന്തമുനയില്‍ കൊരുക്കപ്പെടുന്ന പിറക്കാതെ പോയൊരുണ്ണികളെ കാണുമ്പോള്‍, തെരുവില്‍ വലിച്ചിഴയ്ക്കപ്പെടുന്ന സ്ത്രീത്വത്തെ അറിയുമ്പോള്‍ വേണമെങ്കില്‍ നമുക്ക് പ്രതിഷേധിക്കാം, കരയാം, ചിരിക്കാം, ഒന്നും ഉരിയാടാതെ മിണ്ടാതിരിക്കുകയും ആവാം. തോളോടുതോള്‍ചേര്‍ന്നു കൈകോര്‍ത്തൊരുമിച്ച് സമൂഹത്തിലേക്ക് ഇറങ്ങുമ്പോള്‍ വ്യത്യസ്തമാകണം നമ്മുടെ യൗവ്വനം. ആധുനികതയുടെ സ്വയം നിര്‍മ്മിത ഭിത്തികള്‍ ഭേദിച്ച് പ്രാര്‍ത്ഥനയുടെ ഗിരിശൃംഖങ്ങളെത്തുന്ന, അവഗണിക്കപ്പെടുന്ന ജനസമൂഹങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കുന്ന, ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന, യുവജനത തന്നെയാണ് ഇന്നിനാവശ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org