യുവജനം, വിശ്വാസം, വിളി സംബന്ധമായ വിവേചിച്ചറിയല്‍: ഒരുക്കരേഖയും പാപ്പായുടെ കത്തും

യുവജനം, വിശ്വാസം, വിളി സംബന്ധമായ വിവേചിച്ചറിയല്‍: ഒരുക്കരേഖയും പാപ്പായുടെ കത്തും

റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജനറല്‍, കെ.സി.ബി.സി. &
ഡയറക്ടര്‍, പി.ഒ.സി.

2018 ഒക്ടോബറില്‍ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ 15-ാം പൊതുസമ്മേളനത്തിനുവേണ്ടിയുള്ള ഒരുക്കരേഖയും പ്രസ്തുത രേഖയുടെ അവതരണവേളയില്‍ 13/1/2017-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങള്‍ക്കായി എഴുതിയ കത്തും പുതിയ ചില ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കുന്നു. "യുവജനം, വിശ്വാസം, വിളിസംബന്ധമായ വിവേചിച്ചറിയല്‍" എന്ന വിഷയത്തെക്കുറിച്ചുള്ള സിനഡിലൂടെ പുതിയൊരു സമീപനത്തിനും ഒരാത്മപരിശോധനയ്ക്കും സഭ തയ്യാറെടുക്കുകയാണ്. ജീവന്‍റെയും സ്നേഹത്തിന്‍റെയും പൂര്‍ണതയിലേക്കുള്ള വിളി തിരിച്ചറിയുന്നതിനും സ്വീകരിക്കുന്നതിനും യുവജനങ്ങളെ എങ്ങനെ നയിക്കാമെന്ന് ചിന്തിക്കാനും സുവിശേഷപ്രഘോഷണത്തിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ തിരിച്ചറിയാനും യുവജനത്തോടു തന്നെ ആരായുകയാണ് സിനഡിന്‍റെ ലക്ഷ്യമെന്ന് പാപ്പാ വ്യക്തമാക്കുന്നു. അബ്രാഹത്തെപ്പോലെ ദൈവവചനത്തെ പിന്‍ചെല്ലുന്നവരാകുവാനുള്ള യുവജനങ്ങളുടെ വിളിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് യുവജനങ്ങള്‍ക്കുള്ള കത്ത് ആരംഭിക്കുന്നത്. വ്യക്തികള്‍ വിവാഹം, പൗരോഹിത്യം, സമര്‍പ്പിത ജീവിതം, ഉദ്യോഗം, സാമൂഹിക-രാഷ്ട്രീയ സേവനം എന്നിവയിലൂടെ സന്തോഷത്തിന്‍റെ പൂര്‍ണതയിലേക്കുള്ള മാര്‍ഗം കണ്ടെത്തുകയാണ് വിളിസംബന്ധമായ വിവേചിച്ചറിയലിന്‍റെ ലക്ഷ്യമെന്ന് പാപ്പാ പറയുന്നു. യേശുവിനെ അനുഗമിച്ച യുവാവായ യോഹന്നാന്‍റെ ജീവിതം മാതൃകയായി ചൂ ണ്ടിക്കാണിക്കുന്നു.

ആധുനിക ലോകത്തിലെ യുവജനതയുടെ വിവരണമാണ് മൂന്ന് അധ്യായങ്ങളുള്ള ഒരുക്കരേഖയുടെ ആദ്യ അധ്യായത്തിലെ പ്രമേയം. വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകം സൃഷ്ടിക്കുന്ന സങ്കീര്‍ണതയ്ക്കും, അസ്ഥിരതയ്ക്കും, അനിശ്ചിതത്വത്തിനും, ചൂഷണത്തിനും, കുടിയേറ്റത്തിനും വിധേയരായ യുവതയുടെ ചിത്രം വിവരിക്കുന്നതോടൊപ്പം, ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അനന്തസാധ്യതകളാല്‍ മുദ്രിതമായ ആധുനിക യുവതയുടെ ദുഃഖവും ഏകാന്തതയും നിറഞ്ഞ ലോകത്തിന്‍റെ ചിത്രവും വ്യക്തമാക്കുന്നു. ആഗോളീകരണം സൃഷ്ടിക്കുന്ന ഏകരൂപം, കുടിയേറ്റം സൃഷ്ടിക്കുന്ന സാംസ്കാരിക വൈവിധ്യം, ദാരിദ്ര്യം, തിരസ്കരണം, അനാഥത്വം, അടിമത്ത്വം എന്നിവയ്ക്കു വിധേയരായ പുതിയ തലമുറയെ പ്രത്യേകം പരാമര്‍ശിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍, സഹാനുഭൂതി പ്രകടിപ്പിക്കാന്‍ കഴിയുന്നവരും, പിന്തുണയ്ക്കുന്നവരും, പരിധികള്‍ തിരിച്ചറിഞ്ഞു സഹായിക്കുന്നവരും, വിധിക്കുന്നുവെന്നു തോന്നിപ്പിക്കാത്തവരുമായ പരാമര്‍ശകേന്ദ്രങ്ങളായ വ്യക്തികളെ യുവജനം അന്വേഷിക്കുന്നുവെന്ന് ഒരുക്കരേഖ വ്യക്തമാക്കുന്നു.

പാശ്ചാത്യ സംസ്കാരത്തിന്‍റെ വ്യാപനവും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുത്തന്‍ധാരണകളും ശാശ്വതമായ പുതുമയുടെ സാധ്യതകളാണ് യുവജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുവയ്ക്കുന്നത്. വിലപ്പെട്ട അവസരങ്ങളും ആകര്‍ഷകമായ അപകടസാധ്യതകളും കെട്ടുപിണഞ്ഞു കിടക്കുമ്പോള്‍ തൊഴിലിന്‍റെ ലോകത്തെന്നതുപോലെ വ്യക്തിബന്ധങ്ങളിലും തിരഞ്ഞെടുപ്പുകള്‍ എപ്പോഴും മാറ്റപ്പെടാവുന്നവയാണെന്നു വരുന്നു. ഏറെ സങ്കീര്‍ണമെങ്കിലും ഈ അപകടസാധ്യത എറ്റെടുക്കാന്‍ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്യുന്നു. മാറ്റത്തിനു കീഴ്പ്പെടുന്നതിനുപകരം മാറ്റത്തിന്‍റെ കാര്യസ്ഥരും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നവരുമാകാന്‍ ഉദ്ബോധിപ്പിക്കുന്നു.

വിശ്വാസം, വിവേചിച്ചറിയല്‍, വിളി എന്നിവയെ പ്രതിപാദിക്കുന്ന രണ്ടാമധ്യായത്തിന്‍റെ ആമുഖത്തില്‍, ആരെയും ഒഴിവാക്കാതെ ഓരോ യുവാവിനെയും യുവതിയെയും കണ്ടുമുട്ടാനും അവരോടൊപ്പം സഞ്ചരിക്കാനും അവരെ ശ്രദ്ധിക്കാനുമുള്ള സഭയുടെ ആഗ്രഹം വ്യക്തമാക്കുന്നു. വിളി സംബന്ധമായ വിവേചിച്ചറിയലിന്‍റെ ഉറവിടം വിശ്വാസമാണ്. വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍, ദൈവത്തിന് ഓരോ വ്യക്തിയോടുമുള്ള അഗാധമായ സ്നേഹത്തിന്‍റെ പദ്ധതിയെപ്പറ്റി ഓരോ വ്യക്തിയും ക്രമേണ അവബോധമുള്ളവനാകും. വിശ്വസിക്കുക എന്നത് സര്‍വാത്മനാ പരിശുദ്ധാത്മാവിനെ ശ്രദ്ധിക്കലാണ്, വചനത്തോട് സംവദിക്കുകയെന്നതാണ്. അനിശ്ചിത സാഹചര്യങ്ങളിലും ആന്തരിക ശക്തികളുടെ സംഘര്‍ഷങ്ങളുടെ മുമ്പിലും തീരുമാനങ്ങളെടുക്കുകയും പ്രവൃത്തികളെ നയിക്കുകയും ചെയ്യുന്നിടത്താണ് വിവേചിച്ചറിയല്‍ പ്രക്രിയ ഉണ്ടാകുന്നത്. കര്‍ത്താവിനോട് സംവദിച്ച പരിശുദ്ധാത്മാവിന്‍റെ സ്വരം ശ്രവിച്ചുകൊണ്ടു തിരഞ്ഞെടുപ്പുകള്‍ നടത്തുന്ന പ്രക്രിയയാണിത്.

തിരഞ്ഞെടുപ്പ് വിളിയിലേക്കും ദൗത്യത്തിലേക്കുമുള്ള പാതയാണ്. ഓരോ വിളിയും, വൈമുഖ്യത്തോടെയോ ആവേശത്തോടെയോ ഏറ്റെടുക്കപ്പെടുന്ന ഒരു ദൗത്യത്തെ ലക്ഷ്യം വയ്ക്കുന്നതാണ്. ജീവിതത്തെ അപകടസാധ്യതയില്‍പ്പെടുത്താനും യേശുവിന്‍റെ കുരിശിന്‍റെ വഴിയേ അവിടത്തെ പിന്തുടരാനുമുള്ള സന്നദ്ധതയാണ് ദൗത്യം സ്വീകരിക്കുന്നു എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ആത്മദാനത്തിനുള്ള ഔദാര്യത്തിന് യുക്തിപരമായി ചേരുന്ന മനസ്സുണ്ടാവുക പ്രധാനമാണ്. വ്യക്തിപരമായ സഹഗമനത്തിന് പരിശുദ്ധാത്മാവിന്‍റെ സ്വരം ശ്രവിക്കാനുള്ള കഴിവിനെ സ്ഥിരം നവീകരിക്കേണ്ടതുണ്ട്.

അജപാലനപ്രവര്‍ത്തനം സംബന്ധിച്ച മൂന്നാം അധ്യായം, സുവിശേഷത്തിന്‍റെ സന്തോഷത്തിലേക്കുള്ള വിളി സ്വീകരിക്കാന്‍ സഭ എങ്ങനെ യുവജനത്തെ സഹായിക്കുന്നു, അജപാലനശുശ്രൂഷയുടെയും വിളിപരമായ വിവേചിച്ചറിയലിന്‍റെയും വെല്ലുവിളികളോട് എങ്ങനെ പ്രത്യുത്തരിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്നു. സഹഗമനശുശ്രൂഷയില്‍ ഏര്‍പ്പെടുന്നവര്‍ യുവജനം എവിടെയാണോ അവിടെ അവരെ കണ്ടുമുട്ടുകയും അവരുടെ സമയവും ജീവിതത്തിന്‍റെ ഗതിവേഗവും സ്വന്തമാക്കുകയും അവശ്യസന്ദര്‍ഭങ്ങളില്‍ ചട്ടക്കൂടിന് അപ്പുറത്തേക്കുപോകാന്‍ തയ്യാറാവുകയും വേണം. ഓരോ സമൂഹവും വ്യക്തിപരമായ രീതിയില്‍ യുവജനത്തോടു സംവദിക്കാനുള്ള സൃഷ്ടിപരമായ വഴികള്‍ കണ്ടെത്തുകയും അവരുടെ വ്യക്തിത്വവികാസത്തിനു പിന്തുണ നല്കുകയും വേണം. പുതുതായവയെ അനുവദിക്കുകയും ചട്ടക്കൂടില്‍ അവയെ ശ്വാസംമുട്ടിക്കാതിരിക്കുകയും വേണം. യുവജനത്തോടൊപ്പം സമയം ചെലവഴിക്കുകയും അവരെ കേള്‍ക്കുകയും അവരുടെ ആകുലതകള്‍ ശ്രദ്ധിക്കുകയും ജീവിതനവീനതയിലേക്ക് അവരെ തട്ടിയുണര്‍ത്തുകയും വേണം. യുവജനങ്ങള്‍ക്കായുള്ള അജപാലനപ്രോഗ്രോമുകളില്‍ യുവജനങ്ങളെ പങ്കാളികളും കാര്യകര്‍ത്താക്കളുമാക്കണം. ഉചിതമായ ഭാഷയും പ്രകാശനരീതികളും ആശയവിനിമയവും വേണം. വിദ്യാഭ്യാസത്തോടൊപ്പം അവര്‍ക്ക് കലയും കായികാവിഷ്കാരങ്ങളും അനുപേക്ഷണീയമാണ്. ഓരോ വ്യക്തിയും പ്രത്യേകം ശ്രദ്ധിക്കപ്പെടണം. വര്‍ധിച്ചുവരുന്ന ശബ്ദകോലാഹലങ്ങളുടെ മധ്യേ നിശ്ശബ്ദതയുടെയും ധ്യാനത്തിന്‍റെയും ശ്രേഷ്ഠത ആസ്വദിക്കാനുള്ള അവസരങ്ങള്‍ നല്കണം. അവര്‍ സ്വന്തം മനസ്സാക്ഷിയുടെ സ്വരം കേള്‍ക്കട്ടെ. സര്‍വോപരി, നസ്രത്തിലെ യുവതിയായ മറിയം അവര്‍ക്ക് മാതൃകയാകട്ടെ.

ചര്‍ച്ചയ്ക്കു പ്രേരിപ്പിക്കുകയാണ് ഈ പ്രാരംഭരേഖയുടെ ലക്ഷ്യം. ഈ രേഖയുടെ അവസാനഭാഗത്തു ചേര്‍ത്തിരിക്കുന്ന ചോദ്യങ്ങള്‍ അതിലേക്കു നയിക്കുമെന്നതില്‍ സംശയമില്ല. ആശയ രൂപീകരണത്തിനും സിനഡിലുള്ള കേരളസഭയുടെ സജ്ജീവ പങ്കാളിത്തത്തിനും ഈ രേഖയുടെ പഠനം സഹായകമാകും. ഒപ്പം, കേരളസഭയിലെ യുവജന പ്രേഷിതത്വത്തെ, ഇതിലെ ഉള്‍ക്കാഴ്ച്ചകള്‍ ചലനാത്മകവും ശക്തവുമാക്കുമെന്നു പ്രത്യാശിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org