യുവജനങ്ങളെ കേൾക്കുക സഭയ്ക്കാവശ്യം: ഫ്രാൻസിസ് മാർപാപ്പ

യുവജനങ്ങളെ കേൾക്കുക സഭയ്ക്കാവശ്യം: ഫ്രാൻസിസ് മാർപാപ്പ

യുവജനങ്ങളെ കേള്‍ക്കുക സഭയ്ക്കാവശ്യമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുവിനെ അനുകരിച്ചു തങ്ങള്‍ക്കു മടുത്തിട്ടില്ലെന്നും അതു ലോകമറിയേണ്ടതുണ്ടെന്നും യുവജനങ്ങള്‍. യുവജനങ്ങളുമൊത്തുള്ള ഒരു ജാഗരണപ്രാര്‍ത്ഥനയ്ക്കിടയിലാണ് പാപ്പയും യുവജനങ്ങളും തമ്മിലുള്ള ഈ സൗഹൃദസല്ലാപം.

സഭയെന്നാല്‍ വലിയ ബുദ്ധിമുട്ടുള്ള എന്തോ സംഗതിയാണെന്നു ധരിച്ചിരിക്കുന്ന ധാരാളം യുവജനങ്ങളുണ്ടെന്ന് പ്രാര്‍ത്ഥനയ്ക്കെത്തിയ പനാമയില്‍ നിന്നുള്ള യുവതിയായ നിക്കോള്‍ എസ്പിനോ ചൂണ്ടിക്കാട്ടി. സഭ, മുതിര്‍ന്നവര്‍ക്കും ഗൗരവക്കാര്‍ക്കുമുള്ള കാര്യമാണെന്നാണ് അവരുടെ വിചാരം. എന്നാല്‍ ഞങ്ങള്‍ പ്രധാനപ്പെട്ടവരാണെന്നും സഭയുടെ ഭാഗമാണെന്നും ബോദ്ധ്യപ്പെടുത്തി തരികയാണു മാര്‍പാപ്പ – നിക്കോള്‍ പറഞ്ഞു. അടുത്ത ആഗോള യുവജനദിനാഘോഷം 2019-ല്‍ പനാമയിലാണ് നടക്കുക. അതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് പനാമയില്‍ നിന്നുള്ള യുവജനങ്ങള്‍ മാര്‍പാപ്പയെ കാണാനെത്തിയത്.

യുവജനദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പനാമയില്‍ സഭാതലത്തിലും സര്‍ക്കാര്‍ തലത്തിലും നേരത്തെ ആരംഭിച്ചു കഴിഞ്ഞു. വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള ലക്ഷകണക്കിനു കത്തോലിക്കാ യുവജനങ്ങളെ അടുത്ത ജനുവരിയില്‍ പനാമ പ്രതീക്ഷിക്കുന്നുണ്ട്.

യുവജനദിനാഘോഷത്തിനു മുന്നോടിയായി റോമില്‍ നടക്കുന്ന ആഗോള മെത്രാന്‍ സിനഡ് ഈ യുവജനദിനാഘോഷത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. യുവജനം എന്നതാണു സിനഡിന്‍റേയും മുഖ്യപ്രമേയം. യുവജനങ്ങളെ കേന്ദ്രത്തില്‍ നിറുത്തിക്കൊണ്ടുള്ള ആഗോള സിനഡും ആഗോള ദിനാഘോഷവും അടുത്തു വരുന്ന സാഹര്യത്തില്‍ ലോകമെങ്ങും യുവജനപ്രേഷിതത്വത്തെ കുറിച്ചുള്ള ചിന്തകളും സജീവമാകുന്നുണ്ട്. "യുവജനങ്ങള്‍, വിശ്വാസം, ദൈവവിളി വിവേചനം" എന്നതാണ് സിനഡിന്‍റെ പ്രമേയം.

അമേരിക്കയിലെ ഫിലാദെല്‍ഫിയ അതിരൂപതാ ആര്‍ച്ചുബിഷപ് ചാള്‍സ് ചാപുട്ട് യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പംക്തി അതിരൂപതയുടെ മുഖപത്രത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ആര്‍ച്ചുബിഷപ് ചാപുട്ടിന്‍റെ വാക്കുകള്‍ പാശ്ചാത്യസഭ വളരെ വിലമതിക്കുന്നതും അമേരിക്കയിലും പുറത്തും വളരെ പ്രചാരം ലഭിക്കുന്നതുമാണ്.

രണ്ടു യുവാക്കളുടെ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഈ പംക്തി ആര്‍ച്ചുബിഷപ് ചാപുട്ട് ആരംഭിച്ചത്. ഒരാള്‍ നിയമബിരുദധാരിണിയും 26 കാരിയുമായ റെജിന ലൂസിസൈനും മറ്റൊരാള്‍ 29 കാരനും അടുത്ത മാസങ്ങളില്‍ തിരുപ്പട്ടം കിട്ടാനിരിക്കുന്ന ബ്രദര്‍ ബ്രയന്‍ കേണ്‍സുമാണ്. യുവജനങ്ങള്‍ക്കു വിശ്വസ്തരായ വഴികാട്ടികള്‍ ഉണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് റെജിന വിരല്‍ ചൂണ്ടുന്നത്. ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞതാണു ലോകമെന്നും തകര്‍ച്ചകള്‍ അനുഭവിച്ച ഭൂതകാലത്തിന്‍റെ മുറിവുകള്‍ പേറുന്നവരാണ് അനേകരെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് മുന്നോട്ടുള്ള പാതയില്‍ വഴി തെറ്റാതെ ചരിക്കുന്നതിനു ചില വഴികാട്ടികള്‍ നമുക്കുള്ളതു നല്ലതാണ്.

അന്ധകാരപൂര്‍ണമായ ലോകത്തില്‍ ക്രിസ്തുവിനെ കണ്ടെത്തുക എല്ലായ്പോഴും എളുപ്പമല്ലെന്ന് റെജിന അഭിപ്രായപ്പെടുന്നു. വഴികാട്ടികളുടെ പ്രാധാന്യമാണ് ഇതു വ്യക്തമാക്കുന്നത്. ആദ്ധ്യാത്മിക വഴികാട്ടികളെ യുവജനങ്ങള്‍ക്കു നല്‍കാന്‍ സഭ തയ്യാറാകേണ്ടതുണ്ട്. വ്യക്തിപരമായ ജീവിതവിശുദ്ധി പോലുള്ള ചോദ്യങ്ങള്‍ യുവജനങ്ങള്‍ സദാ നേരിടുന്നതാണ്. ഈ ഘട്ടങ്ങളിലെല്ലാം അനുയോജ്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ വ്യക്തിപരമായ വഴികാട്ടികള്‍ ഉണ്ടായിരിക്കുക ആവശ്യമാണ്. ക്രിസ്തു മൂന്നു വര്‍ഷം കൊണ്ടാണ് തന്‍റെ ശിഷ്യരെ രൂപപ്പെടുത്തിയെടുത്തത്. അതുപോലെ യുവജനങ്ങള്‍ക്കും രൂപകര്‍ത്താക്കള്‍ വേണം. വൈദികരോ സന്യസ്തരോ അല്മായരോ ആകാമിത്. ക്രിസ്തു ശിഷ്യരെ പരിശീലിപ്പിച്ചുകൊണ്ട് അനുധാവനം ചെയ്തതു പോലെ സഭ യുവജനങ്ങളെ അനുധാവനം ചെയ്യണം. അവരെ ശക്തിപ്പെടുത്തുകയും സ്നേഹിക്കുകയും പഠിപ്പിക്കുകയും വേണം – റെജിന ആവശ്യപ്പെടുന്നു.

നിശബ്ദതയുടെ മൂല്യമറിയുന്ന അവസ്ഥയിലേക്ക് സഭയെ നയിക്കുവാന്‍ ശക്തരായ സാക്ഷികളെ സഭയ്ക്കാവശ്യമുണ്ടെന്ന് പട്ടമേല്‍ക്കാന്‍ പോകുന്ന സെമിനാരി വിദ്യാര്‍ത്ഥിയായ കേണ്‍സ് വ്യക്തമാക്കി. ലോകം ശബ്ദബഹളങ്ങളില്‍ മുങ്ങിപ്പോയിരിക്കുകയാണ്. യുവജനങ്ങള്‍ വിശേഷിച്ചും. നമ്മുടെ അസ്വസ്ഥതകള്‍ക്കുള്ള ഒരു മറുമരുന്നായാണ് ശബ്ദങ്ങളെ നാം കാണുന്നത്. പക്ഷേ, അപ്പോള്‍ യഥാര്‍ത്ഥത്തില്‍ നമുക്കാവശ്യമുള്ളതാകട്ടെ വിശ്രമമാണ്.

ജീവിതത്തില്‍ നിശബ്ദതയുണ്ടാക്കാന്‍ വേണ്ടിയാണു യുവജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതെന്ന് ബ്രദര്‍ കേണ്‍സ് പറയുന്നു. യുവജനങ്ങള്‍ക്ക് സാക്ഷികളെയും ആവശ്യമുണ്ട്. അതായത്, ജീവിത മാതൃകകള്‍. യേശുക്രിസ്തു ശാന്തമായ അഗ്നിയുമായി നമ്മുടെ ഹൃദയങ്ങളിലും നമുക്കിടയിലും വസിക്കുന്നുവെന്ന് സ്വന്തം പ്രവൃത്തികള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും ബോദ്ധ്യപ്പെടുത്താന്‍ കഴിയുന്ന മാതൃകാവ്യക്തിത്വങ്ങള്‍ ഇന്നു സഭയിലുണ്ടാകേണ്ടതുണ്ട് – കേണ്‍സ് പറഞ്ഞു.

യുവജനങ്ങളെ പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംവാദങ്ങളും വിചിന്തനങ്ങളും സഭയില്‍ ഈ ദിനങ്ങളില്‍ ശക്തി പ്രാപിക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org