യുവത്വം യേശുവിൽ പ്രോജ്ജ്വലിക്കട്ടെ!

യുവത്വം യേശുവിൽ പ്രോജ്ജ്വലിക്കട്ടെ!

ടോംസ് ആന്‍റണി

ജീവിതത്തിന്‍റെ വസന്തകാലഘട്ടമാണ് യുവത്വം. ആരോഗ്യവും സൗന്ദര്യവും കര്‍മ്മകുശലതയും സമ്മേളിക്കുന്ന അതുല്യമായ കാലഘട്ടം. യുവത്വം ദൈവം കനിഞ്ഞരുളുന്ന നിധിയാണ്. അതീവഗൗരവത്തോടും പ്രാധാന്യത്തോടും കൂടി വേണം ഈ കാലഘട്ടത്തെ സമീപിക്കുവാനും, ആശ്ലേഷിക്കുവാനും.
യുവത്വം വെറുതെ ആഘോഷിച്ച് തിമിര്‍ത്ത് ജീവിക്കേണ്ട ഒരു കാലഘട്ടമല്ല; കാലഘട്ടത്തിന്‍റെ തിന്മകളിലേയ്ക്ക് ചാടിക്കടന്ന് അതില്‍ ആനന്ദിച്ചുതീര്‍ക്കേണ്ട കാലഘട്ടവുമല്ല. യുവത്വം നന്നായി ആഘോഷിക്കുന്നതിനുള്ള വലിയ സാധ്യതകള്‍ നമുക്കു മുമ്പിലുണ്ട്. പക്ഷെ നല്ല സാധ്യതകളെ ഇന്നത്തെ പല യുവജനങ്ങളും കണ്ടില്ലെന്നു നടിക്കുന്നു എന്നത് ഖേദകരമാണ്.
യുവത്വം യേശുവിന്
അനുകരണവാഞ്ഛ യുവത്വത്തിന്‍റെ സവിശേഷതയാണ്. ഇഷ്ടപ്പെട്ട താരങ്ങള്‍ എന്തുകോമാളിത്തരം കാണിച്ചാലും യുവജനങ്ങള്‍ അതിനെ അന്ധമായി അനുകരിക്കാറുണ്ട്. ഇന്ന് കലാ-സാഹിത്യ, കായിക-രാഷ്ട്രീയ രംഗങ്ങളിലെല്ലാം യുവജനതയെ ആകര്‍ഷിക്കുന്ന താരങ്ങള്‍ ഉണ്ട്.
ഈ താരങ്ങളുടെ നന്മകളോടൊപ്പം ഇവരിലെ വ്യക്തിത്വവൈകല്യങ്ങളും യുവജനങ്ങളിലേയ്ക്ക് ചേക്കേറും. അന്ധമായ അനുകരണം ആത്യന്തികമായി ആപത്തിലേയ്ക്ക് നയിക്കും.
ഡോ. സുകുമാര്‍ അഴീക്കോട് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: "നിങ്ങള്‍ സ്റ്റാറുകളെ അകലെ നിന്നു കണ്ടുമാത്രം സൗന്ദര്യം ആസ്വദിക്കുക. അടുത്തു ചെന്നാലോ പൊള്ളും" അടുത്തുചെന്നാല്‍ പൊള്ളുന്ന സ്റ്റാറുകളാണ് നമുക്കുചുറ്റും.
എന്നാല്‍ യുവത്വത്തിന്‍റെ നിറവില്‍ അജയ്യനായി ജീവിച്ച് അപരോന്മുഖതയുടെ മൂര്‍ത്താവതാരമായി മാറിയ യേശു എല്ലാ താരങ്ങള്‍ക്കും അപ്പുറമാണ്. താരങ്ങളുടെ താരമല്ല, അവിടുന്ന് എല്ലാറ്റിനും അതീതനായ അതുല്യമായ താരം.
യുവജനങ്ങള്‍ അനുകരിക്കേണ്ടത് യേശുവെന്ന അനന്യനായ താരത്തെത്തന്നെയാണ്. വിലമതിക്കാനാവാത്ത ആ താരത്തെ അനുധാവനം ചെയ്യുന്നതില്‍ അഭിമാനിക്കുകയാണ് വേണ്ടത്.
നിത്യജീവന്‍ പ്രാപിക്കുവാന്‍ എന്തുചെയ്യണം? എന്ന് ചോദിച്ചു കൊണ്ട് തന്നെ സമീപിച്ച ഒരു യുവാവിനെ യേശു സ്നേഹപൂര്‍വം നോക്കി എന്ന് മര്‍ക്കോസ് സുവിശേഷകന്‍ എടുത്തു പറയുന്നുണ്ട് (മര്‍ക്കോസ് 10:21). യേശു എല്ലാവരേയും സ്നേപൂര്‍വമായിരിക്കാം നോക്കിയിരുന്നത്.
എങ്കിലും യേശു സ്നേഹപൂര്‍വം ഒരാളെ നോക്കി എന്ന് സുവിശേഷങ്ങളില്‍ എടുത്തു പറയുന്നത് ഈ യുവാവിനെ മാത്രമാണ്. യുവത്വത്തോടും യുവജനങ്ങളോടും യേശുവിന്‍റെ പ്രത്യേക ആഭിമുഖ്യമാണ് ഇവിടെ പ്രതിഫലിക്കുന്നത്. സ്നേഹപൂര്‍വം നോക്കിയത് അയാളുടെ മുമ്പില്‍ ഒരു വെല്ലുവിളി എടുത്തുവച്ചു കൊണ്ടാണ്; അത് മറ്റൊന്നുമല്ല, ശിഷ്യത്വം സ്വീകരിക്കാനുള്ള ഒരു വെല്ലുവിളി. യുവജനങ്ങള്‍ ആത്യന്തികമായി ക്രിസ്തുശിഷ്യരാകുകയാണ് വേണ്ടത്.
യുവത്വം സമൂഹസൃഷ്ടിക്ക്
സമൂഹത്തിലെ അനീതിക്കും, അക്രമത്തിനും, അധര്‍മ്മത്തിനുമെതിരെ ധീരമായി പടപൊരുതുവാന്‍ യുവത്വത്തിനേ കഴിയൂ. "പിഴുതെറിയുവാനും, നട്ടുവളര്‍ത്തുവാനും, തകിടം മറിക്കുവാനും, പണിതുയര്‍ത്തുവാനും വേണ്ടി അയയ്ക്കപ്പെട്ട കാലഘട്ടത്തിന്‍റെ പ്രവാചകരാണ് യുവജനങ്ങള്‍.
അപരോന്മുഖതയുടെയും പരസ്നേഹത്തിന്‍റെയും പൂര്‍ണ്ണത വിളങ്ങി നില്‍ക്കുന്നത് യേശുവെന്ന യുവാവിലാണ്. യുവത്വമെന്നാല്‍ മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള ത്യാഗോദാരമായ ജീവിതമാണെന്ന് ക്രിസ്തു പഠിപ്പിക്കുന്നു.
ക്രിസ്തുവിന്‍റെ മനോഭാവവും, അപരോന്മുഖതയുമാണ് യുവത്വം കടംകൊള്ളേണ്ടത്. സമൂഹത്തോട് സമരസപ്പെടാനല്ല, സമൂഹത്തില്‍ നിന്നും വേറിട്ടു നില്‍ക്കാനുമല്ല യേശു പഠിപ്പിക്കുന്നത്. മറിച്ച് സമൂഹത്തിന്‍റെ ഭാഗമായി നിലനിന്ന് സമത്വസുന്ദരമായ ദൈവരാജ്യം ഈ ഭൂമിയില്‍ കരുപ്പിടിപ്പിക്കാനുള്ള ദൗത്യമാണ് യുവജനങ്ങള്‍ കരഗതമാക്കേണ്ടത്. സമൂഹത്തിലെ എല്ലാ രംഗങ്ങളിലും യുവജനങ്ങള്‍ കടന്നുവന്ന് ആ രംഗങ്ങളെ സംശുദ്ധമാക്കണം. കലാ സാംസ്ക്കാരിക-സാഹിത്യ-രാഷ്ട്രീയ രംഗങ്ങളിലെല്ലാം യുവജനങ്ങള്‍ കടന്നു ചെല്ലണം. എല്ലാ രംഗങ്ങളിലും ക്രിസ്തീയമൂല്യങ്ങള്‍ പ്രചരിപ്പിക്കണം.
സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് ജീവകാരുണ്യമേഖലയിലും യുവത്വം അതിന്‍റെ ചൈതന്യം വിതറണം. മദ്യം, മയക്കു മരുന്ന്, അശ്ലീലത, ലൈംഗിക അരാജകത്വം, അഴിമതി, നവമാധ്യമങ്ങള്‍ വിതറുന്ന മൂല്യച്യുതി, അസമത്വം, അക്രമരാഷ്ട്രീയം, വിഭാഗീയത തുടങ്ങിയവയ്ക്കെതിരെ ധാര്‍മ്മികതയുടെ ചാട്ടവാറേന്തുവാന്‍ യുവജനങ്ങള്‍ക്കു കഴിയണം.
നിസംഗത
നിസംഗതയാണ് ഇന്നത്തെ യുവത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒന്നിനോടും പ്രതിബദ്ധതയില്ലാത്ത യുവജനങ്ങള്‍ ഇന്ന് വര്‍ദ്ധിച്ചുവരുന്നു. സാമൂഹിക പ്രശ്നങ്ങള്‍ കണ്ടില്ലായെന്ന് നടിക്കാനാണ് പല യുവജനങ്ങളുടെയും താല്പര്യം. ആവശ്യമില്ലാത്ത പല കാര്യങ്ങളിലേക്കും യുവത്വം വലിച്ചിഴയ്ക്കപ്പെടുന്നു. രാഷ്ട്രീയമായ ചില ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ചട്ടുകമായി യുവജനങ്ങളെ ചില ഛിദ്ര ശക്തികള്‍ മാറ്റിയെടുക്കുന്നു. പണം സമ്പാദിക്കുന്നതിനും, സുഖലോലുപതയ്ക്കും വേണ്ടി എവിടെയും ചെന്നു ചേക്കേറാനുള്ള ഇന്നത്തെ യുവത്വത്തിന്‍റെ അടങ്ങാത്ത അഭിവാഞ്ഛയും ആപത്കരമാണ്.
ആത്യന്തികമായി യുവത്വം നന്മയുള്ളതാണ്. അവരിലെ നന്മയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്നത്തെ മുതിര്‍ന്ന തലമുറ പരാജയപ്പെടുന്നു. അസ്തിത്വപ്രതിസന്ധിയും യുവത്വം നേരിടുന്ന ഒരു വെല്ലുവിളിതന്നെയാണ്. കുടുംബത്തിലും സഭയിലും സമൂഹത്തിലും വ്യക്തമായ ഒരു സ്ഥാനം യുവജനങ്ങള്‍ക്ക് നല്‍കിയേ തീരൂ! യുവജന പരിശീലകര്‍ അവരെ കുറ്റം വിധിക്കുന്നവരാകരുത്. നാലുപാടു നിന്നും വിമര്‍ശനങ്ങളേറ്റ് യുവത്വം തളര്‍ന്നു വീഴുമ്പോള്‍, നിരുപാധിക സ്നേഹം പങ്കുവെച്ചുകൊടുക്കുന്ന പ്രചോദകരാകണം യഥാര്‍ത്ഥ യുവജനപരിശീലകര്‍.
ക്രിസ്തുവിനെ യുവജനങ്ങള്‍ സ്വായത്തമാക്കട്ടെ. അവിടുത്തെപ്പോലെ എല്ലാവര്‍ക്കും എല്ലാമായി യുവത്വം എരിയട്ടെ. അവിടുത്തെ കരുണയുടെയും നന്മയുടെയും മനോഭാവം യുവജനങ്ങള്‍ ഉള്ളില്‍ പേറട്ടെ. നോമ്പാചരണം വിശുദ്ധിയിലേയ്ക്കുള്ള ഒരു തിരിച്ചുപോക്കാവട്ടെ. നവമാധ്യമങ്ങളെ നന്മയ്ക്കായി ഉപയോഗിക്കാനുള്ള പ്രേരണ ഈ നോമ്പുകാലം നമ്മില്‍ വര്‍ഷിക്കട്ടെ. അങ്ങനെയെങ്കില്‍ ക്രിസ്തു പ്രോജ്ജ്വലിക്കുന്ന ഒരു യുവത്വം എല്ലാ യുവജനങ്ങള്‍ക്കും സ്വന്തമാക്കാം.
tomsantony@yahoo.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org