യുവത്വത്തിന്‍റെ ധര്‍മ്മസങ്കടം

യുവത്വത്തിന്‍റെ ധര്‍മ്മസങ്കടം

സുനിഷ നടവയല്‍

യുവത്വം എന്നാല്‍ ഇന്ന് ഒരാഘോഷമാണ്. ഒഴുക്കിനൊത്തു നീന്തിക്കൊണ്ടിരുന്ന പലരും ഒഴുക്കിനെതിരെ നീന്തുവാനും ഗതിമാറിയൊഴുകിക്കൂടെയെന്നും ചിന്തിക്കുന്ന ഒരു വല്ലാത്ത പ്രായം, സമയം. അതുപോലെതന്നെ ജീവിതം ഒരു ആഘോഷമാണെന്നു തിരിച്ചറിയുകയും പുതിയത് പലതും അറിയുവാനും ചിന്തിക്കുവാനും അതു വഴി ആ ആഘോഷത്തിമിര്‍പ്പില്‍ പങ്കാളിയാകുവാനുമുള്ള അതിയായ ആഗ്രഹം പ്രകടിപ്പിക്കുന്ന കാലഘട്ടം. ഇന്നത്തെ ലോകത്തിന്‍റെ അവസ്ഥവെച്ചു നോക്കുമ്പോള്‍ ഭയപ്പാടോടെ നോക്കിക്കാണേണ്ടുന്ന ഒരു പ്രായം – യൗവ്വനം. ശൈശവവും കൗമാരവും മാതാപിതാക്കളുടെ തണലില്‍ കഴിഞ്ഞുപോകുന്നെങ്കിലും ജീവിതത്തിലെ പ്രധാന വഴിത്തിരിവുകള്‍ സംഭവിക്കുന്ന കാലഘട്ടമെന്നു പറയുന്നത് ഇതാണ്. ഈ സമയത്തെ തീരുമാനമനുസരിച്ചിരിക്കും ജീവിതത്തിന്‍റെ ഗതിവിഗതികള്‍. അതുപോലെത ന്നെ സമൂഹത്തിന്‍റെ സുസ്ഥിരതയും സംസ്കാരവും അരക്കിട്ടുറപ്പിക്കുന്നതില്‍ ഓരോ യുവജനങ്ങളുടെയും തീരുമാനങ്ങളെ അടിസ്ഥാനപ്പെടുത്തിത്തന്നെയാണ്.

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം യുവത്വം എന്നത് വിശ്വാസജീവിതത്തിലും ഭൗതിക ജീവിതത്തിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടമാണ്. കൗമാരം വരെ അറിഞ്ഞും അറിയാതെയും ഉരുത്തിരിയുകയും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത വിശ്വാസജീവിതത്തിന്‍റെയും ദൈവികബോധത്തിന്‍റെയും ആകെത്തുകയെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട കാലഘട്ടം; അല്ലെങ്കില്‍ അന്നുവരെ പഠിച്ച അല്ലെങ്കില്‍ അറിഞ്ഞ അനുഭവിച്ച കാര്യങ്ങളുടെ പ്രായോഗിക വശങ്ങളിലേക്കുള്ള കാല്‍വെയ്പ്പ് എന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ടുതന്നെ ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ജീവിതത്തോടുള്ള പ്രതിബദ്ധതകള്‍ ആരംഭിക്കേണ്ട ഒരു കാലഘട്ടത്തില്‍ ഓരോ യുവാവും യുവതിയും എത്തിനില്‍ക്കുമ്പോള്‍ അവരുടെ ഉള്ളിലെ എസോടെറിസിസം അതായത് ഉള്ളില്‍ കുടി കൊള്ളുന്ന ദൈവാംശത്തെ മറ്റുള്ളവരിലേക്കെത്തിക്കുന്നതില്‍ എത്രമാത്രം കഴിയുന്നു എന്ന് ചിന്തിക്കുന്നതോടൊപ്പംതന്നെ ലോകത്തിന്‍റെ മാറ്റത്തിനനുസരിച്ചു അവരുടെ ചിന്താധാരകള്‍, സമൂഹത്തോടും സഭയോടുമുള്ള കാഴ്ചപ്പാടുകളും അവര്‍ക്കു ചോദിക്കുവാനുമുള്ള ചോദ്യങ്ങളുമെല്ലാം പ്രത്യേക പഠന വിഷയമാക്കേണ്ടതുണ്ട്. കാരണം കത്തോലിക്കാ തിരുസഭയിലെ സത്യങ്ങളെല്ലാം ദൃഢമായി വിശ്വസിക്കുകയും അത് നിവര്‍ത്തിക്കുവാനും പാലിക്കപ്പെടുവാനും ആഗ്രഹിക്കുന്ന എല്ലാ ക്രിസ്ത്യാനികള്‍ക്കും നേരിടേണ്ടി വരുന്ന ഒരുതരം dilemma അഥവാ ധര്‍മ്മസങ്കടം നാം കാണുന്നുണ്ട് അല്ലെങ്കില്‍ അനുഭവിക്കുന്നുണ്ട്. ദൈവ നിവേശിതമെന്നു പൂര്‍ണ്ണമായി വിശ്വസിച്ചു നാമറിയുന്ന നമ്മുടെ വിശുദ്ധ ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ സഭയില്‍ ആചരിക്കപ്പെടുന്ന എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു വ്യക്തിക്ക് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും അത്ര നല്ലതെന്നു തോന്നില്ല. കാരണം ലോകത്തിന്‍റെ കാഴ്ചപ്പാടിലേക്ക് അല്ലെങ്കില്‍ മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ളൊരു 'വളവ്' നാം എവിടെയും കാണുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ തലമുറ യുവത്വം വഴി തെറ്റിപോകുന്നു എന്ന് മുദ്രകുത്തുന്നതിനു മുന്‍പ് എന്തുകൊണ്ട് അങ്ങനെയായി എന്ന് ഒരുവേള ചിന്തിക്കുന്നത് നന്നായിരിക്കും. മാറുന്ന ജീവിതസാഹചര്യങ്ങളില്‍ വിശ്വാസ രൂപീകരണത്തില്‍ 'ഗാര്‍ഹിക സഭ'യ്ക്കുള്ള പ്രാധാന്യം തീരെ ചെറുതല്ല. എങ്കിലും തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന വിശ്വാസജീവിതം ഇന്നത്തെ യുവത്വത്തിന്‍റെ അടുക്കലെത്തിയപ്പോളേക്കും കൈമോശം വന്നുപോയോ അതോ വിശ്വാസം മുറുകെ പിടിക്കാതെ ഭൗതികമായ പലതിനോടുമുള്ള ആസക്തി ഇതിന്‍റെയെല്ലാം മുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടോയെന്നു ഒന്ന് ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. നമുക്ക് ലഭിച്ച വിശ്വാസത്തിന്‍റെ ആഴം മാറ്റു കുറയാതെ നമ്മുടെ മക്കളിലേക്കെത്തുന്നുണ്ടോയെന്നു മാതാപിതാക്കള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. അതുകൂ ടാതെ കുടുംബം എന്ന മൂല്യബോധമുള്ള കെട്ടുറപ്പിന്‍റെ മാത്രം ഉത്തരവാദിത്വമല്ല ഈ വിശ്വാസ പ്രഘോഷണമെന്നു പറയുന്നത്. സഭ പഠിപ്പിക്കുന്ന പ്രമാണങ്ങള്‍ നിലപാടുകള്‍ കാലത്തിനനുസരിച്ചു ഒന്നു കൂടി പുതുക്കപ്പെടേണ്ടതിനെക്കുറിച്ചോ അല്ലെങ്കില്‍ ഒരു മടങ്ങിപ്പോക്കിലെക്കുള്ള സാധ്യതയെക്കുറിച്ചോ ചര്‍ച്ച ചെയ്യപ്പെടാന്‍ സമയമായിരിക്കുന്നു. കാരണം ആദിമ കാലത്തു ക്രിസ്തുവിന്‍റെ ശരീരമായ സഭ വിശ്വാസികള്‍ക്ക് നല്കിപ്പോന്നിരുന്ന വിശുദ്ധിയും നന്മയുമെല്ലാം ഇന്നും അന്യം നിന്നുപോകാതെ ക്രൂശിതന്‍റെ ഉയിര്‍പ്പിലുള്ള ഉറപ്പുപോലെ ഇന്നും നിലനിര്‍ത്തുന്നുണ്ടോ എന്ന വിചിന്തനം അത്യാവശ്യമാണ്. ചിന്താശേഷിയും കാര്യങ്ങള്‍ അപഗ്രഥിക്കാനുമുള്ള ഇന്നിന്‍റെ കഴിവും എന്തിനെയും ചോദ്യം ചെയ്യുവാനുമുള്ള തന്‍റേടവും ആത്മവിശ്വാസവുമുള്ളതുകൊണ്ടു തന്നെ പല തിന്മകളും നടന്നുകൊണ്ടിരിക്കുന്ന ലോകത്തില്‍ തങ്ങളുടെ വിശ്വാസത്തെയും മതത്തെയും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിവി ശേഷം വന്നുചേരുമ്പോള്‍ തീര്‍ച്ചയായും അവര്‍ക്കുണ്ടാകുന്ന ആ ഉത്ക്കണ്ഠയ്ക്ക് ഉത്തരം നല്‍കുവാന്‍ പ്രതിബദ്ധതയുണ്ട്. അതിനു നമുക്ക് സാധിക്കുന്നില്ലെങ്കില്‍ 'കേപ്പാ'യില്‍ പണിയപ്പെട്ട ഭവനത്തിന് പഴക്കം ചെല്ലുംതോറും എന്തൊക്കെയോ ലോകത്തിന്‍റേതായ അധിനിവേശങ്ങള്‍ ആരംഭിച്ചിരിക്കുന്നു എന്നുവേണം കരുതുവാന്‍.

യുവത്വത്തിന് ഇന്ന് ചോദിക്കാനുണ്ടാകുന്ന ഏറ്റവും പ്രഥമമായ ചോദ്യമെന്നു പറയുന്നത് വിശ്വാസജീവിതവും ഭൗതികജീവിതവും ഒരു കുടക്കീഴില്‍ കൊണ്ടുപോകുന്നതിന് നേരിടുന്ന വെല്ലുവിളികളെ ചെറുക്കുവാന്‍ സഭയ്ക്ക് എങ്ങനെ ഞങ്ങളെ സഹായിക്കാന്‍ സാധിക്കും എന്നതായിരിക്കും. സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍ ഇടുങ്ങിയതും ഞെരുക്കമുള്ളതുമാണ്; അതു കൊണ്ടുതന്നെ അതില്‍ പ്രവേശിക്കുവാന്‍ പ്രയാസമാണെന്ന് വി. ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. ആയതിനാല്‍ യൗവ്വനത്തെ ഏറ്റവും നിര്‍ണായകമായ ഒരു പ്രായമായി കണ്ട് ഈ വിഭാഗത്തെ സഭയുടെ നെടുംതൂണായി മാറ്റപ്പെടുകയാണ് വേണ്ടത്. കാരണം വരും തലമുറയുടെ വിശ്വാസജീവിതത്തിന്‍റെയും അതിലുപരി ക്രൈസ്തവ സഭയുടെ അന്തഃസത്ത ചോര്‍ന്നു പോകാതെയുള്ള ഭാവിനിര്‍ണ്ണയ പ്രക്രിയയില്‍ ജീവല്‍പ്രധാനമായ പങ്കുവഹിക്കുന്ന ഈ വിഭാഗത്തിന് അല്പംകൂടി പ്രാധാന്യം കൊടുക്കുന്നതില്‍ തെറ്റില്ല. വെളിപാടിന്‍റെ പുസ്തകത്തില്‍ പറയുന്നു: 'ജീവന്‍റെ വൃക്ഷത്തിന്‍റെമേല്‍ അവകാശം ലഭിക്കുവാനും കവാടങ്ങളിലൂടെ നഗരത്തിലേക്ക് പ്രവേശിക്കുവാനും തങ്ങളുടെ അങ്കികള്‍ കഴുകി ശുദ്ധിയാക്കുന്നവര്‍ ഭാഗ്യവാന്മാര്‍' (22:14) സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുവാനുതകുംവിധം ജീവിക്കുകയാണെന്നു വേണ്ടതെന്നു പഠിപ്പിക്കുന്ന സഭയില്‍ അതിനായി ജീവിക്കേണ്ടുന്നത് അവസാന നാളുകളിലെന്നല്ല ജീവിതകാലം മുഴുവനിലുമാണ്. അതുകൊണ്ടുതന്നെ വസ്ത്രങ്ങള്‍ കഴുകി ശുദ്ധിയാക്കുന്നവര്‍ രക്ഷപ്പെടുമെന്ന് പറയുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഈ ജീവിതത്തിനിടയില്‍ സംഭവിക്കുവാന്‍ പോകുന്നത് എപ്പോളും വെണ്മയുള്ളത് ആയിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഏതു നിമിഷവും ആഗതമായിക്കൊണ്ടിരിക്കുന്ന ആ വരവിനുവേണ്ടി സദാ ഒരുങ്ങിക്കൊണ്ടിരിക്കേണ്ടതുണ്ട്. അതിനായുള്ള വിത്തുപാകല്‍ തീര്‍ച്ചയായും നടത്തപ്പെടേണ്ടത് യുവജനങ്ങള്‍ക്കിടയില്‍ തന്നെയാണ്; പങ്കു ചേര്‍ക്കപ്പെടുകയും പങ്കാളികളാക്കുകയും ചെയ്യപ്പെടേണ്ടവര്‍ അവര്‍ തന്നെയാണ്. ഇന്നിന്‍റെ വാഹകരും നാളെയുടെ വാഗ്ദാനങ്ങളും സഭയുടെ ജീവിക്കുന്ന പ്രേഷിതരും നട്ടെല്ലുമായ യുവജനങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം കൊടുത്തില്ലെങ്കില്‍ ചരിത്രത്തിലെ പല തെറ്റുകളും ഇനിയും അവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ആയതിനാല്‍ തന്നെ സഭയോട് ഏറ്റവുമധികം ചേര്‍ത്തുനിര്‍ത്തപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതും യുവജനങ്ങളാണ്. ഉപദേശങ്ങളെക്കാളും നിര്‍ദ്ദേശങ്ങളെക്കാളും യുവത്വത്തിനിഷ്ടം ചേര്‍ത്തുനിര്‍ത്തലും പരിഗണനയും കരുതലിന്‍റെ സ്നേഹവുമാണ് അതു കൊണ്ടുതന്നെ അവരുടെ ഹൃദയങ്ങളെ നേടിയെടുക്കുവാനും ജീവിത സാക്ഷ്യങ്ങളാക്കുവാനും തങ്ങള്‍ വിലപ്പെട്ടവരാണെന്നുള്ള ബോധ്യം അവരില്‍ വന്നുകഴിയുമ്പോള്‍ ഏതു വലിയ പ്രതിസന്ധി വന്നാലും തളരാതെ പതറാതെ തങ്ങളുടെ വിശ്വാസത്തിന്‍റെ ശുഭ്രവസ്ത്രത്തില്‍ കറപുരളാത്ത കൈകളാല്‍ മുറുകെ പിടിക്കുകയും ഭൗതികജീവിതത്തില്‍ ക്രൈസ്തവധര്‍മ്മം പാലിക്കപ്പെടുന്നതിനോടൊപ്പം തന്നെ വരുംതലമുറയുടെ നാമ്പുകള്‍ കിളിര്‍ക്കുമ്പോള്‍ ആവശ്യമായ വിശ്വാസത്തിന്‍റെ ജലവും ക്രൈസ്തവ വീക്ഷണങ്ങളുടെ വളവും നല്‍കുവാന്‍ ഇവര്‍ക്ക് സാധിക്കും. കാലം മാറുന്നതിനനുസരിച്ചു ക്രൈസ്തവ ദര്‍ശനത്തെ ദിശ മാറ്റാതെ കുരിശിലേറിയവന്‍ അന്നു നല്കിയ ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും നന്മയുടെയും സന്ദേശം എന്നും പുതുമയോടെ അതേ മഹത്വത്തോടെ ഓരോ വിശ്വാസിയിലും എത്തിക്കുവാന്‍ കഴിയുമ്പോളാണ് ആദിമ ക്രൈസ്തവ സഭയ്ക്ക് നിദാനമായ 'നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍' എന്ന ക്രിസ്തുവാക്യത്തിന്‍റെ അര്‍ത്ഥം മാറിപ്പോകാതെയും പിന്തുടര്‍ന്നുപോന്ന പാരമ്പര്യത്തിന്‍റെ വിശുദ്ധിയും എന്നും നില നിര്‍ത്തുവാനും സാധിക്കുകയുള്ളൂ. ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസത്തിന്‍റെ അടിയുറച്ച പ്രേഷിതരാകുവാനും തിന്മയില്‍ നിന്നും നമ്മെ നേടിയെടുത്തവന്‍റെ നിത്യരക്ഷയ്ക്ക് അര്‍ഹരാക്കപ്പെടുവാനുമുള്ള യഥാര്‍ത്ഥമായ ആ 'വിളി'ക്ക് ഏവരും അര്‍ഹരാകട്ടെ.

വിശ്വാസത്തെയും വിശ്വസ്തതയെയും ചോദ്യം ചെയ്യപ്പെടാതെ സ്വയം ജ്വലിക്കുന്ന ക്രിസ്തുവാഹകരായി കാലത്തിന്‍റെ കളകളാകുന്ന തിന്മയുടെ ഇത്തിള്‍കണ്ണികള്‍ സഭാ തരുവില്‍ വേരോടുവാതിരിക്കുവാന്‍ പ്രാത്ഥനയുടെ തായ്വേരുകളാല്‍ ശക്തിപ്പെടുത്തി അവിടുത്തെ മാര്‍ഗ്ഗേ ചരിക്കുവാന്‍ നമ്മുടെ പുതുതലമുറയ്ക്ക് സാധിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org