“യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക!” -ഫ്രാൻസിസ് മാർപാപ്പ

“യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക!” -ഫ്രാൻസിസ് മാർപാപ്പ

ഷിജു ആച്ചാണ്ടി

പ്രിയ യുവജനങ്ങളേ,
നിങ്ങള്‍ക്കു നിങ്ങളുടെ ഊര്‍ജ്വസ്വലതയും സ്വപ്നങ്ങളും ആവേശവും ശുഭാപ്തിവിശ്വാസവും ഉദാരതയും നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍, യേശു ആ വിധവയുടെ മരണമടഞ്ഞ മകന്‍റെ മുമ്പില്‍ നിന്നതു പോലെ തന്‍റെ പുനരുത്ഥാനത്തിന്‍റെ മുഴുവന്‍ ശക്തിയോടെയും നിങ്ങളുടെ മുമ്പില്‍ നിന്നുകൊണ്ട് നിങ്ങളോടാവശ്യപ്പെടുന്നു: "യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക!" (ക്രിസ്തു ജീവിക്കുന്നു എന്ന അപ്പസ്തോലിക പ്രബോധനം).

ഗലീലിയിലെ നയീന്‍ പട്ടണത്തിലേയ്ക്കു പ്രവേശിച്ച യേശു, അവിടെ വിധവയായ ഒരമ്മയുടെ ഏകമകനായ യുവാവിന്‍റെ മൃതസംസ്കാരയാത്രയോടു പ്രതികരിച്ച വിധം ബൈബിളില്‍ നാം വായിക്കുന്നു. ആ സ്ത്രീയുടെ ഹൃദയം തകര്‍ക്കുന്ന ദുഃഖത്താല്‍ സ്തബ്ധനായ യേശു അവരുടെ പുത്രനെ അത്ഭുതകരമായി ജീവിപ്പിക്കുന്നു. ഏതാനും വാക്കുകള്‍ക്കും ചേഷ്ടകള്‍ക്കും ശേഷമാണ് അത്ഭുതം സംഭവിക്കുന്നത്: "അവളെ കണ്ടു മനസ്സലിഞ്ഞു കര്‍ത്താവ് അവളോടു പറഞ്ഞു, കരയേണ്ട. അവന്‍ മുന്നോട്ടു വന്നു ശവമഞ്ചത്തിന്മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു." (ലൂക്കാ 7:13-14).

വേദനയും മരണവും കാണാനുള്ള കഴിവ്
മൃതസംസ്കാര യാത്രയെ യേശു ശ്രദ്ധാപൂര്‍വം നോക്കുന്നു. കടുത്ത വേദനയനുഭവിക്കുന്ന സ്ത്രീയുടെ മുഖം ആ ആള്‍ക്കൂട്ടത്തിനിടയില്‍ തിരിച്ചറിയുന്നു. കാണാനുള്ള അവിടുത്തെ ഈ കഴിവ് ഒരു കണ്ടുമുട്ടല്‍ സൃഷ്ടിക്കുന്നു, നവജീവന്‍റെ സ്രോതസ്സാകുന്നു. വാക്കുകള്‍ അവിടെ ആവശ്യം വരുന്നില്ല.

കാണാനുള്ള എന്‍റെ കഴിവ് എത്രത്തോളമുണ്ട്? കാര്യങ്ങള്‍ നോക്കിക്കാണുമ്പോള്‍ ഞാന്‍ ശ്രദ്ധാപൂര്‍വ്വമാണോ നോക്കുന്നത്, അതോ സെല്‍ഫോണിലെ ആയിരക്കണക്കിനു ഫോട്ടോകള്‍ സ്ക്രോള്‍ ചെയ്തു വിടും പോലെയാണോ? ഒന്നും അനുഭവിക്കാതെ സംഭവങ്ങളുടെ ദൃക്സാക്ഷികളായി മാത്രം തീരുകയാണോ നാം ചെയ്യുക? സംഭവത്തിലുള്‍പ്പെട്ട വ്യക്തിയുടെ കണ്ണുകളിലേയ്ക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ സെല്‍ഫോണില്‍ ഫോട്ടോയെടുക്കുക എന്നുള്ളതാകും ചിലപ്പോള്‍ നമ്മുടെ ആദ്യപ്രതികരണം.

നമുക്കു ചുറ്റും, ചിലപ്പോള്‍ നമുക്കുള്ളില്‍ തന്നെ മരണത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ നമുക്കു കാണാനാകും. നാമതു ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ? അതോ അതു സംഭവിച്ചുകൊള്ളാന്‍ വെറുതെ അനുവദിക്കുകയാണോ? ജീവന്‍ പുനസ്ഥാപിക്കാന്‍ നമുക്ക് എന്തെങ്കിലും ചെയ്യേണ്ടതായുണ്ടോ? കടുത്ത അനുഭവങ്ങളുണ്ടാകുമ്പോള്‍ ചിലര്‍ സ്വജീവന്‍ തന്നെ അപകടപ്പെടുത്തി അതിനെ നേരിടുന്നു. മറ്റുള്ളവരാകട്ടെ മരിച്ചവരെ പോലെ കിടക്കുന്നു. ഒരു യുവതി എന്നോടു പറഞ്ഞു, "കാര്യങ്ങളില്‍ ഇടപെടാനുള്ള താത്പര്യം എന്‍റെ കൂട്ടുകാരില്‍ കുറവാണ്. ധൈര്യമില്ല." വിഷാദം ഇന്നു യുവജനങ്ങള്‍ക്കിടയിലും പടര്‍ന്നു പിടിക്കുന്നു. ചിലപ്പോള്‍ അത് ആത്മഹത്യയിലേയ്ക്കു പോലും നയിക്കുന്നു. ആളുകള്‍ ആശങ്കയിലേയ്ക്കും നിരാശയിലേയ്ക്കും കൂപ്പുകുത്തുകയും നിസംഗത വിജയം നേടുകയും ചെയ്യുന്നു. ആരും കേള്‍ക്കാനില്ലാതെ കരയുന്ന യുവജനങ്ങള്‍ എത്ര! മറ്റുള്ളവരെ കുറിച്ചോ മറ്റു കാര്യങ്ങളെ കുറിച്ചോ ചിന്തിക്കാതെ സ്വന്തം സന്തോഷനിമിഷങ്ങള്‍ മാത്രമാസ്വദിക്കുന്നവരുടെ നിസംഗതയാണ് കരയുന്ന യുവജനങ്ങള്‍ കാണുന്നത്.

മറ്റു ചിലരാകട്ടെ അവരുടെ ജീവിതങ്ങള്‍ ഉപരിപ്ലവമായ കാര്യങ്ങളില്‍ മുഴുകി പാഴാക്കുന്നു. ജീവിച്ചിരിക്കുന്നുവെന്ന് അവര്‍ കരുതുന്നുവെങ്കിലും ആന്തരീകമായി മരിച്ചവരാണ് അവര്‍. ഇരുപതാം വയസ്സില്‍ തന്നെ ഇഴഞ്ഞു നീങ്ങുകയാണ് അവര്‍, അവരുടെ യഥാര്‍ത്ഥമായ അന്തസ്സിന്‍റെ തലത്തിലേയ്ക്ക് ഒരിക്കലുമുയരാതെ. നൈമിഷികമായ ശ്രദ്ധയ്ക്കും സ്നേഹത്തിനും വിനോദത്തിനുമായാണ് അവരുടെ അന്വേഷണങ്ങള്‍. വ്യാപകമായി വളരുന്ന ഡിജിറ്റല്‍ ആത്മരതി യുവജനങ്ങളെയും മുതിര്‍ന്നവരേയും ഒരുപോലെ ബാധിച്ചിരിക്കുന്നു. ചിലരുടെ ജീവിതത്തിന്‍റെ ഏകലക്ഷ്യമാകട്ടെ പണമുണ്ടാക്കലാണെന്നു തോന്നും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതെല്ലാം അനിവാര്യമായും അസന്തുഷ്ടിയിലേയ്ക്കും മടുപ്പിലേയ്ക്കും ശൂന്യതയിലേയ്ക്കും നിരാശയിലേയ്ക്കും നയിക്കും.

വ്യക്തിപരമായ പരാജയങ്ങളുടെ ഫലമായി നിഷേധാത്മക സാഹചര്യങ്ങള്‍ ഉണ്ടാകാം. നാം പ്രധാനമായി കരുതിയിരുന്ന പലതും ഉദ്ദേശിച്ച ഫലങ്ങള്‍ നല്‍കാതെ വരുമ്പോഴാണിത്. സ്വപ്നത്തിന്‍റെ അന്ത്യം നമുക്കു മരണം പോലെ അനുഭവപ്പെടാം. പക്ഷേ പരാജയങ്ങളും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാണ്. ചിലപ്പോള്‍ അവ കൃപയായി തീരുകയും ചെയ്യാം. സന്തോഷമുണ്ടാക്കും എന്നു നമ്മള്‍ കരുതിയിരുന്ന ചില കാര്യങ്ങള്‍ വെറും ഭ്രമകല്‍പനയായിരുന്നു, അഥവാ വെറും വിഗ്രഹമായിരുന്നു എന്നു നാം തിരിച്ചറിഞ്ഞേക്കാം. അവ തകര്‍ന്നു കഴിയുമ്പോള്‍ പൊടിയുടെ മേഘം മാത്രമേ അവശേഷിക്കൂ. പരാജയം നമ്മുടെ വിഗ്രഹങ്ങളെ തകര്‍ക്കുമെങ്കില്‍ അതൊരു നല്ല കാര്യമാണ്, വലിയ സഹനം അതുകൊണ്ടുണ്ടാകാമെങ്കിലും.

യുവാക്കള്‍ ശാരീരികമോ ധാര്‍മ്മികമോ ആയ മരണം നേരിടുന്ന മറ്റു സാഹചര്യങ്ങളും ധാരാളമായി ഉണ്ട്. ലഹരിയുടെ അടിമത്തം, കുറ്റകൃത്യങ്ങള്‍, ദാരിദ്ര്യം, ഗുരുതര രോഗങ്ങള്‍ എന്നിവയെക്കുറിച്ചാണു ഞാന്‍ ഓര്‍ക്കുന്നത്. ഈ കാര്യങ്ങളെക്കുറിച്ചു സ്വയം ചിന്തിക്കുക, നിങ്ങള്‍ക്കോ നിങ്ങളുടെ അടുപ്പക്കാര്‍ക്കോ ഇപ്പോഴോ കഴിഞ്ഞ കാലത്തോ "മരണകരമായി" മാറിയ ഇത്തരം സാഹചര്യങ്ങള്‍ ഏവയെന്നു തിരിച്ചറിയുക. അതേസമയം സുവിശേഷത്തിലെ യുവാവ് ശരിക്കും മരിച്ചയളായിരുന്നുവെന്നും ഓര്‍ക്കുക. അവനെ ജീവിപ്പിക്കാനാഗ്രഹിച്ച ഒരാള്‍ അവനെ കണ്ടു എന്നതാണ് അവനെ ജീവനിലേയ്ക്കു തിരികെ കൊണ്ടു വന്നത്. ഇതേ കാര്യം നമുക്കും സംഭവിക്കാം, ഇന്നും എന്നും.

അനുകമ്പ ഉണ്ടാകുക
മറ്റുള്ളവരുടെ വേദന "സ്വാഭാവികമായി" തങ്ങളെ സ്പര്‍ശിക്കാന്‍ സ്വയം അനുവദിക്കുന്നവരുടെ വികാരവിചാരങ്ങളെപ്പറ്റി സുവിശേഷങ്ങള്‍ പറയുന്നുണ്ട്. മറ്റുള്ളവരുടെ വേദന യേശുവിന്‍റെ സ്വന്തം വേദനയായി മാറുന്നുണ്ട്. ആ യുവാവിന്‍റെ മരണം അവിടുത്തെ സ്വന്തം ദുഃഖമായി.

അനുകമ്പയുള്ളവരാകാനുള്ള പ്രാപ്തി യുവജനങ്ങളെന്ന നിലയില്‍ നിങ്ങള്‍ ആവര്‍ത്തിച്ചു പ്രകടിപ്പിച്ചിട്ടുള്ളതാണ്. സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളപ്പോഴൊക്കെ സഹായങ്ങള്‍ ഉദാരമായി നല്‍കിയ നിങ്ങളെല്ലാവരേയും ഞാനോര്‍ക്കുന്നു. യുവജനസന്നദ്ധപ്രവര്‍ത്തകര്‍ സഹായഹസ്തങ്ങളുമായി വരാത്ത ദുരന്തങ്ങളോ ഭൂകമ്പങ്ങളോ പ്രളയങ്ങളോ ഉണ്ടായിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തിനായി യുവജനങ്ങള്‍ക്കിടയില്‍ നടക്കുന്ന വലിയ സംഘാടനവും ഭൂമിയുടെ നിലവിളി കേള്‍ക്കാനുള്ള നിങ്ങളുടെ പ്രാപ്തിയെയാണു സാക്ഷ്യപ്പെടുത്തുന്നത്.

പ്രിയ യുവജനങ്ങളേ, ഈ സംവേദനക്ഷമത നിങ്ങളില്‍ നിന്നു നഷ്ടപ്പെടുവാന്‍ അനുവദിക്കരുതേ! ഇന്നത്തെ ലോകത്ത് സഹിക്കുകയും കരയുകയും മരിക്കുകയും ചെയ്യുന്നവരുടെ വിലാപങ്ങളോടു സദാ ശ്രദ്ധയുള്ളവരായിരിക്കുക. "കണ്ണീരാല്‍ കഴുകപ്പെട്ട കണ്ണുകള്‍ കൊണ്ടു മാത്രമേ ജീവിതത്തിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ കാണാനാകൂ" (ക്രിസ്തു ജീവിക്കുന്നു, 76). കരയുന്നവരോടൊപ്പം കരയാന്‍ പഠിച്ചാല്‍ നിങ്ങള്‍ യഥാര്‍ത്ഥ സന്തോഷം കണ്ടെത്തും. നിങ്ങളുടെ സമകാലികരില്‍ അനേകര്‍ നിരവധി ബുദ്ധിമുട്ടുകള്‍ സഹിക്കുന്നവരും അക്രമത്തിന്‍റെയും പീഡനത്തിന്‍റെയും ഇരകളുമാണ്. അവരുടെ മുറിവുകള്‍ നിങ്ങളുടെ മുറിവുകളാകട്ടെ, നിങ്ങള്‍ ഈ ലോകത്തില്‍ പ്രത്യാശയുടെ വാഹകരാകട്ടെ. നിങ്ങളുടെ സഹോദരങ്ങളോട് ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്കു കഴിയും: "എഴുന്നേല്‍ക്കുക, നിങ്ങള്‍ ഒറ്റയ്ക്കല്ല." പിതാവായ ദൈവം നിങ്ങളെ സ്നേഹിക്കുന്നുവെന്ന്, നിങ്ങളെ എഴുന്നേല്‍പിക്കാന്‍ ദൈവം നീട്ടുന്ന കരമാണ് യേശുവെന്ന് മനസ്സിലാക്കാന്‍ നിങ്ങളവരെ സഹായിക്കും.

മുന്നോട്ടു വരിക, "സ്പര്‍ശിക്കുക"
മൃതദേഹഘോഷയാത്രയെ യേശു തടയുന്നു. അടുത്തേയ്ക്കു ചെല്ലുന്നു, തന്‍റെ അടുപ്പം പ്രകടമാക്കുന്നു. അടുപ്പം അങ്ങിനെ മറ്റൊരാളുടെ ജീവന്‍ പുനസ്ഥാപിക്കുന്ന ധീരമായ പ്രവൃത്തിയായി മാറുന്നു. ഒരു പ്രവാചക നടപടി. യേശുവിന്‍റെ സ്പര്‍ശം ജീവന്‍ കൈമാറുന്നു. ആ യുവാവിന്‍റെ മരിച്ച ദേഹത്തിലേയ്ക്ക് പരിശുദ്ധാത്മാവിനെ പ്രവഹിപ്പിക്കുകയും ജീവന്‍ തിരികെ കൊടുക്കുകയും ചെയ്യുന്ന സ്പര്‍ശമാണത്.

എല്ലാ മുറിവുകളിലൂടെയും നിരാശയിലൂടെയും ആ സ്പര്‍ശം തുളച്ചു കയറുന്നു. ദൈവത്തിന്‍റെ സ്പര്‍ശമാണത്, ശരിയായ മാനവസ്നേഹം അനുഭവിപ്പിക്കുന്ന സ്പര്‍ശം, നവജീവന്‍റെ സ്വാതന്ത്ര്യത്തിന്‍റെയും പൂര്‍ണതയുടെയും ഭാവനാതീതമായ ചക്രവാളങ്ങളെ തുറന്നു തരുന്ന സ്പര്‍ശം. യേശുവിന്‍റെ ഈ പ്രവൃത്തിയുടെ ഫലദായകത്വം കണക്കുകൂട്ടാന്‍ കഴിയുന്നതല്ല. അടുപ്പത്തിന്‍റെ ഒരടയാളത്തിന്, ലളിതമെങ്കിലും മൂര്‍ത്തമായ ഒന്നിന്, പുനരുത്ഥാനത്തിന്‍റെ ശക്തികളെ ഉണര്‍ത്താന്‍ കഴിയുമെന്ന് അതോര്‍മ്മിപ്പിക്കുന്നു.

നിങ്ങള്‍ കണ്ടുമുട്ടുന്ന വേദനയുടേയും മരണത്തിന്‍റേയും യാഥാര്‍ത്ഥ്യങ്ങളുടെ അടുക്കലേയ്ക്ക് ചെല്ലാന്‍ യുവജനങ്ങളെന്ന നിലയില്‍ നിങ്ങള്‍ക്കും സാധിക്കും. നിങ്ങള്‍ക്കും അവരെ സ്പര്‍ശിക്കാനാകും, പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ യേശുവിനെ പോലെ നവജീവന്‍ നല്‍കാനാകും. പക്ഷേ ആദ്യം അവിടുത്തെ സ്നേഹം നിങ്ങളെ സ്പര്‍ശിച്ചിരിക്കണം, നിങ്ങളുടെ നേര്‍ക്കുള്ള അവിടുത്തെ നന്മയുടെ അനുഭവത്താല്‍ നിങ്ങളുടെ ഹൃദയം ഉരുകി കഴിഞ്ഞിരിക്കണം. എല്ലാ ജീവികളോടുമുള്ള – വിശേഷിച്ചും, വിശപ്പും ദാഹവും അനുഭവിക്കുന്നവരോ രോഗികളോ വസ്ത്രരഹിതരോ തടവുപുള്ളികളോ ആയിരിക്കുന്ന നമ്മുടെ സഹോദരങ്ങളോടുള്ള – ദൈവത്തിന്‍റെ ഗാഢമായ സ്നേഹം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, അവനെ പോലെ അവര്‍ക്കടുത്തേയ്ക്ക് എത്താനും നിങ്ങള്‍ക്കു കഴിയും. അവനെ പോലെ അവരെ സ്പര്‍ശിക്കുവാനും ആന്തരീകമായി മൃതരായിരിക്കുന്നവരോ സഹിക്കുന്നവരോ വിശ്വാസവും പ്രത്യാശയും നഷ്ടമായിരിക്കുന്നവരോ ആയ നിങ്ങളുടെ സുഹൃത്തുക്കളിലേയ്ക്ക് അവന്‍റെ ജീവന്‍ കൊണ്ടുവരാനും നിങ്ങള്‍ക്കു സാധിക്കും.

"യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക!"
നയീനില്‍ യേശു ജീവന്‍ തിരികെ കൊടുത്ത യുവാവിന്‍റെ പേര് സുവിശേഷം നമ്മോടു പറയുന്നില്ല. ഇത് അവനുമായി താദാത്മ്യപ്പെടാന്‍ ഓരോ വായനക്കാരനേയും ക്ഷണിക്കുന്നു. നിങ്ങളോട്, എന്നോട്, നാമോരോരുത്തരോടും യേശു പറയുന്നു, "എഴുന്നേല്‍ക്കുക". നാം നിരന്തരം വീഴുന്നവരും വീണ്ടും എഴുന്നേല്‍ക്കേണ്ടവരുമാണെന്ന് ക്രൈസ്തവരെന്ന നിലയില്‍ നമുക്കെല്ലാമറിയാം. യാത്ര ചെയ്യാത്തവര്‍ വീഴുന്നില്ല, അവര്‍ മുന്നോട്ടു പോകുന്നുമില്ല. യേശു നമുക്കു നല്‍കുന്ന സഹായം നാം സ്വീകരി ക്കുകയും ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യേണ്ടി വരുന്നത് അതുകൊണ്ടാണ്. എഴുന്നേല്‍ക്കുകയും യേശു വാഗ്ദാനം ചെയ്യുന്ന നവജീവന്‍ നമുക്കു നന്മ നല്‍കുന്നതും ജീവിക്കാന്‍ യോഗ്യമായതുമാണെന്നു തിരിച്ചറിയുകയും ചെയ്യുകയെന്നതാണ് ആദ്യ ചുവട്. അന്തസ്സാര്‍ന്നതും അര്‍ത്ഥപൂര്‍ണമായതുമായ വിധത്തില്‍ ഈ ജീവിതം ജീവിക്കാന്‍ യേശു നമ്മെ സഹായിക്കുന്നു.

ഈ ജീവിതം ശരിക്കും പുതിയൊരു സൃഷ്ടിയാണ്, പുതുജന്മമാണ്, മനശ്ശാസ്ത്രപരമായ ഒരവസ്ഥ മാത്രമല്ല. ബുദ്ധിമുട്ടിന്‍റെ സമയങ്ങളില്‍ ആളുകള്‍ ഇന്നു വളരെ ആകര്‍ഷകമായി തോന്നുന്ന, എല്ലാ പ്രശ്നവും പരിഹരിക്കുന്ന മാന്ത്രിക സമവാക്യങ്ങള്‍ വിളിച്ചു പറയുന്നതു നിങ്ങളും കേട്ടിരിക്കും: "നിങ്ങളില്‍ തന്നെ വിശ്വസിക്കുക", "നിങ്ങളുടെ ആന്തരീക സ്രോതസ്സുകള്‍ കണ്ടെത്തുക", "നിങ്ങളുടെ പോസിറ്റീവ് ഊര്‍ജത്തെക്കുറിച്ച് ബോധമാര്‍ജിക്കുക" എന്നിങ്ങനെ. പക്ഷേ ഇവ വെറും വാക്കുകളാണ്. ശരിക്കും "ആന്തരീക മരണം" സംഭവിച്ചവര്‍ക്ക് ഇതൊന്നും ഉപകാരപ്പെടില്ല. യേശുവിന്‍റെ വാക്കിന് ആഴമേറിയ പ്രതിധ്വനിയുണ്ട്, അത് ആഴങ്ങളിലേയ്ക്ക് അനന്തമായി കടന്നു പോകുന്നു. അതു ദിവ്യവും സര്‍ഗാത്മകവുമായ വാക്കാണ്, മരിച്ചവര്‍ക്കു ജീവന്‍ നല്‍കാന്‍ അതിനു മാത്രമേ സാധിക്കൂ.

ഉത്ഥിതരെ പോലെ നവജീവന്‍ ജീവിക്കുക
യുവാവ് "സംസാരിക്കാന്‍ തുടങ്ങിയെന്നു" സുവിശേഷം നമ്മോടു പറയുന്നു (ലൂക്കാ 7:15). യേശു സ്പര്‍ശിച്ചവരും ജീവന്‍ പുനസ്ഥാപിച്ചവരും സന്ദേഹമോ ഭയമോ ഇല്ലാതെ തങ്ങള്‍ക്കുള്ളില്‍ സംഭവിച്ചതിനെ കുറിച്ച്, അവരുടെ വ്യക്തിത്വം, ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍, സ്വപ്നങ്ങള്‍ തുടങ്ങിയവയെ കുറിച്ച് ഉടന്‍ തന്നെ സംസാരിക്കാന്‍ തുടങ്ങുന്നു. മുമ്പ് ഒരുപക്ഷേ അവരിതു ചെയ്തിരിക്കുകയില്ല, തങ്ങള്‍ പറയുന്നത് ആര്‍ക്കും മനസ്സിലാകില്ലെന്ന് അവര്‍ കരുതിയിരുന്നതു കൊണ്ട്.

സംസാരിക്കുക എന്നാല്‍ മറ്റുള്ളവരുമായി ബന്ധത്തിലേയ്ക്കു പ്രവേശിക്കുക എന്നാണര്‍ത്ഥം. "മരിച്ചവര്‍" ആയിരിക്കുമ്പോള്‍ നാം നമ്മില്‍ തന്നെ അടച്ചു കഴിയുന്നു. ബന്ധങ്ങള്‍ തകരുന്നു, അല്ലെങ്കില്‍ ഉപരിപ്ലവമാകുന്നു, കപടമാകുന്നു. യേശു നമ്മില്‍ ജീവന്‍ പുനസ്ഥാപിക്കുമ്പോള്‍ അവിടുന്നു നമ്മെ മറ്റുള്ളവര്‍ക്കു "നല്‍കുന്നു".

ഇന്ന് നാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, പക്ഷേ ആശയവിനിമയം ചെയ്യുന്നില്ല. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിവേചനാരഹിതമായ ഉപയോഗം നമ്മെ സ്ക്രീനുകളില്‍ സ്ഥിരമായി ഒട്ടിച്ചു ചേര്‍ത്തിരിക്കുന്നു. "എഴുന്നേല്‍ക്കുവിന്‍" എന്നുള്ള യേശുവിന്‍റെ കല്‍പനയില്‍ അധിഷ്ഠിതമായ ഒരു സാംസ്കാരിക മാറ്റത്തിനു വേണ്ടി യുവജനങ്ങളെ ഞാന്‍ ക്ഷണിക്കുകയാണ്. യുവജനങ്ങള്‍ മിഥ്യാലോകങ്ങളിലേയ്ക്ക് ഉള്‍വലിഞ്ഞ്, ഒറ്റപ്പെട്ടവരായി കഴിയുന്ന ഒരു സംസ്കാരത്തില്‍ യേശുവിന്‍റെ ക്ഷണം നമുക്കു പ്രചരിപ്പിക്കാം: "എഴുന്നേല്‍ക്കുവിന്‍!" ഒട്ടും മിഥ്യയല്ലാത്ത ഒരു യാഥാര്‍ത്ഥ്യത്തെ ആശ്ലേഷിക്കാന്‍ അവിടുന്നു നമ്മെ ക്ഷണിക്കുന്നു. സാങ്കേതികവിദ്യയെ തിരസ്കരിക്കലല്ല ഇത്, മറിച്ച് അതിനെ ഒരു ലക്ഷ്യമായി കാണാതെ മാര്‍ഗമായി ഉപയോഗിക്കലാണ്. "എഴുന്നേല്‍ക്കുവിന്‍!" എന്നത് സ്വപ്നം കാണാനും റിസ്കെടുക്കാനും ലോകത്തിന്‍റെ മാറ്റത്തിനായി പ്രതിബദ്ധരാകാനും ഉള്ള ആഹ്വാനമാണ്, നിങ്ങളുടെ പ്രത്യാശകളേയും അഭിനിവേശങ്ങളേയും പുനരുജ്ജീവിപ്പിക്കാന്‍, ആകാശങ്ങളേയും നക്ഷത്രങ്ങളേയും ചുറ്റുമുള്ള ലോകത്തേയും ധ്യാനിക്കാന്‍ ഉള്ള ക്ഷണമാണ്. "എഴുന്നേല്‍ക്കുക, നിങ്ങളെന്താണോ അതായിത്തീരു ക!" ഇതാണു നമ്മുടെ സന്ദേശമെങ്കില്‍ അനേകം യുവജനങ്ങളുടെ മുഖത്തു നിന്നു മടുപ്പും മുഷിപ്പും നീങ്ങുകയും ഏതു മിഥ്യായാഥാര്‍ത്ഥ്യത്തേക്കാളും കൂടുതല്‍ സജീവവും ഭംഗിയുമുള്ള മുഖങ്ങളായി മാറുകയും ചെയ്യും.

നിങ്ങള്‍ ജീവന്‍ നല്‍കിയാല്‍ ആരെങ്കിലും അതു സ്വീകരിക്കും. ഒരു യുവതി ഒരിക്കല്‍ പറഞ്ഞു: "മനോഹരമായതു കാണുമ്പോള്‍ കിടക്ക വിട്ടെഴുന്നേല്‍ക്കുക, മനോഹരമായതെന്തെങ്കിലും ചെയ്യുക." ഭംഗി ആവേശമുണര്‍ത്തുന്നു. ഒരു യുവാവിന് എന്തിലെങ്കിലും, അല്ലെങ്കില്‍ ആരിലെങ്കിലും ആവേശമുണ്ടായാല്‍ അവന്‍ അഥവാ അവള്‍ എഴുന്നേല്‍ക്കുകയും മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്യും. യുവജനങ്ങള്‍ മരിച്ചവരില്‍ നിന്നെഴുന്നേല്‍ക്കുകയും യേശുവിനു സാക്ഷികളാകുകയും അവരുടെ ജീവിതം അവിടുത്തേയ്ക്കു സമര്‍പ്പിക്കുകയും ചെയ്യും.

പ്രിയ യുവജനങ്ങളേ, എന്താണു നിങ്ങളുടെ ആവേശങ്ങളും സ്വപ്നങ്ങളും? അവ സ്വതന്ത്രമായി വാഴട്ടെ, അവയിലൂടെ ലോകത്തിനും സഭയ്ക്കും മറ്റു യുവജനങ്ങള്‍ക്കും മനോഹരമായതെന്തെങ്കിലും നല്‍കുക. നിങ്ങളുടെ ശബ്ദം കേള്‍പ്പിക്കുക!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org