സംസ്കാരങ്ങളുമായുള്ള സംഭാഷണം സുവിശേഷവത്കരണത്തിന് ആവശ്യം – മാര്‍പാപ്പ

സംസ്കാരങ്ങളെ ഗൗരവത്തിലെടുക്കുകയും അവയുമായി സംഭാഷണം നടത്തുകയും ചെയ്യുക സുവിശേഷവത്കരണത്തിന് അത്യാവശ്യമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. വ്യത്യസ്തങ്ങളായ കാലങ്ങളിലും ഇടങ്ങളിലും സംസ്കാരങ്ങളിലുമുള്ളവര്‍ക്ക് ദൈവത്തെ തേടാനും ക്രിസ്തുവിനെ കണ്ടെത്താനും കഴിയേണ്ടതുണ്ടെന്നു മാര്‍പാപ്പ വ്യക്തമാക്കി. മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍റെ പേരിലുള്ള റാറ്റ്സിംഗര്‍ സമ്മാനം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. കാനഡായില്‍ നിന്നുള്ള തത്വചിന്തകന്‍ ചാള്‍സ് ടെയ്ലറും ബുര്‍കിനോഫാസയില്‍ നിന്നുള്ള ബൈബിള്‍ പണ്ഡിതന്‍ ഫാ. പോള്‍ ബെരെ എസ്.ജെ.യുമാണ് സമ്മാനം സ്വീകരിച്ചത്. ആഫ്രിക്കന്‍ ദൈവശാസ്ത്രം വികസിപ്പിക്കുന്നതിനു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ഫാ. ബെരെ.

ക്രൈസ്തവവിശ്വാസത്തെ സജീവമായി നിലനിറുത്തുന്നതിനും സുവിശേഷവത്കരണത്തെ ഫലപ്രദമാക്കുന്നതിനും സംസ്കാരങ്ങളുമായുള്ള സംഭാഷണം അത്യാവശ്യമാണെന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ക്രൈസ്തവസന്ദേശത്തിന്‍റെ ശരിയായ ആഫ്രിക്കന്‍ അനുരൂപണത്തിനു വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ഫാ. ബെരെ. വാമൊഴി സംസ്കാരത്തിന്‍റെ പശ്ചാത്തലത്തില്‍ പഴയ നിയമ ഗ്രന്ഥങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ വ്യാഖ്യാനം ആഫ്രിക്കന്‍ സാംസ്കാരികാനുഭവത്തെ ഫലദായകമാക്കി. ആദ്യ നൂറ്റാണ്ടുകളില്‍ തെര്‍ത്തുല്യന്‍, സിപ്രിയന്‍, അഗസ്റ്റിന്‍ തുടങ്ങിയ സഭയിലെ മഹാവ്യക്തിത്വങ്ങളെ സംഭാവന നല്‍കിയ നാടാണ് വടക്കന്‍ ആഫ്രിക്ക. എന്നാല്‍ തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ഇസ്ലാമിന്‍റെ വ്യാപനവും പാശ്ചാത്യ സാമ്രാജ്യത്വവും ക്രൈസ്തവസന്ദേശത്തിന്‍റെ ശരിയായ ആഫ്രിക്കന്‍ അനുരൂപണത്തിനു തടസ്സമായി – മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org