സുവിശേഷവത്കരണം തുടരുമെന്ന് ആഫ്രിക്കന്‍, ജര്‍മ്മന്‍ മെത്രാന്മാരുടെ സംയുക്തയോഗം

സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ആഫ്രിക്കയിലെയും ജര്‍മ്മനിയിലെയും മെത്രാന്മാരുടെ സംയുക്തയോഗം തീരുമാനിച്ചു. സമഗ്രമനുഷ്യവികസനത്തെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു മഡഗാസ്കറിലായിരുന്നു മെത്രാന്മാരുടെ പ്രതിനിധികളുടെ യോഗം. 1982 മുതല്‍ തുടങ്ങിയതാണ് ആഫ്രിക്കയിലെയും ജര്‍മ്മനിയിലെയും മെത്രാന്മാര്‍ ഒന്നിച്ചു കൂടി പ്രവര്‍ത്തനങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യുന്ന പതിവു തുടങ്ങിയത്. നാലു വര്‍ഷം കൂടുമ്പോഴാണ് ഇവര്‍ സമ്മേളിക്കുന്നത്. സമ്മേളനത്തിനൊടുവില്‍ ആഫ്രിക്കയിലെ ആര്‍ച്ചുബിഷപ് ഗബ്രിയേല്‍ എംബിലിംഗിയും ജര്‍മ്മനിയിലെ കാര്‍ഡിനല്‍ റീയിന്‍ഹാര്‍ഡ് മാര്‍ക്സും ചേര്‍ന്ന് സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചു.

ആഫ്രിക്കയിലെ ദാരിദ്ര്യത്തിന്‍റെയും ദുരിതത്തിന്‍റെയും രോഗത്തിന്‍റെയും നിരാശയുടെയും കാരണം മനുഷ്യരുടെ അത്യാഗ്രഹവും അഴിമതിയും അനീതിയും അക്രമങ്ങളുമാണെന്ന് പ്രസ്താവനയില്‍ സഭാനേതാക്കള്‍ വ്യക്തമാക്കുന്നു. യൂറോപ്പിലാകട്ടെ ആത്മീയ മൂല്യങ്ങളുടെ അഭാവമാണ് പ്രശ്നം. അമിതമായ ഭൗതികവാദവും ഉപഭോഗത്വരയും അജാതശിശുക്കളുടെ ജീവനോടും അവകാശങ്ങളോടുമുള്ള അനാദരവും യൂറോപ്പ് നേരിടുന്ന പ്രശ്നങ്ങളാണ്. സഭ അതിന്‍റെ സുവിശേഷവത്കരണദൗത്യത്തില്‍ ഇനിയുമേറെ ചെയ്യേണ്ടതുണ്ടെന്നാണ് ഈ തിന്മകളെല്ലാം വ്യക്തമാക്കുന്നത്. സുവിശേഷപ്രഘോഷണത്തിനു പുറമെ ക്രൈസ്തവ വിശ്വാസപരിശീലനവും ആഴപ്പെടുത്തേണ്ടതുണ്ട്. സാമൂഹ്യ, രാഷ്ട്രീയ നേതാക്കളുടെ മനഃസാക്ഷികളെ രൂപവത്കരിക്കുന്നതിനും ശ്രദ്ധ നല്‍കേണ്ടതുണ്ട്. ദൈവവുമായുള്ള ബന്ധം മനസ്സിലാക്കാനും വികസിപ്പിക്കാനും എല്ലാവരേയും പ്രാപ്തരാക്കുന്നതാകണം സുവിശേഷവത്കരണം. ഒരു മെച്ചപ്പെട്ട ലോകം പടുത്തുയര്‍ത്തുന്നതിന് സന്മനസ്സുള്ള എല്ലാവരുമായും ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുമുണ്ട്-പ്രസ്താവന വിശദമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org