Latest News
|^| Home -> National -> ന്യൂനപക്ഷത്തിനെതിരായ അതിക്രമങ്ങള്‍ അപമാനകരം: സ്വാമി അഗ്നിവേശ്

ന്യൂനപക്ഷത്തിനെതിരായ അതിക്രമങ്ങള്‍ അപമാനകരം: സ്വാമി അഗ്നിവേശ്

Sathyadeepam

ഒറീസയിലെ കന്ദമാലില്‍ ക്രൈസ്തവര്‍ക്കു നേരെ നടന്നതുപോലുള്ള ന്യൂനപക്ഷാതിക്രമങ്ങള്‍ രാജ്യത്തിന് അപമാനകരമാണെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ് അഭിപ്രായപ്പെട്ടു. കന്ദമാലിലെ കലാപങ്ങളുടെ പേരില്‍ ഒറീസയില്‍ തടവി ലാക്കപ്പെട്ടവരുടെ കഥ പറയുന്ന “നിരപരാധികള്‍ തടവറയില്‍” എന്ന ഡോക്കുമെന്‍ററിയുടെ പ്രകാശനം കോഴിക്കോട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയനെന്ന നിലയില്‍ കന്ദമാലില്‍ സംഭവിച്ച കാര്യങ്ങളില്‍ താന്‍ ലജ്ജിക്കുന്നു. കന്ദമാലിലെ ക്രൂരമായ അതിക്രമങ്ങള്‍ക്കു ശേഷം നിരപരാധികളായ ഏഴു ക്രൈസ്തവരെ ജയിലിലടച്ചിരിക്കുകയാണ്. അവരുടെ ഭാര്യമാരെ സന്ദര്‍ശിച്ചതായും ഏഴു ക്രൈസ്തവര്‍ എന്തിനാണു ജയില്‍ വാസമനുഭവിക്കുന്നതെന്നു മനസ്സിലാക്കാനാകുന്നില്ലെന്നും അഗ്നി വേശ് പറഞ്ഞു.

കന്ദമാലിലെ ക്രൈസ്തവ പീഡനങ്ങളുടെ നിജസ്ഥിതി പുറംലോകത്തെത്തിച്ച പത്രപ്രവര്‍ത്തകനായ ആന്‍റോ അക്കരയാണ് നിരപരാധികള്‍ തടവറയില്‍ എന്ന ഡോക്കുമെന്‍ററി തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിനു പുറമെ ഒറിയ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ഡോക്കുമെന്‍ററി ലഭ്യമാണ്. ഏഴു നിരപരാധികളുടെ മോചനത്തിനായി ഓണ്‍ ലൈന്‍ ഒപ്പു ശേഖരണവും നടത്തിയിട്ടുള്ള ആന്‍റോ അക്കര കന്ദമാല്‍ കലാപത്തിന്‍റെ ഉള്ളറകളെക്കുറിച്ചു ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 27 തവണ കന്ദമാല്‍ സന്ദര്‍ശിച്ചിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കന്ദമാല്‍ ക്രൈസ്തവര്‍ക്കു നീതി ലഭ്യമാക്കാനുള്ള പ്രയത്നങ്ങളില്‍ വ്യാപൃതനാണ്. www.release7innocents.com എന്ന വെബ്സൈറ്റില്‍ ഡോക്കുമെന്‍ററി കാണാം.

Leave a Comment

*
*