സ്വീകരണം നല്കി

ദേശീയ കായിക മത്സരങ്ങളില്‍ പ്രതിഭ തെളിയിച്ച റോസ് മരിയ, അനു ജോസഫ്, കെ.ജെ. അര്‍പ്പിത്, യു.ആര്‍. ഉത്തര, സംസ്ഥാന കായികമേളയില്‍ മെഡല്‍ നേടിയ ഡിഫ്ന ജോസ്, കായികാദ്ധ്യാപകന്‍ കെ.എസ്. സിബി എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ദേശീയ കായിക മത്സരങ്ങളില്‍ മിന്നിത്തിളങ്ങിയ പരിയാപുരത്തിന്‍റെ അഭിമാനതാരങ്ങള്‍ക്കു പൗരാവലിയുടെ ഉജ്ജ്വലസ്വീകരണം. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നടന്ന സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ദേശീയ റസലിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ (70 കിലോ) വെള്ളിമെഡല്‍ കരസ്ഥമാക്കിയ റോസ് മരിയ പുതുപ്പറമ്പില്‍, തെലങ്കാനയിലെ വാറംഗലില്‍ നടന്ന ദേശീയ സബ്ജൂനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയ കേരള ടീമിലെ അംഗം അനു ജോസഫ്, ഇതേ ഇനത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിനു വേണ്ടി കളത്തിലിറങ്ങിയ കെ.ജെ. അര്‍പ്പിത്, നാസിക്കില്‍ നടന്ന ദേശീയ ഷട്ടില്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്ത കേരള ടീം അംഗം ടി.ആര്‍. ഉത്തര, സംസ്ഥാന കായികമേളയില്‍ ലോങ്ങ്ജമ്പില്‍ വെങ്കല മെഡല്‍ നേടിയ ഡിഫ്ന ജോസ്, കായികാദ്ധ്യാപകന്‍ കെ.എസ്. സിബി എന്നിവര്‍ക്കാണു ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കിയത്.
പരിയാപുരത്തുനിന്നും വാദ്യമേളങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ നാടിന്‍റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി തുറന്ന വാഹനത്തില്‍ കായികതാരങ്ങള്‍ അണിചേര്‍ന്നു. അങ്ങാടിപ്പുറം പുത്തനങ്ങാടി ചുറ്റി പരിയാപുരം ഫാത്തിമ യു.പി. സ്കൂള്‍ അങ്കണത്തില്‍ സമാപിച്ചു. റാലിക്കുശേഷം നടന്ന അനുമോദനസമ്മേളനം ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ ഡോ. ജേക്കബ് കൂത്തൂര്‍ ആദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി.കെ. റഷീദലി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്‍ അമീര്‍ പാതാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഒ. കേശവന്‍ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ഏലിയാമ്മ തോമസ്, പഞ്ചായത്ത് അംഗം അബ്ദുസലാം ആറങ്ങോടന്‍, മനോജ് വീട്ടുവേലിക്കുന്നേല്‍, ഇ.ജെ. ആന്‍റണി, ജോണി പുതുപ്പറമ്പില്‍, ജോസുകുട്ടി ഇയ്യാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

അനുമോദിച്ചു

അങ്ങാടിപ്പുറം: ദേശീയ നെറ്റ്ബോള്‍ (സബ് ജൂനിയര്‍ – പെണ്‍കുട്ടികള്‍) ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയ കേരള സംസ്ഥാന ടീം അംഗം അനു ജോസഫിനും ഇതേ ഇനത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരള ടീം അംഗമായ കെ.ജെ. അര്‍പ്പിതിനും ജന്മനാടായ ചീരട്ടാമലയില്‍ സ്വീകരണം നല്കി.
മഞ്ഞളാംകുഴി അലി എംഎല്‍എ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയതു. എംഎല്‍എ ഇരുവരെയും ഹാരമണിയിച്ചു. കാഷ് അവാര്‍ഡും മെമന്‍റോയും സമ്മാനിച്ചു. പഞ്ചായത്ത് അംഗം ജോയി കൊച്ചീത്ര ആദ്ധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ അമീര്‍ പാതാരി, പഞ്ചായത്ത് അംഗം എല്‍സമ്മ ചെറിയാന്‍, മനോജ് വീട്ടുവേലിക്കുന്നേല്‍, കായികാദ്ധ്യാപകന്‍ കെ.എസ്. സിബി, അസീസ് ഹാജി, ഹനീഫ പുലാശ്ശേരി, ബി നോജ് പുതുപ്പറമ്പില്‍, പി. മുഹമ്മദ്, റെജി കണ്ണംപള്ളി, നിഷാദ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

മൊതക്കര തിരുമുഖ രജത ജൂബിലി സമാപനവും ദേവാലയ തിരുനാളും

മാനന്തവാടി: ഏഷ്യയിലെ ഏക തിരുമുഖ ഇടവകയായ മൊതക്കര ദേവാലയത്തില്‍ രജതജൂബിലി സമാപനവും തിരുനാളും നടത്തി. ഇടവകയിലെ കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണവും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ജൂബിലിയേറിയന്‍സിനെയും ആദരിച്ചു. പുതിയതായി നിര്‍മ്മിച്ച തിരുമുഖ ഗ്രോട്ടോ വെഞ്ചെരിച്ചു. അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി.
സാംസ്കാരിക സമ്മേളനത്തില്‍ സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം ഉദ്ഘാ ടനം ചെയ്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി തങ്കമണി അദ്ധ്യക്ഷയായിരുന്നു. വിവിധ സാംസ്കാരിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു. നൂറിലധികം കലാകാരന്‍മാര്‍ കലാപരിപാടികള്‍ അവതരി പ്പിച്ചു.
ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കും നൊവേനയ്ക്കും മാനന്തവാടി രൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു മാടപ്പള്ളിക്കുന്നേല്‍ നേതൃത്വം വഹിച്ചു. തുടര്‍ന്ന് പ്രദക്ഷിണവും നേര്‍ച്ചഭക്ഷണവും ഉണ്ടായിരുന്നു. മൊതക്കര ഇടവക വികാരി ഫാ. ജസ്റ്റിന്‍ മുത്താനിക്കാട്ട്, കൈക്കാരന്‍ ഷാജി ജേക്കബ്, ഐ. സി. ജോസ് എന്നിവര്‍ വിവിധ ദിവസങ്ങളിലെ പരിപാടികള്‍ക്കു നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org