ആഗോള സിനഡ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, പേപ്പല്‍ പ്രതിനിധികളെ നിയോഗിച്ചു

ആഗോള സിനഡ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, പേപ്പല്‍ പ്രതിനിധികളെ നിയോഗിച്ചു

ഒക്ടോബര്‍ 3 മുതല്‍ വത്തിക്കാനില്‍ നടക്കുന്ന ആഗോള മെത്രാന്‍ സിനഡില്‍ മാര്‍പാപ്പയ്ക്കു വേണ്ടി വിവിധ ചുമതലകള്‍ നിര്‍വഹിക്കേണ്ടവരെ നിയോഗിച്ചു. ജര്‍മ്മന്‍ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ റീയിന്‍ ഹാര്‍ഡ് മാര്‍ക്സ്, ചിക്കാഗോ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ബ്ലെയിസ് ക്യുപിച്, നെവാര്‍ക്ക് ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ജോസഫ് ടോ ബിന്‍, റോം രൂപതാ വികാരി കാര്‍ഡിനല്‍ ആഞ്ജെലോ ഡെ ഡോണാറ്റിസ് തുടങ്ങിയവരെയാണ് സിനഡിന്‍റെ നടത്തിപ്പിനായി മാര്‍പാപ്പ ചുമതലപ്പെടുത്തിയത്. ഇവരെല്ലാവരും മാര്‍പാപ്പയുടെ വിശ്വസ്തരായി അറിയപ്പെടുന്നവരാണ്. പാപ്പയുടെ അടുത്ത സുഹൃത്തും ലചിവില്‍ത്ത കത്തോലിക്ക എന്ന ജെസ്യൂട്ട് പ്രസിദ്ധീകരണത്തിന്‍റെ ചീഫ് എഡിറ്ററുമായ ഫാ. അന്‍റോണിയോ സ്പദാരോ തുടങ്ങിയവരും പാപ്പ നിയോഗിച്ചവരിലുണ്ട്.

യുവജനങ്ങളാണ് സിനഡിന്‍റെ മുഖ്യപ്രമേയം. അവരുടെ ദൈവവിളിയും വിളിയുടെ വിവേചനവുമാണ് സിനഡില്‍ ചര്‍ച്ച ചെയ്യപ്പെടുക. ഒക് ടോബര്‍ 30 വരെ നടക്കുന്ന സിനഡില്‍ കാര്‍ഡിനല്‍മാരും മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരുമായ 300 പ്രതിനിധികള്‍ പങ്കെടുക്കും. ലോകത്തിന്‍റെ എല്ലാ ഭാഗത്തു നിന്നുള്ളവരുടേയും പ്രാതിനിധ്യമുണ്ടാകും. ഉറുഗ്വേ, പാപുവാന്യൂഗിനി, മഡഗാസ്കര്‍, അങ്കോള, ലാവോസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം ശ്രദ്ധേയമാണ്. 2015 ലെ ആഗോള സിനഡില്‍ ഇത്രയും സാര്‍വത്രികസ്വഭാവമുള്ള പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org