സിനഡാലിറ്റി: 2022 ലെ മെത്രാന്‍ സിനഡിന്‍റെ പ്രമേയം

സിനഡാലിറ്റി: 2022 ലെ മെത്രാന്‍ സിനഡിന്‍റെ പ്രമേയം

2022 ഒക്ടോബറില്‍ നടക്കുന്ന ആഗോള മെത്രാന്‍ സിനഡിന്‍റെ പ്രമേയം ഫ്രാന്‍സിസ് മാര്‍പാപ്പ നിശ്ചയിച്ചു. "ഒരു സിനഡല്‍ സഭയ്ക്കായി: കൂട്ടായ്മ, പങ്കാളിത്തം, മിഷന്‍" എന്നതായിരിക്കും അത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഭാഭരണത്തിന്‍റെ ഒരു സവിശേഷതയാണ് സിനഡാലിറ്റി അഥവാ സംഘാത്മകത. തന്നെ ഉപദേശിക്കാന്‍ എല്ലാ വന്‍കരകളില്‍ നിന്നുമുള്ള ഓരോ കാര്‍ഡിനല്‍മാരെ ഉള്‍പ്പെടുത്തി ആലോചനാ സമിതി രൂപീകരിച്ചത് ഇതിനുദാഹരണമാണിത്. ഇതുവരെ സഭയില്‍ ഇല്ലാതിരുന്ന ഒരു സംവിധാനമാണിത്. അതേസമയം സംഘാത്മകത വളരെയധികം വിശദീകരണങ്ങള്‍ ആവശ്യമുള്ള ഒരു പ്രയോഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേവലമായ ജനാധിപത്യവും സഭയിലെ സംഘാത്മകതയും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും ആശയക്കുഴപ്പം സൃഷ്ടിക്കാനിടയുള്ളതാണ്.

2018-ല്‍ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍ സിനഡാലിറ്റിയെ കുറിച്ച് ഒരു രേഖ പ്രസിദ്ധപ്പെടുത്തിയിരുന്നു. സിനഡാലിറ്റി ആരംഭം മുതല്‍ സഭയുടെ ഭാഗമാണെന്നും തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ എല്ലാവരേയും ഉള്‍പ്പെടുത്തുന്നതു മാത്രമല്ല അതെന്നും രേഖ വിശദമാക്കുന്നു. ദൈവഹിതം വിവേചിച്ചറിയുന്നതിലും പരിശുദ്ധാത്മാവിനെ ശ്രവിക്കുന്നതിലും എല്ലാവരേയും പങ്കാളികളാക്കണം. ദൈവസ്നേഹവും യേശുക്രിസ്തുവിലുള്ള രക്ഷയും ലോകത്തോടു പ്രഘോഷിക്കുകയെന്ന സഭാദൗത്യം നിറവേറ്റാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച ഓരോരുത്തര്‍ക്കുമുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമേതെന്നു കണ്ടെത്തുകയാണ് ആവശ്യം – രേഖ വിശദീകരിക്കുന്നു.

സിനഡാലിറ്റിയും ജനാധിപത്യവും തമ്മിലുള്ള വ്യത്യാസവും രേഖ വിവരിക്കുന്നുണ്ട്. സിനഡല്‍ സഭ എന്നത് പങ്കാളിത്തത്തിന്‍റെയും കൂട്ടുത്തരവാദിത്വത്തിന്‍റെയും സഭയാണ്. മെത്രാന്മാരിലും മാര്‍പാപ്പയിലും ക്രിസ്തു ഏല്‍പിച്ചിരിക്കുന്ന അധികാരത്തോടു ചേര്‍ന്ന് എല്ലാവരും അവരവരുടെ വിളിക്കനുസരിച്ച് സഭാദൗത്യത്തില്‍ പങ്കുചേരുകയാണ് ആവശ്യം. എല്ലാ വിശ്വാസികളും അര്‍ഹതപ്പെട്ടവരാണ്. തങ്ങള്‍ പരിശുദ്ധാത്മാവില്‍ നിന്നു സ്വീകരിച്ചിരിക്കുന്ന ദാനങ്ങള്‍ ഉപയോഗിച്ച് പരസ്പരം സേവനം ചെയ്യാന്‍ വിളിക്കപ്പെട്ടവരുമാണ് – രേഖ വിശദീകരിക്കുന്നു. ഇതനുസരിച്ചുള്ള കൂടുതല്‍ ചര്‍ച്ചകളും തീരുമാനങ്ങളും 2022 ലെ സിനഡില്‍ ഉണ്ടാകുമെന്നു കരുതപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org