സിറിയയില്‍ ക്രൈസ്തവര്‍ നേരിടുന്നത് അവര്‍ണനീയ ദുരിതമെന്നു പാത്രിയര്‍ക്കീസ്

ഇസ്ലാമിക ഭീകരവാദികളുടെ അക്രമങ്ങളെ തുടര്‍ന്നു സിറിയയില്‍ കത്തോലിക്കരും ന്യൂനപക്ഷങ്ങളും നേരിടുന്നത് വിവരിക്കാനാകാത്ത ദുരിതങ്ങളാണെന്ന് സിറിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്നേസ് ജോസഫ് മൂന്നാമന്‍ യൗനാന്‍ പ്രസ്താവിച്ചു. കാരിത്താസ് ഇന്‍റര്‍നാഷണല്‍ അദ്ധ്യക്ഷനായ കാര്‍ഡിനല്‍ ലുയി അന്‍റോണിയോ ടാഗ്ലെയ്ക്കൊപ്പം ദമാസ്കസിനു സമീപത്തെ ജനവാസകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയിലെ വിവിധ കത്തോലിക്കാസഭാദ്ധ്യക്ഷന്മാരും സന്ദര്‍ശകസംഘത്തിലുണ്ടായിരുന്നു. ദീര്‍ഘകാലം മുസ്ലീം തീവ്രവാദികള്‍ ക്രൈസ്തവരെ ബന്ദികളാക്കി വച്ച ഈ പ്രദേശങ്ങളിലുണ്ടായിരിക്കുന്നത് ഭീകരമായ വിനാശമാണെന്നു പാത്രിയര്‍ക്കീസ് പറഞ്ഞു,

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍നിന്ന് സിറിയന്‍ ഭരണകൂടം ഏറ്റവുമൊടുവില്‍ മോചിപ്പിച്ച പ്രദേശത്തായിരുന്നു സഭാനേതാക്കളുടെ സന്ദര്‍ശനം. ഒരു സമയത്ത് നാലു ലക്ഷത്തോളം പേരാണ് ഇവിടെ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ അടിമത്തത്തില്‍ കഴിഞ്ഞിരുന്നത്. രാസായുധപ്രയോഗങ്ങള്‍ വരെ ഈ പ്രദേശത്തു നടന്നതായി വാര്‍ത്തകളുണ്ടായിരുന്നു. പ്രദേശത്തിന്‍റെ സമഗ്രമായ പുനഃനിര്‍മ്മാണമാണ് ആവശ്യമായിരിക്കുന്നതെന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മതിയാകില്ലെന്നും പാത്രിയര്‍ക്കീസ് പറഞ്ഞു. ഇവിടേയ്ക്ക് കത്തോലിക്കാസഭയുടെ അന്താരാഷ്ട്ര സഹായമെത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു കാരിത്താസ് ഇന്‍റര്‍ നാഷണല്‍ അദ്ധ്യക്ഷനെ കൂട്ടിയുള്ള സിറിയന്‍ സഭാദ്ധ്യക്ഷന്മാരുടെ സന്ദര്‍ശനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org