സീറോ മലബാര്‍ സഭയ്ക്കു പുതിയ മൂന്നു മെത്രാന്മാര്‍

സീറോ മലബാര്‍ സഭയ്ക്കു പുതിയ മൂന്നു മെത്രാന്മാര്‍

സീറോ മലബാര്‍ സഭയില്‍ മൂന്നു മെത്രാന്മാര്‍ കൂടി നിയമിതരായി. റവ. ഡോ. ടോണി നീലങ്കാവില്‍ തൃശൂര്‍ അതിരൂപതയുടെയും റവ. ഡോ. ജോസഫ് പാംപ്ലാനി തലശ്ശേരി അതിരൂപതയുടെയും സഹായമെത്രാന്മാരാകും. സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ കൂരിയാ മെത്രാനായി ഫാ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും നിയമിക്കപ്പെട്ടു.

തൃശൂര്‍ സഹായമെത്രാനായി നിയമതിനാകുന്ന റവ. ഡോ. ടോണി നീലങ്കാവില്‍ ഷെവലിയര്‍ എന്‍. എ. ഔസേപ്പിന്‍റെയും റ്റി.ജെ. മേരിയുടെയും അഞ്ചു മക്കളില്‍ മൂത്തമകനായി 1967 ജൂലൈ 23-ന് ജനിച്ചു. തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ ഇടവകാംഗമാണ്. വൈദിക പഠനത്തിനുശേഷം 1993 ഡിസംബര്‍ 27-ന് മാര്‍ ജോസഫ് കുണ്ടുകുളം പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. ഒല്ലൂര്‍, പാലയൂര്‍ എന്നീ പള്ളികളില്‍ അസിസ്റ്റന്‍റ് വികാരിയായി ശുശ്രൂഷ ചെയ്തു. ലുവൈന്‍ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ നിന്നു ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. 2002-ല്‍ നാട്ടില്‍ തിരിച്ചെത്തി തൃശൂര്‍ മേരി മാതാ സെമിനാരിയില്‍ ആനിമേറ്ററായും ആത്മീയപിതാവായും അധ്യാപകനായും ഡീന്‍ ഓഫ് സ്റ്റഡീസ് ആയും സേവനമനുഷ്ഠിച്ച അദ്ദേഹം 2017 മാര്‍ച്ചിലാണ് ഇതേ സെമിനാരിയില്‍ റെക്ടറായി നിയമിക്കപ്പെട്ടത്.

പാംപ്ലാനിയില്‍ തോമസ്-മേരി ദമ്പതികളുടെ ഏഴു മക്കളില്‍ അഞ്ചാമനായി 1969 ഡിസംബര്‍ 3-ന് ജനിച്ച നിയുക്തമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി തലശ്ശേരി അതിരൂപതയിലെ ചരല്‍ ഇടവകാംഗമാണ്. 1997 ഡിസംബര്‍ 30-ന് മാര്‍ ജോസഫ് വലിയമറ്റം പിതാവില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് പേരാവൂര്‍ പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും ദീപഗിരി ഇടവകയില്‍ വികാരിയായും ശുശ്രൂഷ ചെയ്തു. ലുവൈന്‍ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ നിന്നു ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. 2006-ല്‍ നാട്ടില്‍ തിരിച്ചെത്തി തലശ്ശേരി ബൈബിള്‍ അപ്പസ്തോലേറ്റ് ഡയറക്ടറായി നിയമിതനായി. ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകനായ ഫാ. പാംപ്ലാനി ആലുവാ, വടവാതൂര്‍, കുന്നോത്ത്, ബാംഗ്ലൂര്‍ സെന്‍റ് പീറ്റേഴ്സ് എന്നീ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസ്സറാണ്. ഇപ്പോള്‍ തലശ്ശേരി അതിരൂപതയുടെ സിന്‍ ചെല്ലൂസാണ്.

പെരുവന്താനം വാണിയപ്പുരയ്ക്കല്‍ വി.എം. തോമസിന്‍റെയും പരേതയായ ഏലിയാമ്മയുടെയും ഒന്‍പതു മക്കളില്‍ എട്ടാമനായി 1967 മാര്‍ച്ച് 29-ന് ജനിച്ച ഫാ. സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ നിര്‍മലഗിരി ഇടവകാംഗമാണ്. 1992 ഡിസംബര്‍ 30-ന് മാര്‍ മാത്യു വട്ടക്കുഴി പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് കട്ടപ്പന സെന്‍റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായി ശുശ്രൂഷ ചെയ്തു. 1995-ല്‍ കാഞ്ഞിരപ്പള്ളി രൂപതാ യുവദീപ്തി ഡയറക്ടറായി നിയമിക്കപ്പെട്ടു. 2000-ല്‍ ഉപരിപഠനാര്‍ഥം റോമിനു പോയ നിയുക്ത മെത്രാന്‍ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയില്‍ നിന്നു സഭാനിയമത്തില്‍ ഡോക്ടറേറ്റു നേടി. കാഞ്ഞിരപ്പള്ളി രൂപതാ ജൂഡീഷ്യല്‍ വികാരിയായും കൊരട്ടി, പൂമറ്റം, ചെന്നാക്കുന്ന്, മുളംകുന്ന് എന്നീ പള്ളികളില്‍ വികാരിയായും സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കോടതിയില്‍ ബന്ധസംരക്ഷകനായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. കപ്പാട് ബെനഡിക്റ്റൈന്‍ ആശ്രമത്തിലും കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയിലും പൊടിമറ്റം നിര്‍മലാ തിയളോജിക്കല്‍ കോളജിലും അധ്യാപകനായിരുന്നു. സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ വൈസ് ചാന്‍സലറായി സേവനം ചെയ്തു വരവേയാണ് കൂരിയാ മെ ത്രാനായി നിയമിക്കപ്പെട്ടിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org