സീറോ മലബാര്‍ സഭാ സിനഡ്

സീറോ മലബാര്‍ സഭാ സിനഡ്

സീറോ മലബാര്‍ സഭ സിനഡ് സമ്മേളനം സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്നു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടന്ന ആറു ദിവസത്തെ സിനഡില്‍ സഭയിലെ 59 മെത്രാന്മാര്‍ പങ്കെടുത്തു. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നയിച്ച ധ്യാനത്തോടെയാണു സിനഡിനു തുടക്കമായത്. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ്പിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ മെത്രാന്മാര്‍ ദിവ്യബലിയര്‍പ്പിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് സിനഡ് ഹാളില്‍ ദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയുടെ 26-ാമത് സിനഡിന്‍റെ ആദ്യ സെഷനാണ് ഇപ്പോള്‍ നടന്നത്.

കര്‍ഷകരും കാര്‍ഷികമേഖലയും നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ കൂട്ടായ പരിശ്രമങ്ങളും മുന്നേറ്റങ്ങളും ആവശ്യമെന്നു സീറോ മലബാര്‍ സഭ സിനഡ് അഭിപ്രായപ്പെട്ടു. കേരളത്തിലും പുറത്തുമുള്ള കര്‍ഷകരുടെ ജീവഹാനിയും വന്യമൃഗങ്ങളില്‍ നിന്ന് അവര്‍ നേരിടുന്ന നിരന്തരമായ ശല്യവും ഉപജീവനമാര്‍ഗങ്ങളുടെ അപര്യാപ്തതയും സിനഡ് ഗൗരവമായി ചര്‍ച്ച ചെയ്തു. വന്യമൃഗങ്ങള്‍ നാട്ടിലേയ്ക്ക് ഇറങ്ങിവരുന്നതും, കൃഷി നശിപ്പിക്കുന്നതും, മനുഷ്യരെ ആക്രമിക്കുന്നതും പതിവാകുന്നു. സഭാസമൂഹത്തിന് ഇതില്‍ ആശങ്കയുണ്ട്. കൂട്ടായ ചര്‍ച്ചകളിലൂടെ ഇതിനു പരിഹാരം രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. സമൂഹത്തിന്‍റെ ആവശ്യങ്ങളോടു ചേര്‍ന്നു സഭാനേതൃത്വം സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തണം. സീറോമലബാര്‍ സഭയ്ക്കു ഭാരതത്തിലെമ്പാടും അജപാലന സ്വാതന്ത്ര്യം ലഭിച്ച പശ്ചാത്തലത്തില്‍ സഭയുടെ മാനങ്ങളിലും, പ്രതിബദ്ധതകളിലും മാറ്റങ്ങള്‍ അത്യാവശ്യമാണ്. സഭാമക്കളെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കാനും ഭാരതത്തിന്‍റെ ആത്മാവിനെ കണ്ടെത്താനും പരിശ്രമമുണ്ടാകണം.

സ്ത്രീകളുടെ സന്യസ്തവിളിയിലുണ്ടാകുന്ന കുറവ് ആശങ്കാജനകമാണെന്നു സിനഡ് വിലയിരുത്തി. ഇതു സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കും. ഇക്കാര്യം ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ട്. കൂടുതല്‍ ഫലപ്രദമായ പ്രതിവിധികള്‍ കണ്ടെത്താനും അനുകരണീയമായ മാതൃകകള്‍ രൂപപ്പെടുത്താനും പരിശ്രമങ്ങളുണ്ടാവണമെന്നും സിനഡ് നിരീക്ഷിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org