Latest News
|^| Home -> National -> വര്‍ത്തമാനകാല വെല്ലുവിളികളെ നേരിടാന്‍ സഭ സജ്ജമാകണം: സീറോ മലബാര്‍ സിനഡ്

വര്‍ത്തമാനകാല വെല്ലുവിളികളെ നേരിടാന്‍ സഭ സജ്ജമാകണം: സീറോ മലബാര്‍ സിനഡ്

Sathyadeepam

സാമൂഹ്യ, സാംസ്കാരിക, ആധ്യാത്മിക രംഗങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ പ്രാര്‍ത്ഥനാമനസോടെ അവധാനപൂര്‍വം ഒരുങ്ങണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടു സീറോ മലബാര്‍ സഭാസിനഡിനു തുടക്കം. സഭാസിനഡ് കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സിനഡിന്‍റെ ഇരുപത്തിയഞ്ചാമതു സമ്മേളനത്തിന്‍റെ രണ്ടാം സെഷനാണു സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ ആരംഭിച്ചത്. സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനഡില്‍ സഭയിലെ 49 മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്.

രാജ്യം നേരിടുന്ന മത, സാമൂഹ്യ പ്രതിസന്ധികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സിനഡ് പ്രതിജ്ഞാബദ്ധമാണെന്നു മേജര്‍ ആര്‍ച്ച്ബി ഷപ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസജീവിതം അര്‍ത്ഥപൂര്‍ണമാക്കുന്നതിനൊപ്പം സാമൂഹ്യപ്രതിബദ്ധതയോടെ പൊതുവിഷയങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്താനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സാഗര്‍ ബിഷപ് മാര്‍ ആന്‍റണി ചിറയത്തിന്‍റെ നേതൃത്വത്തിലുള്ള പ്രാരംഭധ്യാനത്തോടെയായിരുന്നു സിനഡിനു തുടക്കമായത്. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാന്മാര്‍ ദിവ്യബലിയര്‍പ്പിച്ചു. ജന്മശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമാ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു സിനഡിനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ സ്വീകരണം നല്‍കി. സഭയിലെ വിവിധ സന്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുമായി സിനഡിലെ മെത്രാന്മാര്‍ സമര്‍പ്പിതജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 27-നു കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ ആരംഭിക്കുന്ന കാനന്‍ നിയമ ഫാക്കല്‍ട്ടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സിനഡിലെ മെത്രാന്മാര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ഒന്നിനു സിനഡ് സമാപിക്കും.

Leave a Comment

*
*