സാധാരണ ജീവിതങ്ങളുടെ സങ്കീര്‍ണതകള്‍ അറിയുന്നവരാവണം അജപാലകര്‍ – സീറോ മലബാര്‍ സിനഡ്

സാധാരണ ജീവിതങ്ങളുടെ സങ്കീര്‍ണതകള്‍ അറിയുന്നവരാവണം അജപാലകര്‍ – സീറോ മലബാര്‍ സിനഡ്

സാധാരണ മനുഷ്യരുടെ സങ്കടങ്ങളും ജീവിതസാഹചര്യങ്ങളും സങ്കീര്‍ണതകളും തിരിച്ചറിഞ്ഞ്, അവരെ സ്നേഹിക്കാന്‍ അജപാലകര്‍ക്കു സാധിക്കണമെന്നു സീറോ മലബാര്‍ സിനഡ് ഓര്‍മിപ്പിച്ചു. കത്തോലിക്കാസഭയില്‍ പതിനൊന്നു വര്‍ഷം നീണ്ടു നില്‍ക്കുന്ന വൈദിക പരിശീലനത്തിലൂടെ ജനത്തിനൊപ്പം സഹഗമനം നടത്തുന്ന അജപാലകര്‍ രൂപപ്പെടുന്നതിലാണു സഭയുടെ പ്രത്യാശ. യുവജനങ്ങളെ സഭയിലേക്ക് ആകര്‍ഷിക്കുവാനും ഇതര മതസമൂഹങ്ങളുടെ ജീവിതധാരയില്‍ ഭാഗമാകുവാനും മറ്റു ക്രൈസ്തവ സമൂഹങ്ങളുമായി ആശയവിനിമയം നടത്തുവാനും നവവൈദികര്‍ സന്നദ്ധരാവണം.

കെസിബിസിയുടെ നിര്‍ദേശത്തോടു ചേര്‍ന്ന് അണ്‍ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്കു ന്യായമായ വേതനം നല്‍കേണ്ടതുണ്ടെന്നു സിനഡ് ആവശ്യപ്പെട്ടു. സീറോ മലബാര്‍ സിനഡിന്‍റെ പൊതുനിര്‍ദേശത്തിന്‍റെ വെളിച്ചത്തില്‍ സഭയുടെ വിദ്യാലയ മാനേജ്മെന്‍റുകളില്‍ പ്രവേശനത്തിനും ജോലിക്കും പണം സ്വീകരിക്കുന്ന പതിവില്ല. എന്നാല്‍ ചിലയിടങ്ങളില്‍ അത്തരം രീതിയുണ്ടെന്നു പരാതികളുണ്ട്. സഭാസ്ഥാപനങ്ങളില്‍ ജോലിക്കും കോഴ്സുകളുടെ പ്രവേശനത്തിനും പണം കൈപ്പറ്റുന്ന പ്രവണത ശരിയല്ല. ഇത് എവിടെയെങ്കിലുമുണ്ടെങ്കില്‍ അതു തിരുത്തപ്പെടണം.

പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകരോടു സിനഡ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പരിധിയില്ലാത്ത ഇറക്കുമതി മൂലം റബര്‍ കര്‍ഷകര്‍ക്കു തങ്ങളുടെ ഉല്പന്നം കുറഞ്ഞ വിലയില്‍ വില്‍ക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. ആഭ്യന്തരവിപണിയില്‍ വിലയിടിഞ്ഞതോടെ ടാപ്പിംഗ് തൊഴിലാളികള്‍ക്കു കൂലി കൊടുക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയുണ്ട്. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ തുടരണം. ഇക്കാര്യത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്. വന്യമൃഗങ്ങളുടെ ശല്യമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കര്‍ഷകര്‍ക്കും കൃഷിയ്ക്കും സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സമീപത്തു മദ്യ ശാലകള്‍ സ്ഥാപിക്കുന്നതിനുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ച സര്‍ക്കാര്‍ തീരുമാനം ആശങ്കയുണര്‍ത്തുന്നതാണ്. ദേവാലയങ്ങളിലും സഭാസ്ഥാപനങ്ങളിലും ആരോഗ്യപരവും മാനവമഹത്ത്വം വളര്‍ത്തുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ വൈദികരും സമര്‍പ്പിതരും വിശ്വാസസമൂഹവും കൈകോര്‍ത്തു പ്രവര്‍ത്തിക്കണമെന്നും സിനഡ് ആഹ്വാനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org