Latest News
|^| Home -> National -> ദളിത് ക്രൈസ്തവരുടെ അവകാശം സംരക്ഷിക്കണം സീറോ മലബാര്‍ സിനഡ്

ദളിത് ക്രൈസ്തവരുടെ അവകാശം സംരക്ഷിക്കണം സീറോ മലബാര്‍ സിനഡ്

Sathyadeepam

ദളിത് ക്രൈസ്തവര്‍ക്ക് ഇതര മതവിഭാഗങ്ങളിലെ ദളിതര്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതു പ്രത്യക്ഷമായ നീതി നിഷേധമാണെന്നു സീറോ മലബാര്‍ സിനഡ് വിലയിരുത്തി. പതിറ്റാണ്ടുകളായി സഭ ഉന്നയിക്കുന്ന ദളിതരുടെ അവകാശ സംരക്ഷണമെന്ന ആവശ്യം അധികാരികള്‍ അവഗണിക്കുന്നതു മതപരമായ വിവേചനമാണ്. ദളിത് കുടുംബങ്ങളിലെ കുട്ടികളുടെ ഉപരിപഠനത്തിനു സഹായം നല്‍കാന്‍ സഭയിലുള്ള പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാനും സിനഡ് തീരുമാനിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ അനാവശ്യ പ്രതിസന്ധി കള്‍ സൃഷ്ടിക്കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നു സിനഡ് നിരീക്ഷിച്ചു. അധ്യാപക തസ്തികകള്‍ അനുവദിക്കാതെയും നിയമനങ്ങള്‍ പാസാക്കാതെയും എയ്ഡഡ് വിദ്യാഭ്യാസമേഖലയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്ന നയമാണ് ഇടതുമുന്നണി സര്‍ക്കാരും പിന്തുടരുന്നതെന്നതു ഖേദകരമാണ്. ആയിരക്കണക്കിന് അധ്യാപകര്‍ വര്‍ഷങ്ങളായി വേതനമില്ലാതെ ജോലി ചെ യ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാട്ടണം. ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശത്തില്‍ അനാവശ്യമായ ഇടപെടല്‍ നടത്തുന്ന നിയമനിര്‍മാണങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണം.

കാര്‍ഷികമേഖലയിലെ തിരിച്ചടികള്‍ മൂലം കര്‍ഷകര്‍ നിത്യദാരിദ്ര്യത്തിലേയ്ക്കു നീങ്ങുന്ന ദയനീ യ അവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് അല്മായ നേതാക്കള്‍ സിനഡില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. മുന്നോട്ടുപോകാന്‍ യാതൊരു മാര്‍ഗവുമില്ലാതെ ഗതിമുട്ടിയ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ പ്രതിബദ്ധത കാട്ടണം. അല്മായര്‍ക്ക് സഭയില്‍ ക്രിയാത്മകമായ പങ്കാളിത്തം കൂടുതലായി ഉറപ്പുവരുത്താനുള്ള തീരുമാനങ്ങള്‍ സിനഡ് കൈക്കൊണ്ടു.

കേരളം നേരിട്ട പ്രളയത്തെ അതിജീവിക്കാന്‍ സീറോ മലബാര്‍ സഭ ക്രിയാത്മകമായ പങ്കു വഹിച്ചെന്നു സിനഡ് വിലയിരുത്തി. സഭയിലെ വിവിധ രൂപതകളും സന്യാസസമൂഹങ്ങളും ചേര്‍ന്ന് 188 കോടിയില്‍പരം രൂപ സമാഹരിച്ചുവെന്നു സിനഡില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കി. പ്രളയക്കെടുതി നേരിട്ട വിവിധ പ്രദേശങ്ങളിലെ ഏറ്റവും അര്‍ഹരായവര്‍ക്ക് ജാതിമതഭേദമെന്യേ ഈ തുക ലഭ്യമാക്കിയതിനെ സിനഡ് അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.13 കോടി രൂപ കൂടി സീറോ മലബാര്‍ സഭയുടെ സംഭാവനയായി നല്‍കാനും ജനുവരി 18 കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സമാപിച്ച സിനഡ് തീരുമാനിച്ചു.

Leave a Comment

*
*