താഴേത്തട്ടിലേക്ക് സഭാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം -സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍

സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരിലേക്കു സഭയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്ന് സീറോ മലബാര്‍ സഭയുടെ സിനഡല്‍ കമ്മീഷന്‍ സമ്മേളനം അഭിപ്രായപ്പെട്ടു. പാവപ്പെട്ടവര്‍ക്കും പുറന്തള്ളപ്പെട്ടവര്‍ക്കും കിടപ്പാടമില്ലാത്തവര്‍ക്കും സഭയില്‍ വേദികളുണ്ടാകണം. ഭിന്നശേഷി സൗഹൃദസഭയായി സീറോ മലബാര്‍ സഭ വളര്‍ന്നുവരേണ്ടതുണ്ടെന്നും സമ്മേളനം നിരീക്ഷിച്ചു. കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്‍റെ യോഗം കാക്കനാട് മൗണ്ട് സെന്‍റ് തോമസിലാണു നടന്നത്. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായിരുന്നു.

കുടുംബങ്ങള്‍ക്കും അല്മായര്‍ക്കുമായുള്ള പ്രവര്‍ത്തനങ്ങളില്‍ കരുതലുള്ള ശുശ്രൂഷയാണു സഭ പകര്‍ന്നു നല്‍കേണ്ടതെന്ന് സമ്മേളനം വിലയിരുത്തി. സഭയുടെ അടിസ്ഥാന ഘടകം കുടുംബമാണ്. അജപാലനപരമായ കരുതലോടെയാണ് സഭ കുടുംബങ്ങളെ അനുധാവനം ചെയ്യേണ്ടത്. സഭയിലെ അല് മായരുടെ വിവിധ പ്രവര്‍ത്തനമേഖലകളും സമ്മേളനം ചര്‍ച്ച ചെയ്തു. അല്മായര്‍ക്ക് സഭയില്‍ പ്രാധാന്യം ലഭിക്കുന്ന വിധത്തില്‍ വിവിധ ഫോറങ്ങള്‍ രൂപീകരിക്കപ്പെടണമെന്നും തങ്ങളുടെ തനിമയും ശക്തിയും തിരിച്ചറിഞ്ഞ് രാഷ്ട്രീയ, സാമൂഹ്യ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അല്മായര്‍ മുന്നോട്ടു വരണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കന്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഫാ. ജോബി ആന്‍റണി, അഡ്വ. ജോസ് വിതയത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org