സീറോ മലബാര്‍ സഭയുടെ ഇയര്‍ബുക്ക് 2018 പ്രകാശനം ചെയ്തു

സീറോ മലബാര്‍ സഭയുടെ ഇയര്‍ബുക്ക് 2018 പ്രകാശനം ചെയ്തു

സീറോ മലബാര്‍ സഭയുടെ 2018-ലെ ഇയര്‍ ബുക്ക് (ഡയറക്ടറി) മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. സഭയെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ സംക്ഷിപ്തമായി ഇയര്‍ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സീറോ മലബാര്‍ സഭയെ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന രീതിയിലാണ് 2018-ലെ ഇയര്‍ ബുക്ക് ക്രമീകരിച്ചിരിക്കുന്നതെന്ന് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ച സഭയുടെ കൂരിയ വൈസ് ചാന്‍സലര്‍ ഫാ. പോള്‍ റോബിന്‍ തെക്കത്ത് അറിയിച്ചു. സഭയുടെ ചരിത്രം, ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും മേജര്‍ ആര്‍ച്ച്ബിഷപ്പിന്‍റെയും ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാന തീയതികള്‍, സഭയിലെ എല്ലാ മെത്രാന്‍മാരുടേയും ചിത്രങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍, മേജര്‍ ആര്‍ച്ച്ബിഷപ് അംഗമായ വത്തിക്കാനിലെ നാലു തിരുസംഘങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ ഇയര്‍ ബുക്കിലുണ്ട്.

ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സീറോ മലബാര്‍ സഭയെക്കുറിച്ചുള്ള പുതിയ സ്ഥിതിവിവരക്കണക്കുകള്‍, രൂപത, സഭാ തലങ്ങളില്‍ വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും എണ്ണം, സെമിനാരികള്‍, സന്ന്യാസ സമൂഹങ്ങള്‍, സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും ധന്യരുടെയും, ദൈവദാസരുടെയും പട്ടിക, മുന്‍കാലങ്ങളില്‍ സഭയെ നയിച്ചവര്‍, സഭയുടെ വിവിധ ശുശ്രൂഷകള്‍, ഓഫീസുകള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രവിവരങ്ങളും ഇയര്‍ബുക്കിലുണ്ട്.

കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന ചടങ്ങില്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പില്‍ നിന്ന് ഇയര്‍ബുക്കിന്‍റെ ആദ്യപ്രതി ഏറ്റുവാങ്ങി. ചാന്‍സലര്‍ റവ. ഡോ. ആന്‍റണി കൊള്ളന്നൂര്‍, വൈസ് ചാന്‍സലര്‍ റവ. ഡോ. വിന്‍സന്‍റ് ചെറുവത്തൂര്‍, ഫാ. ബിവാള്‍ഡിന്‍ തേവര്‍കുന്നേല്‍, സി. ലിസി തെരേസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org