തമിഴ്നാട്ടില്‍ പള്ളിയും പാസ്റ്ററുടെ വീടും കത്തിച്ചു

തമിഴ്നാട്ടില്‍ പള്ളിയും പാസ്റ്ററുടെ വീടും കത്തിച്ചു

ഹിന്ദുമതത്തില്‍ നിന്നു ക്രിസ്തുമതത്തിലേക്ക് ഏതാനും പേര്‍ പരിവര്‍ത്തനം ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ക്രിസ്ത്യന്‍ പാസ്റ്ററുടെ ഭവനവും അതിനോടു ചേര്‍ന്നുള്ള പ്രാര്‍ത്ഥനാലയും അക്രമികള്‍ തീവച്ചു നശിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ പാസ്റ്ററും അദ്ദേഹത്തിന്‍റെ ഗര്‍ഭിണിയായ ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ല. ഗൂഡല്ലൂരിലെ അട്ടപ്പട്ടു ഗ്രാമത്തിലാണ് അതിക്രമം അരങ്ങേറിയത്.

സവര്‍ണ ഹൈന്ദവ വിഭാഗമായ വണ്ണിയാര്‍ സമുദായത്തിലെ ചിലര്‍ ക്രിസ്തുമതത്തിലേക്ക് അടുത്തിടെ മതം മാറിയതായി പാസ്റ്റര്‍ ജോണ്‍ മുള്ളര്‍ പറഞ്ഞു. ഈ സമുദായത്തിലെ ഏതാനും നേതാക്കള്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്തിരുന്നു. ക്രിസ്തുമതം കീഴ് ജാതിക്കാരുടെ മതമാണെന്നായിരുന്നു അവരുടെ ആരോപണം. അതുകൊണ്ടുതന്നെ സവര്‍ണജാതിക്കാരായ വണ്ണിയാര്‍ സമുദായാംഗങ്ങള്‍ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നതിനെ അവര്‍ എതിര്‍ത്തിരുന്നു. തന്‍റെ വീട് തീവയ്ക്കുന്നതിനു മൂന്നുനാള്‍ മുമ്പ് ഏതാനും പേര്‍ വന്ന് ഈ വിഷയത്തിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പാസ്റ്റര്‍ വ്യക്തമാക്കി.

എന്നാല്‍ ഈ സംഭവത്തിന്‍റെ പേരില്‍ ഇതുവരെ ആരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല. നാല്‍പതോളം ഭവനങ്ങളില്‍ നിന്നുള്ള ക്രൈസ്തവര്‍ ആരാധനയ്ക്കായി എത്താറുണ്ടായിരുന്ന പ്രാര്‍ത്ഥനാലയമാണ് വര്‍ഗീയവാദികള്‍ തീവച്ചു നശിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org