തമിഴ്നാട്ടില്‍ പെസഹാദിനത്തിലെ തിരഞ്ഞെടുപ്പില്‍ മാറ്റമില്ല

തമിഴ്നാട്ടില്‍ പെസഹാദിനത്തിലെ തിരഞ്ഞെടുപ്പില്‍ മാറ്റമില്ല
Published on

ഏപ്രില്‍ 18-ന് പെസഹാ ദിനത്തിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്ന ഹര്‍ജി തമിഴ്നാട് ഹൈക്കോടതി തള്ളി. തമിഴ് നാട്ടിലടക്കം 13 സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 18-ന് പെസഹാ വ്യാഴാ ഴ്ചയാണ് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്നത്. ഈസ്റ്ററിനു മുന്നോടിയായി ക്രൈസ്തവര്‍ പെസഹാ ആചരിക്കുന്ന വ്യാഴാഴ്ച വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന് തമിഴ്നാട് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. ആന്‍റണി പപ്പുസാമി ഹര്‍ജി നല്‍കിയിരുന്നു. വോട്ടെടുപ്പു നടക്കുന്ന സ്കൂളുകളില്‍ പലതും ക്രൈസ്തവ ദേവാലയത്തോടനുബന്ധിച്ചാണു സ്ഥിതി ചെയ്യുന്നതെന്നും പെസഹാ കര്‍മ്മങ്ങള്‍ക്കും മറ്റും ഇത് അസൗകര്യം സൃഷ്ടിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഏപ്രില്‍ 18-ന് 13 സംസ്ഥാനങ്ങളിലായി 97 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. ഇതില്‍ ഏറ്റവുമധികം ക്രൈസ്തവരുള്ളത് (4.4 ദശലക്ഷം) തമിഴ്നാട്ടിലാണ്. ആസ്സാം, ബീഹാര്‍, ചത്തീസ്ഗഡ്, ജമ്മു കാശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒറീസ, തമിഴ്നാട്, ത്രിപുര, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ഏപ്രില്‍ 18-ന് തിരഞ്ഞെടുപ്പു നടക്കുന്നത്. പെസഹാ വ്യാഴാഴ്ചയിലെ ക്രൈസ്തവരുടെ കര്‍മ്മങ്ങള്‍ക്കു തടസ്സങ്ങള്‍ വരാത്ത വിധത്തില്‍ തിരഞ്ഞെടുപ്പു ക്രമീകരിക്കണമെന്ന നിര്‍ദ്ദേശമാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org