അദ്ധ്യാപക നിയമനങ്ങള്‍: അനിശ്ചിതാവസ്ഥ പരിഹരിക്കണം

പുതിയ അദ്ധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ അദ്ധ്യാപകനിയമനങ്ങളുടെ അനിശ്ചിതാവസ്ഥ അവസാനിപ്പിക്കാന്‍ സത്വര നടപടികളെടുക്കണമെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനസമിതി ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം നിഷ്കര്‍ഷിക്കുന്ന അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതമനുസരിച്ച് യഥാസമയം അദ്ധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരമുണ്ടാകണം. ഹ്രസ്വകാല അവധി ഒഴിവുകളില്‍ അദ്ധ്യാപകനിയമനം ഇല്ലാത്തതുമൂലം വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണ്. അദ്ധ്യാപകരുടെ ബ്രോക്കണ്‍ സര്‍വ്വീസ്, പെന്‍ഷന്‍ പരിഗണിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. ദശാബ്ദങ്ങളായി നിലവിലുള്ള ഈ പെന്‍ഷന്‍ ആനുകൂല്യം നിഷേധിക്കുന്നതിലെ സര്‍ക്കാര്‍ നയം വ്യക്തമാക്കണം.

കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖലയ്ക്ക് ഏറ്റ വും മികച്ച സംഭാവനകള്‍ നല്‍കിയത് എയ്ഡഡ് വിദ്യാഭ്യാസമേഖലയാണ്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ സൗഹാര്‍ദ്ദപരമായി പരിഹരിക്കാനും സംതൃപ്തമായ ഒരു വിദ്യാലയാന്തരീക്ഷം സ്ഥാപിക്കാനും സര്‍ക്കാരിന് ചുമതലയുണ്ടെന്ന് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനസമിതി യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ്  ജോഷി വടക്കന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി റവ. ഫാ. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org