ആയിരങ്ങള്‍ തട്ടുപാറമല കയറി

ആയിരങ്ങള്‍ തട്ടുപാറമല കയറി

കാലടി: മാര്‍തോമാ തീര്‍ത്ഥാടന കേന്ദ്രമായ തട്ടുപാറ മലയിലെ പള്ളിയിലേക്കു നാല്പതാം വെളളിയാഴ്ച ആയിരങ്ങള്‍ തീര്‍ത്ഥയാത്ര നടത്തി. മഞ്ഞപ്ര ഫൊറോനയിലെ അയ്യമ്പുഴ, ചുള്ളി, വാതക്കാട്, ആനപ്പാറ, തവളപ്പാറ, സെബിപുരം, നടുവട്ടം, സെബിയൂര്‍, അമലാപുരം, കൊല്ലക്കോട്, മാണിക്കമംഗലം, മേരിഗിരി എന്നീ 12 ഇടവകകളില്‍ നിന്നുള്ള വിശ്വാസികളാണു ഭക്തിപൂര്‍വം മല കയറിയത്. മുരിങ്ങാടത്ത് പാറ ജംഗ്ഷന്‍ കപ്പേളയില്‍ നിന്നാരംഭിച്ച തീര്‍ത്ഥാടനയാത്ര മഞ്ഞപ്ര ഫൊറോനാ വികാരി ഫാ. ജോബ് കൂട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു.

മലമുകളിലെ പള്ളിയില്‍ വി. കുര്‍ബാന, നേര്‍ച്ചക്കഞ്ഞിവിതരണം എന്നിവ ഉണ്ടായി. തട്ടുപാറയില്‍ പുതുഞായര്‍ തിരുനാളിനു സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു മേരിഗിരി പള്ളി വികാരി റവ. ഡോ. പോള്‍ കൈപ്രമ്പാടന്‍ അറിയിച്ചു.

മുന്‍കൂട്ടി അറിയിച്ചു വരുന്ന തീര്‍ത്ഥാടകസംഘങ്ങള്‍ക്കു വി. കുര്‍ബാനയ്ക്കും കുമ്പസാരത്തിനും വൈദികരുടെ സഹായം ലഭ്യമാക്കും. ഏപ്രില്‍ എട്ടിനാണു പ്രധാന തിരുനാള്‍. അന്ന് എല്ലാവര്‍ക്കും നേര്‍ച്ചസദ്യയും നേര്‍ച്ചപായസവും വിതരണം ചെയ്യും. മലയാറ്റൂരുമായി ബന്ധപ്പെട്ടു തട്ടുപാറ പള്ളിക്ക് ചരിത്രപ്രാധാന്യം ഏറെയുണ്ട്. പഴയകാലത്തു പാണ്ഡ്യ രാജ്യത്തേയ്ക്കുള്ള പുരാതന ഒട്ടകപ്പാതയിലൂടെയാണു തോമാശ്ലീഹാ സഞ്ചരിച്ചതെന്നും ഇന്നു തട്ടുപാറയില്‍ കാണുന്ന പൗരാണികഗുഹയില്‍ താമസിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org