ആരോഗ്യപരിപാലന രംഗത്ത് കത്തോലിക്കാസഭയുടെ സഹകരണം നിസ്തുലം: ആരോഗ്യവകപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ആരോഗ്യപരിപാലന രംഗത്ത് കത്തോലിക്കാസഭയുടെ സഹകരണം നിസ്തുലം: ആരോഗ്യവകപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഫോട്ടോ അടിക്കുറിപ്പ്: കേരള പഠനശിബിരം സമാപന സമ്മേളനം ശ്രീമതി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ബെറ്റ്‌സി തോമസ്, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഹൈബി ഈഡന്‍ എം.പി, അഡ്വ. ബിജു പറയനിലം, വി. പി. മത്തായി, അഡ്വ. ഷെറി ജെ. തോമസ്, അഡ്വ. വര്‍ഗീസ് കോയിക്കര, സിസ്റ്റര്‍ ജോമിഷ എന്നിവര്‍ സമീപം.

കേരള പഠനശിബിരം സമാപിച്ചു

കൊച്ചി: കോവിഡ് പ്രതിരോധത്തില്‍ കത്തോലിക്കാസഭ നല്കിവരുന്ന സഹായവും പിന്തുണയും നിസ്തുലമാണെന്നും ഇനിയുള്ള ദിനങ്ങളിലും അതു തുടരണമെന്നും ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പിഒസിയില്‍ കെസിബിസി സംഘടിപ്പിച്ച ദ്വിദിന പഠനശിബിരത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആതുരശുശ്രൂഷയില്‍ എക്കാലത്തും കത്തോലിക്കാസഭാസ്ഥാപനങ്ങള്‍ ഒരു മാതൃകയാണ്. സ്വകാര്യമേഖലയില്‍ നിന്നുള്ള ചില സ്ഥാപനങ്ങള്‍, സര്‍ക്കാരിനോട് പലതും ആവശ്യപ്പെടുമ്പോള്‍ കത്തോലിക്കാ ആശുപത്രികളെ മാതൃകയാക്കണമെന്നാണ് ഞാന്‍ പറയാറുള്ളത് – മന്ത്രി പറഞ്ഞു. കെസിബിസി അല്മായ കമ്മീഷന്‍ സംഘടിപ്പിച്ച ഈ പഠനശിബിരം കേരളത്തിന്റെ വികസനതലത്തിലെ അടിസ്ഥാനപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുവെന്ന് കരുതുന്നുവെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങളില്‍ 12 ശതമാനം പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായത്. സംസ്ഥാനത്തെ ജനസാന്ദ്രത കണക്കിലെടുക്കമ്പോള്‍, ഈ മഹാമാരിയെ പ്രതിരോധിക്കുകയെന്നത് ഒരു ഭഗീരഥ പ്രയത്‌നമായിരന്നു. സര്‍ക്കാരിനോടൊപ്പം ജനങ്ങളും ആരോഗ്യവകുപ്പു പ്രവര്‍ത്തകരും നിയമപാലകരുമെല്ലാം നല്കിയ സഹായസഹകരണമാണ് കേരളത്തിന് ഈ മേഖലയില്‍ അദ്വിതീയമായ നേട്ടം കൈവരിക്കാനായത് മന്ത്രി പറഞ്ഞു. വികസനത്തിന്റെ സുപ്രധാന വേദിയാണ് ആരോഗ്യമേഖലയെന്നും രോഗപ്രതിരോധതലത്തില്‍ ക്രൈസിസ് മാനേജ്‌മെന്റ് നയങ്ങളാണ് മന്ത്രി ശൈലജടീച്ചര്‍ നടപ്പാക്കിയതെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ കെ.സി.ബി.സി. പ്രസിഡണ്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഏതു മുന്നണി വന്നാലും ശൈലജ ടീച്ചര്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയാകട്ടെയെന്ന കര്‍ദ്ദിനാളിന്റെ ഫലിതരൂപേണയുള്ള ആശംസ കേട്ട് സദസ്സ് കൈയ്യടിച്ചു. ആതുരശുശ്രൂഷാരംഗത്ത് ക്രിസ്തീയമായ കരുതലും സാന്ത്വനവും നടപ്പാക്കിയ ഭരണാധികാരിയാണ് ശൈലജടീച്ചര്‍ എന്ന് കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

കെ.സി.ബി.സി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, അഡ്വ. ഷെറി ജെ. തോമസ്, ഷാജി ജോര്‍ജ്, അഡ്വ. ബിജു പറയനിലം, ആന്റണി നൊറോണ, വി. പി. മത്തായി, അഡ്വ. വര്‍ഗീസ് കോയിക്കര, ശ്രീമതി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

രണ്ടു ദിവസങ്ങളിലായി വികസനം എല്ലാ തലത്തിലും എല്ലാ ഇടങ്ങളിലും എന്ന പേരിലുള്ള പഠനശിബിരത്തില്‍ ഏഴ് സെഷനുകളിലായി ഏഴ് സുപ്രധാനവിഷയങ്ങളെക്കുറിച്ച് 76 പേര്‍ പ്രസംഗിക്കുകയുണ്ടായി. വിവിധ രൂപതകളില്‍നിന്നെത്തിയ പ്രതിനിധികള്‍ പങ്കെടുത്ത പഠനശിബിരം കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് സംഘടിപ്പിച്ചത്.

ഈ പഠനശിബിരത്തില്‍ നടന്ന ചര്‍ച്ചകളില്‍നിന്നു ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമാഹരിച്ച് സര്‍ക്കാരിനും, വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സമര്‍പ്പിക്കുമെന്ന് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളിയും കെ.സി.എഫ്. ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗീസ് കോയിക്കരയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org