നിലവിലുള്ള ജാതിസംവരണങ്ങള്‍ അപഹരിച്ചുള്ളതല്ല പുതിയ സാമ്പത്തിക സംവരണം

നിലവിലുള്ള ജാതിസംവരണങ്ങള്‍ അപഹരിച്ചുള്ളതല്ല പുതിയ സാമ്പത്തിക സംവരണം

കോട്ടയം: നിലവില്‍ സര്‍ക്കാര്‍ തലങ്ങളിലും വിവിധ മേഖലകളിലും ജാതിസംവരണം ലഭിക്കുന്നവരുടെ അവകാശങ്ങളും അവസരങ്ങളും അപഹരിച്ചുള്ളതല്ല കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന സാമ്പത്തിക സംവരണമെന്നുള്ളത് സാമ്പത്തിക സംവരണവിരുദ്ധര്‍ തിരിച്ചറിയണമെന്ന് സിബിസിഐ  ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

സാമ്പത്തിക സംവരണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ചിലകേന്ദ്രങ്ങള്‍ ജനങ്ങളെ  തെറ്റിദ്ധരിപ്പിക്കുവാന്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങള്‍ വിലപ്പോവില്ല. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി താഴേക്കിടയിലുള്ള ദരിദ്രവിഭാഗങ്ങള്‍ക്ക് 103-ാം ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്ന മത ജാതി വിഭാഗങ്ങള്‍ ഏഴു പതിറ്റാണ്ടുകളായി സംവരണത്തിന്റെ എല്ലാവിധ ഗുണഫലങ്ങളും അനുഭവിക്കുന്നവരാണ്. നൂറുശതമാനം ജാതിസംവരണം ലഭിക്കുന്നവര്‍ സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നത് വിരോധാഭാസവും ക്രൂരതയുമാണ്. പട്ടികജാതി 15%,  പട്ടികവര്‍ഗ്ഗം 7.5 ശതമാനം, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ 27% ഈ രീതിയിലാണ് സാമ്പത്തിക സംവരണത്തിനു മുമ്പുള്ള 49.5 ശതമാനത്തിന്റെ അനുപാതം. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി 10%  വരെ കൂടുതലായി ചേര്‍ത്തതില്‍ ഇക്കൂട്ടര്‍ക്ക് യാതൊരു നഷ്ടവും സംഭവിക്കുന്നില്ല.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജാതിസംവരണ മാനദണ്ഡങ്ങള്‍ പോലും കേരളത്തില്‍ മാറിമാറി ഭരിച്ചവര്‍ അട്ടിമറിച്ചിരിക്കുന്നത് പട്ടികജാതി, പട്ടികവര്‍ഗ്ഗ സമൂഹങ്ങള്‍ തിരിച്ചറിയേണ്ടതാണ്. അര്‍ഹതപ്പെട്ട 22.5 ശതമാനത്തില്‍ നിന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 8 ശതമാനം, 2 ശതമാനം എന്നിങ്ങനെ 10 ശതമാനമായി  വെട്ടിക്കുറച്ചിരിക്കുന്നത് ഈ വിഭാഗങ്ങള്‍ ഇനിയെങ്കിലും കണ്ണുതുറന്നു കാണണം. 27 ശതമാനുള്ള രാജ്യത്തെ ഒബിസി സംവരണം കേരളത്തില്‍ 14 ശതമാനം ഈഴവ, 12 ശതമാനം മുസ്ലീം ഉള്‍പ്പെടെ 40 ശതമാനമാക്കി ഉയര്‍ത്തി ചില വിഭാഗങ്ങള്‍ തട്ടിയെടുത്തിരിക്കുന്നത് ചോദ്യം ചെയ്യപ്പെടണം.  ജനസംഖ്യാനുപാതികമായി ഒബിസി സംവരണം വേണമെന്ന കേസില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശം സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് നിലവിലുള്ള ചില ഒബിസി സംവരണവിഭാഗങ്ങളില്‍ ചിലരെ ഭാവിയില്‍ പ്രതിസന്ധിയിലാക്കും. ഇതൊന്നും മനസിലാക്കാതെ സംവരണേതരവിഭാഗങ്ങളിലെ  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദരിദ്രസമൂഹത്തിന് വിദ്യാഭ്യാസ സര്‍ക്കാര്‍ ജോലി തലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയിരിക്കുന്ന ചെറിയ സംവരണത്തെ എതിര്‍ക്കുന്നവര്‍ സ്വയം നാശം ക്ഷണിച്ചുവരുത്തും.

സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ സാമ്പത്തിക സംവരണ ഉത്തരവിലെ മാനദണ്ഡങ്ങള്‍ പോലും വിദ്യാഭ്യാസ പ്രവേശനത്തില്‍ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ നടത്തുന്ന നീക്കങ്ങള്‍ അപലപനീയവും എതിര്‍ക്കപ്പെടേണ്ടതുമാണ്. പിഎസ്‌സി നിയമനങ്ങളില്‍ സാമ്പത്തിക സംവരണ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പാലിക്കണം. പിഎസ്‌സി വഴി ജാതിസംവരണത്തിലൂടെ  സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിപ്പറ്റി സേവനം ചെയ്യുന്നവരുടെ വിശദാംശങ്ങളും  കണക്കുകളും ശതമാനവും പൊതുസമൂഹത്തിന്റെ അറിവിലേയ്ക്ക് പ്രസിദ്ധീകരിക്കാനും വിവരാവകാശ നിയമത്തിലൂടെ ലഭ്യമാക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org