കത്തീഡ്രല്‍ തുറന്നത് സിറിയന്‍ ക്രൈസ്തവര്‍ക്ക് ആശ്വാസമായി

കത്തീഡ്രല്‍ തുറന്നത് സിറിയന്‍ ക്രൈസ്തവര്‍ക്ക് ആശ്വാസമായി
Published on

വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തരയുദ്ധത്തിന്റേയും മതമര്‍ദ്ദനത്തിന്റേയും ഒടുവില്‍ കൊറോണ പകര്‍ച്ചാവ്യാധിയുടെയും നിരാശയിലായിരിക്കുന്ന സിറിയയിലെ ക്രൈസ്തവര്‍ക്ക് ആലെപ്പോയിലെ കത്തീഡ്രല്‍ വീണ്ടും തുറന്നത് ഇരുട്ടിലെ രജതരേഖയായി. മാരൊണൈറ്റ് കത്തോലിക്കാസഭയുടെ സെ. ഏലിയാ കത്തീഡ്രലാണ് പുനഃനിര്‍മ്മാണത്തിനു ശേഷം തുറന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ചരിത്രപ്രധാനമായ ഈ കത്തീഡ്രല്‍ 1873 ലും 1914 ലും പുതുക്കി പണിയപ്പെട്ടു. 2012-2016 കാലഘട്ടത്തില്‍ മിസൈല്‍ ആക്രമണങ്ങളുടെ ഫലമായി കത്തീഡ്രല്‍ നാശോന്മുഖമായി. 2013 ല്‍ ആലെപ്പോ നഗരത്തിന്റെ നിയന്ത്രണമേറ്റെടുത്ത ഇസ്ലാമിക് തീവ്രവാദികള്‍ നഗരത്തിലെ ക്രൈസ്തവികതയുടെ അടയാളങ്ങളെല്ലാം നാമാവശേഷമാക്കാന്‍ ശ്രമിച്ചിരുന്നു.

അസ്സദ് സര്‍ക്കാര്‍ ജിഹാദികളില്‍ നിന്നു നഗരത്തിന്റെ നിയന്ത്രണം വീണ്ടെടുത്ത ശേഷം 2016 ല്‍, തകര്‍ന്നു കിടക്കുകയായിരുന്ന കത്തീഡ്രലില്‍ തന്നെ ക്രിസ്മസ് കര്‍മ്മങ്ങള്‍ നടത്തുകയുണ്ടായി. തുടര്‍ന്നാരംഭിച്ച പുനഃനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴാണ് പൂര്‍ത്തിയായത്. ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയുടെ ധനസഹായത്തോടെയായിരുന്നു പുനഃനിര്‍മ്മാണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org