മരണകിടക്കയില്‍ മിഷണറിയായി പത്തു വയസ്സുകാരി വിട പറഞ്ഞു

മരണകിടക്കയില്‍ മിഷണറിയായി പത്തു വയസ്സുകാരി വിട പറഞ്ഞു

മസ്തിഷ്‌കാര്‍ബുദം ബാധിച്ചു ഗുരുതരാവസ്ഥയിലായ പത്തു വയസ്സുകാരി തെരെസിറ്റ കാസ്റ്റിലോ ഡി ഡിയേഗോ മരണകിടക്കയില്‍ തന്നെ സന്ദര്‍ശിച്ച ഫാ. ഏഞ്ചല്‍ ലമേലായോടു പറഞ്ഞു: ഞാന്‍ ഈശോയെ വളരെയേറെ സ്‌നേഹിക്കുന്നു. ഒരു മിഷണറിയാകാനാണു കുട്ടിക്കാലം മുതല്‍ ഞാനാഗ്രഹിച്ചിരുന്നത്.
മാഡ്രിഡ് അതിരൂപതയുടെ എപിസ്‌കോപ്പല്‍ വികാരിയായ ഫാ. ലമേലാ ആ ആഗ്രഹം നിറവേറ്റാന്‍ തന്നെ തീരുമാനിച്ചു. താനിപ്പോള്‍ തന്നെ തെരെസിറ്റായെ സഭയുടെ ഒരു മിഷണറിയായി പ്രഖ്യാപിക്കുന്നതായി അദ്ദേഹം അവിടെ വച്ച് അറിയിച്ചു. തുടര്‍ന്ന് തെരെസിറ്റായെ അതിരൂപതാ മിഷണറിയായി നിയമിക്കുന്ന സര്‍ട്ടിഫിക്കറ്റും മിഷണറിമാര്‍ ധരിക്കുന്ന കുരിശും അദ്ദേഹം അന്നു വൈകീട്ട് ആശുപത്രി മുറിയില്‍ എത്തിച്ചു. അടു ത്ത ദിവസം സങ്കീര്‍ണമായ ശസ്ത്രക്രിയക്കൊരുങ്ങുകയായിരുന്ന തെരെസിറ്റാ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുകയും കുരിശ് തനിക്കെപ്പോഴും കാണാവുന്ന രീതിയില്‍ സ്ഥാപിക്കാന്‍ അമ്മയോടു നിര്‍ദേശിക്കുകയും ചെയ്തു. താന്‍ ഒരു മിഷണറിയായി മാറിയെന്ന് അഭിമാനപൂര്‍വം തെരെസിറ്റാ സന്ദര്‍ശകരോടു പറയുകയും ചെയ്തു.
പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ മാര്‍ച്ച് ഏഴിനു തെരെസിറ്റാ മരണമടഞ്ഞു. മാഡ്രിഡ് അതിരൂപതാദ്ധ്യക്ഷനായ കാര്‍ഡിനല്‍ കാര്‍ലോസ് ഒസോറോ സ്ഥലത്തെത്തുകയും തെരെസിറ്റായുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും ചെയ്തു. അതിരൂപതയ്ക്കു മുഴുവന്‍ തെരെസിറ്റാ സവിശേഷമായ വിധത്തില്‍ സഹായമായി മാറുമെന്നു ഫാ. ലമേലാ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org