തീര്‍ത്ഥാടകരില്ലാതെ വിശുദ്ധനാട്; ആശയക്കുഴപ്പങ്ങളുണ്ടെന്ന് അഡ്മിനിസ്ട്രേറ്റര്‍

തീര്‍ത്ഥാടകരില്ലാതെ വിശുദ്ധനാട്; ആശയക്കുഴപ്പങ്ങളുണ്ടെന്ന് അഡ്മിനിസ്ട്രേറ്റര്‍

തീര്‍ത്ഥാടകര്‍ നിറയുന്ന വിശുദ്ധവാരം സമീപിക്കുമ്പോള്‍ വിജനതയെന്ന അപ്രതീക്ഷിത സാഹചര്യം നേരിടുകയാണ് വിശുദ്ധനാട്ടിലെ ക്രിസ്ത്യന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍. എല്ലാ പള്ളികളും അടഞ്ഞു കിടക്കുന്ന ഇവിടെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്നതിനെ സംബന്ധിച്ച് ധാരാളം ആശയക്കുഴപ്പങ്ങളുമുണ്ടെന്നു ജറുസലേം ലാറ്റിന്‍ പാത്രിയര്‍ക്കേറ്റിന്‍റെ അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ചുബിഷപ് പി സബല്ലാ പറഞ്ഞു. ഇസ്രായേല്‍, പലസ്തീന്‍, ജോര്‍ദാന്‍, സൈപ്രസ് എന്നീ രാജ്യങ്ങളിലെ മൂന്നു ലക്ഷത്തോളം കത്തോലിക്കരാണ് ജറുസലേം പാത്രിയര്‍ക്കേറ്റിനു കീഴില്‍ വരുന്നത്. ഈ രാജ്യങ്ങളെല്ലാം ഏതാണ്ട് ഒരേ രീതിയിലാണ് കോവിഡിനെതിരായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. വി. കുര്‍ബാനയര്‍പ്പിക്കാന്‍ ഒരിടത്തും അനുമതിയില്ല. യുദ്ധവേളകളില്‍ പോലും ഉണ്ടായിട്ടില്ലാത്ത ഒരു സാഹചര്യമാണിത്. എന്നാല്‍ സിവില്‍ അധികാരികളുടെ നിര്‍ദേശങ്ങള്‍ സഭ പൂര്‍ണമായും പാലിക്കും – അദ്ദേഹം വിശദീകരിച്ചു. വി. കുര്‍ബാനകളുടെ തത്സമയസംപ്രേഷണം മുതല്‍ ദിവ്യകാരുണ്യം ആവശ്യമായ എല്ലാ മുന്‍കരുതലുകളോടെയും വീടുകളിലേയ്ക്ക് എത്തിച്ചുകൊടുക്കുന്നതടക്കമുള്ള അജപാലനസേവനം വൈദികര്‍ തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുക്കല്ലറ ദേവാലയത്തിലുള്‍പ്പെടെയുള്ള വിശുദ്ധവാരകര്‍മ്മങ്ങള്‍ റദ്ദാക്കില്ലെന്നും സിവില്‍ ഭരണകൂടത്തിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ച് അതെങ്ങനെ നടത്താമെന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org