വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാനുള്ള സംയുക്ത ഇടയലേഖനം ഇക്കുറി ഉണ്ടാകില്ല : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാനുള്ള സംയുക്ത ഇടയലേഖനം ഇക്കുറി ഉണ്ടാകില്ല : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

നീതിപൂര്‍വകമാകണം സമ്പദ് വിതരണം – കെസിബിസി കേരള പഠനശിബിരം

ഫോട്ടോ അടിക്കുറിപ്പ്: കേരള പഠനശിബിരം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു. സ്റ്റീഫന്‍ ജോര്‍ജ്, മോണ്‍സ് ജോസഫ് എം.എല്‍എ., ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ് ജോസഫ് കാരിക്കശ്ശേരി, പി.കെ. ജോസഫ്, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. സ്റ്റാന്‍ലിി മാതിരപ്പിള്ളി എന്നിവര്‍ സമീപം.

കൊച്ചി: നീതിപൂര്‍വകമായ സമ്പദ് വിതരണം ഉറപ്പാക്കിക്കൊണ്ടായിരിക്കണം വികസന സംബന്ധമായ ഏതു പദ്ധതികളും രൂപപ്പെടേണ്ടതെന്ന് കെസിബിസി അധ്യക്ഷന്‍ കൂടിയായ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പിഒസി യില്‍ നടക്കുന്ന ദ്വിദിന കേരള പഠന ശിബിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍. പണമെറിഞ്ഞ് പണം കൊയ്യുമ്പോള്‍ അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം ലഭ്യമാക്കാനുള്ള പ്രതിജ്ഞ കൈക്കൊള്ളാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയ്യാറാകേണ്ടതുണ്ടെന്ന് കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. ലോകം ഏറ്റവും ഗൗരവപൂര്‍ണമായി പരിഗണിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനത്തിന്റെ കാതല്‍ ഇതു തന്നെയാണ്. കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടുന്ന കര്‍മ്മ പരിപാടികള്‍ യാഥാര്‍ത്ഥ്യമാകണം. ലോക രാജ്യങ്ങള്‍ പലതും കൃഷിക്ക് മുന്തിയ പരിഗണന നല്‍കുമ്പോള്‍ ഇന്ത്യ അക്കാര്യത്തില്‍ അനാസ്ഥ പുലര്‍ത്തുന്നു. ഫ്രാന്‍സും ഇറ്റലിയും പ്രതിരോധ സേനാവിഭാഗത്തിനു തുല്യമായാണ് കാര്‍ഷിക മേഖലയെ കാണുന്നത്. രാജ്യസുരക്ഷയ്ക്കു ഭംഗമുണ്ടായാല്‍ നല്‍കുന്ന അതേ ഗൗരവം കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു നല്‍കുന്നു. നമ്മുടെ രാജ്യം ഇക്കാര്യത്തില്‍ ആലസ്യം തുടര്‍ന്നു കൂടാ. വിദ്യാഭ്യാസം, തീര മേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ വിഷയങ്ങളും മുന്നില്‍ക്കണ്ടാകണം വികസന പദ്ധതികളുണ്ടാകേണ്ടത്. പ0ന ശിബിരത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന സമഗ്ര രേഖ സര്‍ക്കാരിനും, നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രകടന പത്രിക തയ്യാറാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമര്‍പ്പിക്കുമെന്ന് മാര്‍ ആലഞ്ചേരി അറിയിച്ചു. രചനാത്മകമായ ഇത്തരം നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പിനു മുമ്പായി സഭ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാനുള്ള സംയുക്ത ഇടയലേഖനം ഇക്കുറി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു ക്രിയാത്മക നടപടികളെടുക്കുന്ന രാഷ്ട്രീയ കക്ഷികളാകണം ഭരണം കയ്യാളേണ്ടത്. ക്രൈസ്തവ ദര്‍ശനങ്ങള്‍ സ്വന്തമെന്നു പറയുന്ന പ്രസ്ഥാനങ്ങളെ മാത്രമേ സഭ പിന്താങ്ങൂ എന്ന ധാരണ ആര്‍ക്കും വേണ്ട. പതിവു സങ്കല്‍പങ്ങള്‍ക്കപ്പുറമായി ക്രൈസ്തവ ദര്‍ശനങ്ങളെ മാനിക്കുന്ന ജനഹിതത്തിനൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്കും സഭയുടെ പിന്തുണയുണ്ടാകും – കര്‍ദിനാള്‍ അറിയിച്ചു.

ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍പോലും വിദേശകുത്തകകള്‍ക്ക് സ്വാഗതം നല്കുമെന്ന ഭീതിയുടെ പശ്ചാത്തലത്തിലാണ് ഈ പഠനശിബിരം നടക്കുന്നതെന്ന കാര്യം ആരും വിസ്മരിക്കരുതെന്ന് കെസിബിസി വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി പറഞ്ഞു. പഠനശിബിരതതില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ വികസന അജണ്ടകള്‍ നീതിപൂര്‍വകമാകണം മദ്യവ്യവസായത്തിന് നാം അമിത പ്രാധാന്യം നല്കുന്നുണ്ടോയെന്നും കൃഷി, മത്സ്യബന്ധനമേഖലകള്‍ അവഗണിക്കപ്പെടുന്നുണ്ടോയെന്നും ഭരണകര്‍ത്താക്കള്‍ ആത്മപരിശോധന നടത്തണം. സമ്പദ്‌വിതരണം നീതിപൂര്‍വകമാകുമ്പോള്‍ മാത്രമേ വികസനം എല്ലാവരിലേക്കും എത്തുകയുള്ളൂവെന്ന് നാം ചിന്തിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം വളരെ പിന്നിലാണ്. ദേശീയമോ അന്തര്‍ദേശീയമോ ആയ നിലവാരം എടുത്തു പറയത്തക്ക യൂണിവേഴ്‌സിറ്റികളോ കോളേജുകളോ നമുക്കില്ലായെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കേരളത്തിന്റെ വികസനത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രാധാന്യം സുപ്രധാനമാണെന്ന് നമുക്ക് അറിയാം. ഈ മേഖലയില്‍ കേരളം ഗൗരവമായ ഇടപെടല്‍ നടത്തുവാന്‍ ഉദ്യമിക്കേണ്ടതുണ്ട് എന്ന് മുഖ്യപ്രഭാഷണത്തില്‍ കേരള ധനകാര്യവകുപ്പുമന്ത്രി ശ്രീ ടി.എം. തോമസ് ഐസക് പറഞ്ഞു.

ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, മോന്‍സ് ജോസഫ് എം.എല്‍.എ., സ്റ്റീഫന്‍ ജോര്‍ജ് മുന്‍ എം.എല്‍.എ., പി.കെ ജോസഫ്, ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org