പാലാ രൂപത സമരിറ്റന്‍സ് ഫോഴ്സിന്റെ നേതൃത്വത്തില്‍ മൂന്നാമത്തെ കോവിഡ് മൃതസംസ്‌കാര ചടങ്ങുകള്‍ നടന്നു

പാലാ രൂപത സമരിറ്റന്‍സ് ഫോഴ്സിന്റെ നേതൃത്വത്തില്‍ മൂന്നാമത്തെ കോവിഡ് മൃതസംസ്‌കാര ചടങ്ങുകള്‍ നടന്നു
ഫോട്ടോ അടിക്കുറിപ്പ്: കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതശരീരം പാലാ രൂപത സമറിറ്റന്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ ദഹിപ്പിക്കുന്നതിനായി പാലാ മുനിസിപ്പാലിറ്റിയുടെ അതിതാപ ശ്മശാനത്തിലേക്ക് കൊണ്ടുവന്നപ്പോള്‍

പാലാ : പാലാ രൂപത സമരിറ്റന്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ മൂന്നാമത്തെ കോവിഡ് മൃത സംസ്‌കാര ചടങ്ങുകള്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് ഇടവകയില്‍ നടന്നു. പൊതു ജനങ്ങള്‍ക്കുള്ള പാലാ മുനിസിപ്പാലിറ്റിയുടെ ആത്മവിദ്യാലയം അതിതാപ ശ്മശാനത്തില്‍ വച്ചു ദഹിപ്പിക്കുന്ന കര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് സേനാംഗങ്ങള്‍ നേതൃത്വം വഹിച്ചു. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിയുടെ മരണശേഷം ഉള്ള പരിശോധനയില്‍ ആണ് കോവിഡ് സ്ഥിരീകരിച്ചത്. പാലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് മൃതശരീരം ഏറ്റുവാങ്ങി പൊതുശ്മശാനത്തില്‍ എത്തിച്ചു ദഹിപ്പിച്ചതിനു ശേഷം ചിതാഭസ്മം പെട്ടിയിലാക്കി പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ ക്രൈസ്തവ ആചാരപ്രകാരം സംസ്‌കരിച്ചു. പാലാ സമരിറ്റന്‍ ഫോഴ്‌സ് കോതനല്ലൂര്‍, ചേര്‍പ്പുങ്കല്‍ ഫൊറോന യൂണിറ്റുകള്‍ക്ക് ശേഷം പൂഞ്ഞാര്‍ ഫോറോനാ യൂണിറ്റാണ് മൃതസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. മരിച്ചയാളുടെ ഭവനത്തില്‍ ഉള്ളവരെല്ലാം ക്വാറന്റീനിലായതിനെ തുടര്‍ന്ന് മറ്റു ബന്ധു മിത്രാദികളോടൊപ്പം സന്നദ്ധ പ്രവര്‍ത്തകരായ യുവാക്കള്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്നു. പാലാ സമരിറ്റന്‍ ഫോഴ്‌സില്‍ എസ് എം വൈ എം പാലാ രൂപത ഡയറക്ടര്‍ ഫാ. തോമസ് സിറില്‍ തയ്യിലിന്റെ നേതൃത്വത്തിലുള്ള ടീമില്‍ യുവജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പിപിഇ കിറ്റുകള്‍ ധരിച്ച് അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പങ്കെടുത്തത്. എസ് എം വൈ എം പാലാ രൂപതാ പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍, ജോജു മാടപ്പള്ളില്‍, അരുണ്‍ കദളിക്കാട്ടില്‍ , അജിത്ത് കാക്കല്ലില്‍ , ജോബിന്‍ ജോര്‍ജ്, അശ്വിന്‍ ബാബു , ജീവനക്കാരായ സിബി പി വി, നരേന്ദ്രന്‍ നായര്‍ എന്നിവരാണ് പങ്കു ചേര്‍ന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org