മൂന്നാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിക്കണമെന്ന് അല്മായ സംഘടന

സഭ ഇന്നു നേരിടുന്ന വൈവിധ്യമായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ആധുനിക സഭയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരങ്ങള്‍ തേടാനും മൂന്നാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടണമെന്ന് 'ഞങ്ങളും സഭയാണ്' എന്ന പേരിലുള്ള കാത്തലിക് ഫോറം അഭിപ്രായപ്പെട്ടു. 54 വര്‍ഷം മുമ്പ് നടന്ന വത്തിക്കാന്‍ കൗണ്‍സില്‍ പുരോഗമനപരമായ പല മാറ്റങ്ങള്‍ക്കും വഴിതെളിച്ചു. എന്നാല്‍ ആധുനികസഭയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഗതിമാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാനും വീണ്ടും കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്നും പുതിയ യുഗത്തിനനുസൃതമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും കല്‍ക്കട്ടയില്‍ നടന്ന സമ്മേളനത്തില്‍ സമിതി നേതാക്കള്‍ സൂചിപ്പിച്ചു.

അല്മായര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും യുവജനങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കി വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണം. എല്ലാ രൂപതകളിലും സഭാ സ്ഥാപനങ്ങളിലും പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനുള്ള സമിതികളും രൂപീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അധ്യക്ഷയും ഇപ്പോള്‍ വനിതാ കമ്മീഷന്‍ അംഗവുമായ മരിയ ഫെര്‍ണാണ്ടസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യം സേച്ഛാധിപത്യത്തിലേക്കും മറ്റും നീങ്ങുന്ന സാഹചര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു കത്തോലിക്കാ സമൂഹം കടന്നു വരേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.

സമ്മേളനത്തില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. മാധ്യമങ്ങളിലും മറ്റും നിര്‍ണായകമായ കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ വ്യക്തമാക്കാനും സഭയുടെ നവീകരണ യത്നങ്ങളില്‍ പങ്കാളികളാകാനും ഇന്ത്യന്‍ കാത്തലിക് ഫോറം (ഐസിഎഫ്) എന്ന പ്രസ്ഥാനത്തിനു സമ്മേളനം രൂപം നല്‍കി. ചോട്ടേഭായ് – കണ്‍വീനര്‍, സ്വാമി സച്ചിദാനന്ദ – ജോ. കണ്‍വീനര്‍, ഐസക് ഗോമസ് – സെക്രട്ടറി എന്നിവരെയും എട്ടു കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളായി തിരഞ്ഞെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org