തിരുവോസ്തിയോടുള്ള അനാദരവുകള്‍: മെത്രാന്മാര്‍ക്കു വത്തിക്കാന്‍ കത്തയച്ചു

തിരുവോസ്തിയോടുള്ള അനാദരവുകള്‍: മെത്രാന്മാര്‍ക്കു വത്തിക്കാന്‍ കത്തയച്ചു

ദിവ്യബലിയില്‍ നല്‍കുന്ന ദിവ്യകാരുണ്യം സംബന്ധിച്ചും അവ മതിയായ രീതിയില്‍ ആദരിക്കപ്പെടുന്നു എന്നുറപ്പാക്കേണ്ടതു സംബന്ധിച്ചും വത്തിക്കാന്‍ കൂദാശാ-ദൈവികാരാധനാ കാര്യാലയം ലോകമെങ്ങുമുള്ള മെത്രാന്മാര്‍ക്ക് പുതിയ കത്തയച്ചു. ഗോതമ്പുകൊണ്ട് ഉണ്ടാക്കിയതും പഴക്കമില്ലാത്തതും പുളിപ്പില്ലാത്തതുമായ അപ്പമായിരിക്കണം തിരുവോസ്തിയായി ഉപയോഗിക്കേണ്ടതെന്നും മറ്റെന്തെങ്കിലും വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ അപ്പം വി. കുര്‍ബാനയ്ക്കുപയോഗിക്കുന്നത് സാധുവായിരിക്കില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കുന്നു. വി.കുര്‍ബാനയ്ക്കുള്ള അപ്പം നിര്‍മ്മിക്കുന്നതിനു പഴം, പഞ്ചസാര, തേന്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് ഗുരുതരമായ അധിക്ഷേപമായി കണക്കാക്കേണ്ടതാണ്.

മുന്തിരിയില്‍ നിന്നുണ്ടാക്കുന്ന തികച്ചും പ്രകൃതിദത്തമായ വീഞ്ഞു മാത്രമാണ് വി. കുര്‍ബാനയിലുപയോഗിക്കേണ്ടതെന്നും കത്തു നിര്‍ദേശിക്കുന്നു. മറ്റു യാതൊരു വസ്തുക്കളും ചേര്‍ത്തതാകരുത് വീഞ്ഞ്. മറ്റു യാതൊരു പാനീയങ്ങളും വി. കുര്‍ബാനയില്‍ വീഞ്ഞിനു പകരം ഉപയോഗിക്കാന്‍ പാടുള്ളതുമല്ല. ചില രോഗങ്ങളുള്ളവര്‍ക്ക് അന്നജാംശം പൂര്‍ണമായി നീക്കം ചെയ്ത ഗോതമ്പുകൊണ്ടുള്ള ഓസ്തി നല്‍കണമെന്ന നിര്‍ദേശം പാശ്ചാത്യരാജ്യങ്ങളില്‍ ഉയര്‍ന്നിരുന്നു. ആ സാഹചര്യത്തിലാണ് വത്തിക്കാന്‍ ഇതു വീണ്ടും വിശദീകരിച്ചതെന്നു കരുതുന്നു. ഇത്തരത്തിലുള്ള ഗോതമ്പ് ഓസ്തി നിര്‍മ്മാണത്തിന് ഉപയോഗിക്കരുതെന്നു കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഓസ്തിയുടെയും വീഞ്ഞിന്‍റെയും കാര്യത്തില്‍ ചട്ടങ്ങളെല്ലാം പാലിക്കപ്പെടുന്നു എന്നുറപ്പാക്കേണ്ട ചുമതല മെത്രാന്മാര്‍ക്കാണെന്നു വത്തിക്കാന്‍ കാര്യാലയം സൂചിപ്പിക്കുന്നു. ഓസ്തിയുടെയും വീഞ്ഞിന്‍റെയും നിര്‍മ്മാണത്തിലും സൂക്ഷിപ്പിലും വിതരണത്തിലും ആവശ്യമായ പരിശോധനകള്‍ മെത്രാന്മാര്‍ നടത്തിക്കൊണ്ടിരിക്കണം. കുര്‍ബാനയ്ക്കുള്ള അപ്പവും വീഞ്ഞും വില്‍ക്കുന്ന സ്ഥലങ്ങളിലും അവ അതിനനുസരിച്ചു പരിഗണിക്കപ്പെടണം – കത്ത് നിര്‍ദേശിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org