തൂത്തുക്കുടി സമരത്തിന് തമിഴ് കത്തോലിക്കരുടെ ഐക്യദാര്‍ഢ്യം

തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ സ്റ്റെര്‍ലെറ്റ് ചെമ്പ് ശുദ്ധീകരണ ശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെയുണ്ടായ പൊലീസ് വെടിവയ്പ്പിലും അതിക്രമങ്ങളിലും തമിഴ്നാട്ടിലെ കത്തോലിക്കാസഭ പ്രതിഷേധിച്ചു. സമരക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തപ്പെട്ട റാലിയില്‍ ആയിരക്കണക്കിന് കത്തോലിക്കാ വിശ്വാസികള്‍ പങ്കുചേര്‍ന്നു. പൊലീസ് വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതില്‍ നാലുപേര്‍ കത്തോലിക്കരാണ്. ഒരു കത്തോലിക്കാ പുരോഹിതന്‍ പരിക്കേറ്റ് ചികിത്സയിലുമാണ്.

ക്രൈസ്തവര്‍ കൂടുതലുള്ള തീരദേശമാണ് തൂത്തുക്കുടി. സ്റ്റെര്‍ലെറ്റ് കമ്പനിക്കെതിരെയുള്ള സമരത്തില്‍ തീരദേശവാസികള്‍ ഒറ്റക്കെട്ടാണ്. കമ്പനിയില്‍ നിന്നു ബഹിര്‍ഗമിക്കുന്ന വിഷപ്പുകയും കാര്‍ഷികമേഖലയിലേക്കു പുറന്തള്ളുന്ന രാസമാലിന്യങ്ങളും സമീപപ്രദേശങ്ങളില്‍ മാരകരോഗങ്ങള്‍ക്കു കാരണമാകുന്നുവെന്ന് നാളുകളായി പ്രദേശവാസികള്‍ പരാതിപ്പെടുന്നതാണ്.

മദ്രാസ് മൈലാപ്പൂര്‍ അതിരൂപതയിലെ ചെന്നൈയിലെ ഇടവകകള്‍ സംയുക്തമായി തൂത്തുക്കുടിയിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി. പൊലീസ് അതിക്രമത്തെക്കുറിച്ചും വെടിവയ്പ്പിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ജനാധിപത്യക്രമത്തില്‍ ഭരിക്കപ്പെടുന്ന ഭാരതത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ പൊലീസ് അതിക്രമത്തെ അപലപിക്കുക എന്നത് നമ്മുടെ കടമയും അവകാശവുമാണെന്ന് മദ്രാസ് മൈലാപ്പൂര്‍ ആര്‍ച്ചുബിഷപ് ആന്‍റണി സാമി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org