തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണു കത്തോലിക്കാ സഭയുടെ എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കണം കെസിബിസി ലേബര്‍ കമ്മിഷന്‍

സംസ്ഥാനത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണു കേരളത്തിലെ കത്തോലിക്ക സഭ യുടെ ആഭിമുഖ്യത്തിലുള്ള എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് കെസിബിസി ലേബര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. സഭയുടെ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിലവിലെ സാമൂഹികസാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ അനുകമ്പാപൂര്‍ണമായ മനോഭാവത്തോടെ സൃഷ്ടിച്ചു നല്‍കാന്‍ കഴിയണം. സഭാസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളെ സംബന്ധിച്ച് കെസിബിസി പീപ്പിള്‍ മാനേജ്മെന്‍റ് പോളിസിയും സിബിസിഐ ലേബര്‍ കമ്മീഷനും ഒരു മാര്‍ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്. മേയ് ഒന്ന് ലോകതൊഴിലാളി ദിന മായി ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് കെസിബിസി ലേബര്‍ കമ്മിഷന്‍ കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ വായിക്കുന്നതിനായി ഇടയലേഖനം പുറപ്പെടുവിച്ചത്. കെസിബിസി ലേബര്‍ കമ്മീ ഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, വൈസ് ചെയര്‍മാന്മാരാ യ ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ് ഡോ. ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് എന്നിവര്‍ ചേര്‍ന്നാണ് ഇടയലേഖനം പുറപ്പെടുവിച്ചിട്ടുള്ളത്.

അവകാശങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമായി മാത്രം തൊഴിലാളിദിനത്തെ പരിമിതപ്പെടുത്തരുത്. ഓരോ തൊഴിലാളിയും തങ്ങളുടെ തൊഴില്‍ സത്യസന്ധതയോടെ നിര്‍വഹിക്കണം. കര്‍ഷകന്‍ ഉള്‍പ്പെടെ അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന ഏവരും ഏതു സാഹചര്യങ്ങളിലും ജീവിതാവസ്ഥയിലും അവര്‍ ചെയ്യുന്ന തൊഴിലുകളെ അഭിമാനത്തോടെ ഏറ്റുപറയാന്‍ സന്നദ്ധരുമാകണം. തൊഴിലാളിയും തൊഴില്‍ദാതാവും തങ്ങളുടെ അവകാശങ്ങളെയും കടമകളെയും ഒരേ നാണയത്തിന്‍റെ ഇരുപുറങ്ങളായിക്കണ്ട് പരസ്പര സഹകരണത്തിന്‍റെയും ബഹുമാനത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കണം. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അസംഘടിത തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യം വയ്ക്കാന്‍ സര്‍ക്കാരും ഭരണാധികാരികളും സ്ഥാപന ഉടമകളും തയാറാകണം.

തൊഴിലിന്‍റെ സുവിശേഷാധിഷ്ഠിതമായ ദര്‍ശനം, തൊഴിലും സഭാ പ്രബോധനങ്ങളും, മേയ്ദിനത്തിന്‍റെ പ്രസക്തിയും ചരിത്രവും, അസംഘടിത തൊഴിലാളികളോടുള്ള സഭയുടെ സമീപനം, സഭാസ്ഥാപനങ്ങളിലെ ജീവനക്കാരോട് സ്വീകരിക്കേണ്ട നിലപാട്, ഇതര സംസ്ഥാന തൊഴിലാളികളോടുള്ള സമീപനം, തൊഴില്‍ ദാതാവിന്‍റെയും തൊഴിലാളികളുടെയും അവകാശങ്ങളും കടമകളും തുടങ്ങിയ അടിസ്ഥാന വിഷയങ്ങളെ വിശകലനം ചെയ്തു വിശദീകരിക്കുന്നുണ്ട് ഇടയലേഖനത്തില്‍. വികസനത്തിന്‍റെ സദ്ഫലങ്ങള്‍ സമൂഹത്തിന്‍റെ താഴെത്തട്ടിലേക്ക് വിതരണം ചെയ്യപ്പെടണം; സ്വത്തിന്‍റെ കേന്ദ്രീകരണം ധനികരിലേക്ക് മാത്രമാക്കുന്നതിനുള്ള സാമൂഹ്യക്രമം ഇന്നത്തെ ഇന്ത്യയുടെ അപകടകരമായ അവസ്ഥയായിരിക്കുന്നു. പണത്തേക്കാളും ലാഭത്തേക്കാളും മൂല്യവും മഹത്ത്വവും തൊഴിലിനും തൊഴിലിന്‍റെ ഉടമയായ മനുഷ്യനും നല്‍കണമെന്നും തൊഴിലല്ല, അതു ചെയ്യുന്ന മനുഷ്യനിലാണ് മഹത്ത്വം അടങ്ങിയിരിക്കുന്നതെന്നും ഉള്ള സന്ദേശം കോളനിവത്ക്കരിക്കപ്പെട്ടതിനുശേഷം സ്വതന്ത്രമാക്കപ്പെട്ട ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും സ്വീകരിച്ചിട്ടും ഇന്ത്യയില്‍ തൊഴിലാളികളോട് പ്രത്യേകിച്ചും അസംഘടിത തൊഴിലാളികളോട് തുടരുന്ന അവഗണന അപലപനീയമാണ്-കെസിബിസി ലേബര്‍ കമ്മീഷന്‍ സൂചിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org