തൊഴിലിടങ്ങളിലെ സ്ത്രീ പീഡനങ്ങള്‍ക്കെതിരെ സിബിസിഐ മാര്‍ഗ്ഗരേഖ

സഭാസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകാവുന്ന പീഡനങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കുമെതിരെ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി മാര്‍ഗ്ഗരേഖ പുറത്തിറക്കുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്കും വിഷമതകള്‍ക്കുമുള്ള പരിഹാരവും പ്രതിവിധിയുമായിട്ടാണ് മാര്‍ഗരേഖ പ്രസിദ്ധീകരിക്കുന്നത്.

വനിതകളുടെ സംരക്ഷണവും ബഹുമാനവും ഉറപ്പാക്കണമെന്നും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന ആരോപണത്തെ കുറച്ചു കാണുന്നില്ലെന്നും ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച പ്രസ്താവനയില്‍ സിബിസിഐയുടെ വനിതകള്‍ക്കുവേണ്ടിയുള്ള കൗണ്‍സില്‍ വ്യക്തമാക്കി. തൊഴില്‍ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ഉപദ്രവങ്ങളെ പ്രതിരോധിക്കണമെന്നും കൗണ്‍സില്‍ അധ്യക്ഷന്‍ ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, സെക്രട്ടറി സിസ്റ്റര്‍ തലീഷ നടുക്കുടി എന്നിവര്‍ ഒപ്പുവച്ചിട്ടുള്ള പ്രസ്താവനയില്‍ പറയുന്നു. തൊഴില്‍ സ്ഥാപനങ്ങളില്‍ സുരക്ഷിതവും ആരോഗ്യകരവും സ്നേഹപൂര്‍ണവുമായ അന്തരീക്ഷം നിലനില്‍ക്കണം. തൊഴിലെടുക്കുന്നവര്‍ക്ക് ഭയമോ പക്ഷാപാതമോ മുന്‍വിധിയോ തോന്നാത്ത സാഹചര്യങ്ങളും യാതൊരുവിധ പീഡനങ്ങളും ഇല്ലാതെ, ഏതുവിധേനയുമുള്ള ഉപദ്രവങ്ങളെ പ്രതിരോധിക്കാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടണമെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ഈ വര്‍ഷമാദ്യം, ഇന്ത്യന്‍ നാഷണല്‍ ബാര്‍ അസോസിയേഷന്‍ ഇതു സംബന്ധിച്ചു നടത്തിയ ഒരു സര്‍വേയില്‍ തൊഴില്‍ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ഉപദ്രവങ്ങള്‍ക്കു വിധേയരാകുന്നുവെന്നു കണ്ടെത്തുകയുണ്ടായി. 6047 പേര്‍ പങ്കെടുത്ത സര്‍വേയില്‍ 78 ശതമാനം സ്ത്രീകളായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനം സ്ത്രീകള്‍ തൊഴില്‍ സ്ഥാപനങ്ങളില്‍ പലവിധത്തിലുള്ള പീഡനങ്ങള്‍ക്കു തങ്ങള്‍ വിധേയരാകുന്നുവെന്ന് വ്യക്തമാക്കി. എന്നാല്‍ ഭയം മൂലമോ ആത്മവിശ്വാസക്കുറവുകൊണ്ടോ തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 69 ശതമാനവും അഭിപ്രായപ്പെട്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org