കന്യകാമറിയത്തിന്റെ കാഴ്ചവയ്പ്‌ : നവംബര്‍ 21

കന്യകാമറിയത്തിന്റെ കാഴ്ചവയ്പ്‌ : നവംബര്‍ 21
ഭക്തരായ യഹൂദമാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ദൈവത്തിനു കാഴ്ചവയ്ക്കുന്ന ഒരു പതിവുണ്ടായിരുന്നു. അങ്ങനെയാണ് യോവാക്കിമും അന്നയും തങ്ങളുടെ മകള്‍ മറിയത്തെ മൂന്നു വയസ്സുള്ളപ്പോള്‍ നസറത്തുനിന്ന് 80 മൈല്‍ അകലെയുള്ള ജറൂസലത്തുകൊണ്ടുപോയി ദേവാലയത്തില്‍ കാഴ്ചവച്ചത്. അവിടെ വിശുദ്ധരായ സ്ത്രീകളുടെ ശിക്ഷണത്തില്‍ മറ്റു കന്യകകളായ കുട്ടികളുടെ കൂടെ ദൈവത്തിന്റെ ദാസിയായി അവള്‍ വളരുകയായിരുന്നു. മറിയത്തെ ദൈവാലയത്തില്‍ കാഴ്ചവച്ച തിരുനാള്‍ ഇന്നു നമ്മള്‍ ആഘോഷിക്കുന്നു.

ഈ തിരുനാളിന് ദൈവശാസ്ത്രപരമായ ചില ഉദ്ദേശ്യങ്ങളുണ്ട്. ദൈവത്തിനു വസിക്കാനുള്ള ആലയമായിരുന്നു അവള്‍. അതുകൊണ്ട്, മറിയത്തിന്റെ ശരീരം എന്നും വിശുദ്ധമായി പരിരക്ഷിക്കേണ്ടിയിരുന്നു. ഉത്ഭവപാപമില്ലാതെ ജനിക്കുന്നു. പിന്നീട് ദൈവാലയത്തില്‍ കാഴ്ചവച്ച് ദൈവദാസിയായി വളരാനനുവദിക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്റെ മകളായും പുത്രന് അമ്മയായും പരിശുദ്ധാത്മാവിന് മണവാട്ടിയായും മാറേണ്ടവളായിരുന്നു മറിയം. ഈ വലിയ നിയോഗത്തിനു തക്കവിധം അവള്‍ വിശുദ്ധിയാലും ദൈവികദാനങ്ങളാലും സമ്പന്നയാകേണ്ടിയിരുന്നു. അതിനുള്ള പശ്ചാത്തലം ഒരുക്കാനായിരുന്നു മറിയത്തിന്റെ ദൈവാലയത്തിലെ കാഴ്ചവയ്പ്.
രക്ഷാകരപദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തം മറിയത്തിനായിരുന്നു. പുത്രന്റെ പക്കല്‍ ഇതിലേറെ സ്വാധീനം മറ്റാര്‍ക്കുമില്ല. നമുക്കു ദൈവത്തെ സമീപിക്കാനുള്ള ഏറ്റവും നല്ല മദ്ധ്യസ്ഥയാണ് മറിയം. ജീവിച്ചിരുന്ന കാലം മുഴുവന്‍ ദൈവപുത്രനുവേണ്ടി പീഡകള്‍ സഹിച്ച അവള്‍, നമുക്കുവേണ്ടിയുമാണ് പീഡകള്‍ ഏറ്റുവാങ്ങിയത്. അതോര്‍ത്തെങ്കിലും മേരിയോട് നന്ദിയും സ്‌നേഹവും ബഹുമാനവും ഉള്ളവരായി നമുക്കു മാറാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org