പാദുവായിലെ വിശുദ്ധ ആന്റണി (1195-1231) : ജൂണ്‍ 13

പാദുവായിലെ വിശുദ്ധ
 ആന്റണി (1195-1231) : ജൂണ്‍ 13
പോര്‍ത്തുഗലില്‍ ലിസ്ബണിലാണ് വി. ആന്റണി ജനിച്ചത്. ഫെര്‍ഡിനാന്റ് എന്നായിരുന്നു ജ്ഞാനസ്‌നാനപ്പേര്. 15-ാമത്തെ വയസ്സില്‍ അഗസ്റ്റീനിയന്‍ ആശ്രമത്തില്‍ ചേര്‍ന്ന് കുറെക്കാലം താമസിച്ചു പഠിച്ചു. മൊറോക്കോയില്‍ വച്ച് വധിക്കപ്പെട്ട ആദ്യത്തെ ഫ്രാന്‍സിസ്‌കന്‍ രക്തസാക്ഷികളുടെ ശവശരീരങ്ങള്‍ പോര്‍ത്തുഗലില്‍ തിരിച്ചെത്തുമ്പോള്‍ ആന്റണി അതിന് ദൃക്‌സാക്ഷിയായി. അന്ന് അദ്ദേഹത്തിന്റെ ഉള്ളില്‍ വീണ തീപ്പൊരി ആളിപ്പടരാന്‍ പത്തുവര്‍ഷമെടുത്തു.

അങ്ങനെ ഫ്രാന്‍സീസ് അസ്സീസിയുടെ നാമധേയത്തില്‍ പുതുതായി രൂപംകൊണ്ട സന്ന്യാസസഭയില്‍ ആന്റണി അംഗമായി ചേര്‍ന്നു. അന്നാണ് ഫെര്‍ഡിനാന്റ് ആന്റണിയായത്. അദ്ദേഹത്തിന്റെ തന്നെ നിര്‍ബന്ധപ്രകാരം ആന്റണി മൊറോക്കോയിലേക്ക് കപ്പല്‍ കയറി. പക്ഷേ, അധികകാലം അവിടെ തങ്ങാന്‍ സാധിച്ചില്ല. അപ്പോഴേക്കും അദ്ദേഹത്തിന് അസുഖം മൂര്‍ഛിച്ചു. നാട്ടിലേക്കു തിരികെ പോന്നു. പോരുന്നവഴി കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ടു. കപ്പല്‍ കരയ്ക്ക് അടുത്തത് സിസിലിയിലാണ്. അന്ന് അവിടെവച്ചാണ്, അസ്സീസിയില്‍വച്ചു നടക്കുന്ന ജനറല്‍ ചാപ്റ്ററിനെപ്പറ്റി ആന്റണി അറിഞ്ഞത്. 3000 പേര്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ വച്ചാണ് ആന്റണി ആദ്യമായി വി. ഫ്രാന്‍സീസ് അസ്സീസിയെ കാണുന്നത്. തന്റെ അറിവും കഴിവുമൊക്കെ ഒളിപ്പിച്ചുവച്ച് ആന്റണി അവിടെ മാസങ്ങളോളം സാധാരണ ജോലികള്‍ ചെയ്തുകൊണ്ട് കഴിഞ്ഞുകൂടി. ഒരിക്കല്‍, ഒരു പൗരോഹിത്യ അഭിഷേകച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഒരു ലഘു ആശംസാപ്രസംഗം അദ്ദേഹം നടത്തിയത്. അപ്പോഴാണ് അദ്ദേഹത്തിന്റെ വാക്ചാതുരി മറ്റുള്ളവര്‍ മനസ്സിലാക്കിയത്.

വി. ബൈബിള്‍ അര്‍ത്ഥസമ്പുഷ്ടമായി വ്യാഖ്യാനിക്കാന്‍ അദ്ദേഹ ത്തിന് അനായാസം കഴിഞ്ഞിരുന്നു. ഇതു മനസ്സിലാക്കിയ വി. ഫ്രാന്‍സീസ് അസ്സീസി ആന്റണിക്കെഴുതി: "ആശ്രമത്തിലെ സഹോദരങ്ങളെ താങ്കള്‍ ബൈബിള്‍ പഠിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. എങ്കിലും, പ്രാര്‍ത്ഥനയുടെയും ഭക്തിയുടെയും ചൈതന്യം നഷ്ടപ്പെടുത്തരുത്."

ദക്ഷിണ ഫ്രാന്‍സിന്റെയും ഉത്തര ഇറ്റലിയുടെയും മിക്ക സ്ഥലങ്ങളിലും ആന്റണി ബൈബിള്‍ പ്രഭാഷണവും പ്രസംഗപര്യടനവും നടത്തിയിരുന്നു. ആകര്‍ഷകമായ വ്യക്തിത്വവും, വ്യക്തവും ശക്തവും ഹൃദ്യവുമായ വാക്കുകളുംകൊണ്ട് അദ്ദേഹം അനായാസം ശ്രോതാക്കളുടെ ഹരമായി മാറി. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനും ആകര്‍ഷകമായി സംസാരിക്കാനും പ്രവചിക്കാനുമുള്ള കഴിവുകള്‍ ദൈവം ധാരാളമായി അദ്ദേഹത്തിനു നല്‍കിയിരുന്നു. തെറ്റായ സിദ്ധാന്തങ്ങള്‍ക്കെതിരെ മാത്രമല്ല, ധൂര്‍ത്ത്, അഹങ്കാരം, ആധിപത്യം, വൈരാഗ്യം, ദുരാഗ്രഹം എന്നീ തിന്മ കള്‍ക്കെല്ലാമെതിരെ അദ്ദേഹം ശക്തമായും വിജയകരമായും ആഞ്ഞടിച്ചു.

അങ്ങേയറ്റം വിനയാന്വിതനായ ആന്റണിക്ക് പ്രഭാഷണങ്ങളും അദ്ധ്യാപനവുമെല്ലാം തന്റെ ജീവിതം തന്നെയായിരുന്നു. ക്രിസ്തുവിനുവേണ്ടി ആത്മാക്കളെ നേടുവാനായി അദ്ദേഹം തന്റെ സമ്പൂര്‍ണ്ണ ജീവിതം ഉഴിഞ്ഞുവച്ചിരുന്നു. അങ്ങനെ അനേകം മാനസാന്തരങ്ങള്‍, ശത്രുത മറന്നുള്ള ഇണക്കങ്ങള്‍, തടവറയില്‍നിന്നുപോലും കടക്കാരുടെ മോചനം! തെറ്റായ മാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ചവരെല്ലാം തെറ്റു തിരുത്തി. അഴിമതി അവസാനിപ്പിക്കാന്‍ ഗവണ്മെന്റുകള്‍ നിയമനിര്‍മ്മാണം വഴി ആന്റണിയോടു സഹകരിച്ചു.

1231 ജൂണ്‍ 13-ന് ചരമമടയുമ്പോള്‍ ആന്റണിക്ക് വെറും 36 വയസ്സായിരുന്നു പ്രായം. ഒരു വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. 1946-ല്‍ പോപ്പ് പയസ് XII വി. ആന്റണിയെ സഭയുടെ 'വേദപാരംഗത'നായി ഉയര്‍ത്തി. പോര്‍ത്തുഗലിന്റെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ അദ്ദേഹം യാത്രക്കാരുടെയും ഗര്‍ഭിണികളുടെയും മക്കളി ല്ലാത്തവരുടെയും ദരിദ്രരുടെയുമൊക്കെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ്. കൂടാതെ, നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ കണ്ടെത്തുന്നതിലും ഒരു വലിയ സഹായിയാണ് ഇദ്ദേഹം. കപ്പല്‍യാത്രക്കാരുടെയും ഒരു ഉത്തമ സഹായിയാണ് വി. ആന്റണി.

1263-ല്‍ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സംഭരിക്കാനായി കല്ലറ തുറന്നപ്പോള്‍ അദ്ദേഹത്തിന്റെ നാവ് അഴുകാതിരിക്കുന്നതാണ് കണ്ടതത്രെ!

"ഒന്നും ചോദിക്കാതിരിക്കുക; യാതൊന്നും നിഷേധിക്കാതിരിക്കുക."

– വി. ആന്റണി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org