വിശുദ്ധ ബര്‍ണബാസ് (1-60) : ജൂണ്‍ 11

വിശുദ്ധ ബര്‍ണബാസ് (1-60) : ജൂണ്‍ 11
സൈപ്രസില്‍ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച ജോസഫാണ് പിന്നീട് വി. ബര്‍ണബാസ് ആയത്. ജറൂസലമില്‍ താമസിച്ചിരുന്ന അദ്ദേഹം ഗമാലിയേല്‍ സ്‌കൂളില്‍ സാവൂളിന്റെ സതീര്‍ത്ഥ്യനായിരുന്നു എന്നു കരുതപ്പെടുന്നു. പന്തക്കുസ്താ കഴിഞ്ഞ് ഉടനെതന്നെ, അതായത് 29-ലോ 30-ലോ അദ്ദേഹം വിശ്വാസം സ്വീകരിച്ചു. അതോടെ തന്റെ സ്വത്തുക്കളെല്ലാം വിറ്റ് വിശ്വാസപ്രചരണത്തിനായി ഉപയോഗിച്ച അദ്ദേഹത്തെ അപ്പസ്‌തോലന്മാര്‍ ബര്‍ണബാസ് എന്നു വിളിച്ചു. 'ആശ്വാസത്തിന്റെ പുത്രന്‍' അഥവാ 'പ്രോത്സാഹനത്തിന്റെ പുത്രന്‍' എന്നാണ് അതിനര്‍ത്ഥം.

മാനസാന്തരപ്പെട്ട സാവൂളിനെ ജറൂസലത്തു കൊണ്ടുവന്ന് അപ്പസ്‌തോലന്മാര്‍ക്കു പരിചയപ്പെടുത്തിയത് ബര്‍ണബാസാണ്. തങ്ങളെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചിരുന്ന സാവൂള്‍ വിശ്വാസം സ്വീകരിച്ചെന്നും അതിന്റെ പ്രചാരകനായി മാറിയെന്നും വിശ്വസിക്കാന്‍ അപ്പസ്‌തോലന്മാര്‍ക്കു ബുദ്ധിമുട്ടായിരുന്നു. എങ്കിലും, മുന്‍പരിചയമുണ്ടായിരുന്ന ബര്‍ണബാസിന് സാവൂളിന്റെ കാര്യത്തില്‍ പൂര്‍ണബോദ്ധ്യമായിരുന്നു. അധികം താമസിയാതെ തന്നെ ഇവരിരുവരും അപ്പസ്‌തോലഗണത്തില്‍ ചേര്‍ക്കപ്പെട്ടു.

പിന്നീട് നാം കേള്‍ക്കുന്നത് സിറിയയിലെ അന്ത്യോക്കിലേക്ക് അവിടുത്തെ മാനസാന്തരങ്ങളെപ്പറ്റി പഠിക്കാനും ബര്‍ണബാസ് അയയ്ക്കപ്പെടു ന്നതായിട്ടാണ്. തന്റെ യഹൂദപക്ഷപാതം പൂര്‍ണമായി ഉപേക്ഷിച്ച് പുറജാതിക്കാരുടെയിടയില്‍ അദ്ദേഹം ആത്മാര്‍ത്ഥമായി പണിയെടുത്തു. താര്‍സസില്‍നിന്ന് പോളിനെ കൂട്ടിക്കൊണ്ടുവന്ന് അന്ത്യോക്കില്‍ ഒരു വര്‍ഷം മുഴുവന്‍ അവരിരുവരുംകൂടി സുവിശേഷപ്രചരണം നടത്തി.

45-ല്‍ ജറൂസലം കടുത്ത ദാരിദ്ര്യത്തിന്റെ പിടിയില്‍ അമര്‍ന്നപ്പോള്‍ ഈ രണ്ട് അപ്പസ്‌തോലന്മാരാണ് അന്ത്യോക്കിലെ ക്രിസ്ത്യാനികളുടെ സഹായങ്ങള്‍ ജറൂസലമില്‍ എത്തിച്ചത്. ജറൂസലത്തുനിന്നു മടങ്ങിയശേഷമാണ് സൈപ്രസില്‍ അവരിരുവരുംകൂടി മഹത്തായ മിഷണറി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ബര്‍ണബാസിന്റെ കസിന്‍ ജോണ്‍ മാര്‍ക്കിനെയും അവര്‍ കൂടെക്കൂട്ടി. ഏഷ്യാമൈനറിലെത്തിയ അവര്‍ക്ക് യഹൂദന്മാരുടെ വലിയ പ്രതിഷേധത്തെയും പീഡനങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നു. എന്നാലും, അനേകംപേരെ മാനസാന്തരപ്പെടുത്തുകയും പ്രാദേശിക മിഷണറിമാരെ കണ്ടെത്തി സഭാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്തു.

ജറൂസലം കൗണ്‍സിലിനുശേഷം ബര്‍ണബാസ് ജോണ്‍ മാര്‍ക്കിനൊപ്പം സൈപ്രസ് മിഷനില്‍ വീണ്ടും പര്യടനം നടത്തി. പക്ഷേ, അതിനുശേഷം ബര്‍ണബാസിന് എന്തു സംഭവിച്ചുവെന്ന് അറിവായിട്ടില്ല. 61-നുമുമ്പ് അദ്ദേഹത്തെ കല്ലെറിഞ്ഞു കൊന്നു എന്നു കരുതപ്പെടുന്നു. റോമില്‍ കാരാഗൃഹത്തില്‍ കഴിഞ്ഞിരുന്ന പോളിനെ ശുശ്രൂഷിക്കാനായി ജോണ്‍ മാര്‍ക്ക് റോമിലേക്കു പോയ സമയത്തായിരുന്നു ഈ സംഭവം. മാന്യനും പണ്ഡിതനും വിനയാന്വിതനുമായിരുന്ന ബര്‍ണബാസ് പോളിനൊപ്പം അംഗീകരിക്കപ്പെട്ടിരുന്നു. 482-ല്‍ സൈപ്രസില്‍ സലാമിസില്‍ നിന്ന് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി കരുതപ്പെടുന്നു. മത്തായിയുടെ സുവിശേഷത്തിന്റെ ഒരു ഹീബ്രുപതിപ്പ് മൃതശരീരത്തോടൊപ്പം അടക്കം ചെയ്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org