വിശുദ്ധ മേരി ബര്‍ണാര്‍ദ് സുബിറു (1844-1879) : ഏപ്രില്‍ 16

വിശുദ്ധ മേരി ബര്‍ണാര്‍ദ് സുബിറു (1844-1879) : ഏപ്രില്‍ 16

ബര്‍ണദത്ത് എന്ന് പരക്കെ അറിയപ്പെടുന്ന വി. മേരി ബര്‍ണാര്‍ദ് സുബിറു 1844 ജനുവരി 7-ന് ലൂര്‍ദ്ദിലെ നെവേഴ്‌സില്‍ ജനിച്ചു. ഫ്രഞ്ച് പിരനീസ് മലനിരകളുടെ അടിവാരത്താണ് നെവേഴ്‌സ്. ഒമ്പതു മക്കളില്‍ മൂത്തവളായിരുന്നു ബര്‍ണദത്ത്. അച്ഛന്‍ ഫ്രാങ്കോ ദിവസവും ജോലി ചെയ്തു കിട്ടുന്ന പണംകൊണ്ടാണ് വീട്ടുകാര്യങ്ങള്‍ നടന്നിരുന്നത്.

നന്നേ ചെറുതായിരുന്നു ബര്‍ണദത്ത്. ഒരു കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കയായ അവള്‍ ജീവിതകാലം മുഴുവന്‍ ആസ്തമയ്ക്ക് അടിമയായിരുന്നു. എങ്കിലും നന്നേ ചെറുപ്പത്തില്‍ത്തന്നെ അയല്‍ഗ്രാമത്തില്‍ നഴ്‌സിംഗ് ജോലിക്കു പോയിത്തുടങ്ങി. കുറച്ചുകൂടി വളര്‍ന്നപ്പോള്‍ ഒരു പറ്റം ആടുകളുടെ സംരക്ഷണച്ചുമതല അവള്‍ ഏറ്റെടുത്തു. ഏതായാലും ജോലിത്തിരക്കും രോഗവും കാരണം പ്രാഥമിക വിദ്യാഭ്യാസംപോലും മുടങ്ങി. അങ്ങനെ 14-ാമത്തെ വയസ്സിലായിരുന്നു പ്രാഥമിക ദിവ്യകാരുണ്യസ്വീകരണം.
1858 ഫെബ്രുവരി 11, വ്യാഴാഴ്ച ബര്‍ണദത്ത് സഹോദരി മേരിയും കൂട്ടുകാരി ജീനുമൊത്ത് വിറകു സംഭരിക്കാന്‍ പുറത്തുപോയി. ഗേവ് നദിയുടെ തീരത്തുള്ള മാസബില്‍ ഗ്രോട്ടോയില്‍ ബര്‍ണദത്ത് സുന്ദരമായ ഒരു കാഴ്ച കണ്ടു-അതീവസുന്ദരിയായ ഒരു സ്ത്രീ! ആ ദര്‍ശനം അവളിങ്ങനെ കൂട്ടുകാരോട് വിവരിച്ചുപറഞ്ഞു: "വെള്ളവസ്ത്രമണിഞ്ഞ ഒരു സുന്ദരി! പതിനാറോ പതിനേഴോ വയസ്സു കാണും. വെള്ളവസ്ത്രത്തിനു മുകളില്‍ അരയ്ക്ക് ഒരു നീലക്കെട്ട്. തലയില്‍ വെള്ളനിറമുള്ള വെയില്‍, അതു താഴേക്കു നീണ്ടുകിടക്കുന്നു. നഗ്നപാദങ്ങളില്‍ ഓരോന്നിലും ഓരോ റോസാപ്പൂവ്. വലതുകൈയില്‍ വെള്ളക്കുരുവുള്ള ഒരു ജപമാല. അതിന്റെ ചെയിനിനു സ്വര്‍ണ്ണനിറമാണ്. എല്ലാം, ആ റോസാപ്പൂക്കള്‍പോലും തിളങ്ങുന്നു." അത് നമ്മുടെ കന്യകാമാതാവായിരുന്നു.

തുടര്‍ന്ന് പതിനേഴു പ്രാവശ്യം മറിയം ബര്‍ണദത്തിനു പ്രത്യക്ഷപ്പെട്ടു. അവളോട് മാതാവ് ഇങ്ങനെ പറഞ്ഞു: "നിന്നെ ഞാന്‍ സന്തുഷ്ടയാക്കുമെന്ന് വാക്കുതരുന്നു; ഈ ലോകത്തിലല്ലെങ്കില്‍ അടുത്തതില്‍" (ഫെബ്രുവരി 18). "പ്രായശ്ചിത്തം ചെയ്യൂ, പ്രായശ്ചിത്തം" (ഫെബ്രു. 24) "ഇവിടെ സുന്ദരമായ ഒരു ചാപ്പല്‍ പണിയണമെന്ന് നിന്റെ വൈദികരോടു പോയി പറയണം" (ഫെബ്രു. 27). "ഞാനാണ് അമലോത്ഭവയായ കന്യക" (മാര്‍ച്ച് -25).

ജൂണ്‍ 3-ന് ആയിരുന്നു ബര്‍ണദത്തിന്റെ പ്രഥമദിവ്യകാരുണ്യസ്വീകരണം. അവളുടെ വാക്കുകള്‍ വിശ്വസിക്കാതിരുന്ന ആളുകളും ലൂര്‍ദ്ദിലെ മേയറും അവള്‍ ഗ്രോട്ടോയില്‍ പ്രവേശിക്കാതിരിക്കാനുള്ള മുന്‍കരുതലു കള്‍ എടുത്തെങ്കിലും, അകലെനിന്ന് ബര്‍ണദത്ത് പതിവുപോലെ അതേ സ്ഥലത്ത് ആ കാഴ്ച കണ്ടു.

സ്വന്തം വീട്ടുകാരില്‍നിന്നുപോലും ധാരാളം എതിര്‍പ്പുകള്‍ അവള്‍ക്കു സഹിക്കേണ്ടിവന്നു. സിവില്‍ അധികാരികള്‍ അവളെ വിശ്വസിച്ചില്ല. പുരോഹിതന്മാര്‍പോലും അവളുടെ വാക്കുകള്‍ അവിശ്വസിച്ചു. താര്‍ബ്‌സിന്റെ മെത്രാന്‍, സഭാധികാരികളും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന ഒരു കമ്മീഷനെ വച്ച് ലൂര്‍ദ്ദിലെ സംഭവവികാസങ്ങളും അത്ഭുതങ്ങളും പഠന വിധേയമാക്കാന്‍ തീരുമാനിച്ചു. അവരുടെ പഠനം മൂന്നുവര്‍ഷം നീണ്ടുനിന്നു. കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുമ്പുതന്നെ ലൂര്‍ദ്ദ് ലോകശ്രദ്ധ പിടിച്ചുപറ്റിയ തീര്‍ത്ഥാടനകേന്ദ്രമായി വളര്‍ന്നുകഴിഞ്ഞിരുന്നു.

1866-ല്‍ നൊവീഷ്യറ്റില്‍ പ്രവേശിക്കാനായി ബര്‍ണദത്ത് നെവേഴ്‌സിലേക്കു പോയി. നിയമങ്ങളെല്ലാം കര്‍ശനമായി അനുസരിച്ച് അവള്‍ മരണംവരെ അവിടെത്തന്നെ കഴിച്ചുകൂട്ടി. ബര്‍ണദത്ത് പറഞ്ഞു: "ഓരോ ദിവസവും ആത്മീയമായി ഞാന്‍ ഗ്രോട്ടോയില്‍ പോകും; തീര്‍ത്ഥാടനം നടത്തും." കോണ്‍വെന്റിലായിരുന്ന കാലത്ത് ശാരീരികമായും മാനസികമായും ധാരാളം കഷ്ടതകള്‍ അവള്‍ക്കു സഹിക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും, മാതാവിന്റെ വത്സലമകളെപ്പോലെ ഉത്തരവാദിത്വങ്ങളെല്ലാം പൂര്‍ത്തിയാക്കി. ബര്‍ണദത്തിന്റെ വാക്കുകളില്‍.

"മുറികളെല്ലാം തൂത്തുവൃത്തിയാക്കിയാല്‍ പിന്നെ, ചൂലിനെ നാം എന്തുചെയ്യും? ഒരു മൂലയ്ക്ക് ഉപേക്ഷിക്കും." ബര്‍ണദത്ത് ദൈവത്തിന്റെ ചൂലായിരുന്നു. ആ ചൂല്‍ അതിന്റെ കടമ നിര്‍വഹിച്ചു.
1878 സെപ്തംബര്‍ 22-ന് ബര്‍ണദത്ത് നിത്യവ്രതവാഗ്ദാനം നടത്തി. അടുത്ത ഡിസംബറില്‍, താര്‍ബ്‌സ്, നെവേഴ്‌സ് രൂപതകളിലെ മെത്രാന്മാരുടെ പ്രതിനിധികളുടെ മുമ്പില്‍, 20 വര്‍ഷംമുമ്പ് ഗ്രോട്ടോയില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ വീണ്ടും വിശദീകരിക്കേണ്ടതുണ്ടായിരുന്നു.

ആസ്ത്മയും പട്ടിണിയും കഠിനാദ്ധ്വാനവും മൂലം ബര്‍ണദത്ത് ക്രമേണ ക്ഷയരോഗത്തിന് അടിമയായിക്കഴിഞ്ഞിരുന്നു. കാല്‍മുട്ടില്‍ വളര്‍ന്നുവന്ന വ്രണം കൂടിയായപ്പോള്‍ അവളുടെ കഷ്ടപ്പാടുകള്‍ പൂര്‍ത്തിയായി. അവയുടെ ആക്രമണത്തിന് അവള്‍ സ്വന്തം ജീവിതം പൂര്‍ണമായി വിട്ടുകൊടുക്കുകയായിരുന്നു. 1879 ഏപ്രില്‍ 16-ാം തീയതി, ഒരു ചെറുപുഞ്ചിരിയോടെ അവള്‍ 'നിത്യകന്യക'യുടെ പക്കലേക്ക് പറന്നുപോയി.

പോപ്പ് ബെനഡിക്ട് XV 1925 ജൂണ്‍ 14-ന് ബര്‍ണദത്തിനെ വാഴ്ത്തപ്പെട്ടവളെന്നും, 1933 ഡിസം. 8 ന് പോപ്പ് പയസ് XI വിശുദ്ധയെന്നും പ്രഖ്യാപിച്ചു.

കഷ്ടപ്പാടുകളെ സ്‌നേഹിക്കാന്‍ പഠിക്കണം.
വി. ബര്‍ണദത്ത്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org