വിശുദ്ധ വിന്‍സെന്റ് പള്ളോട്ടി  (1795-1850) : ജനുവരി 22

വിശുദ്ധ വിന്‍സെന്റ് പള്ളോട്ടി  (1795-1850) : ജനുവരി 22

ലോകമെങ്ങുമുള്ള ജനങ്ങളുടെ രക്ഷയായിരുന്നു ക്രിസ്തുവിന്റെ ദൗത്യം. ക്രിസ്തുവിന്റെ പേരിലുള്ള സഭയുടെ ദൗത്യവും അതുതന്നെയാണ്. ജാതി-മത-വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി ജനങ്ങളെ സേവിച്ചു തുടങ്ങുമ്പോഴാണ് ഈ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുക.

റോമില്‍ ജനിച്ചുവളര്‍ന്ന വി. വിന്‍സെന്റ് പള്ളോട്ടി, ആ അനശ്വര നഗരത്തിന്റെ അപ്പസ്‌തോലനാണ്. റോമിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടഘട്ടത്തില്‍ അദ്ദേഹം ആ നഗരത്തിന്റെ സംരക്ഷകനായി. നെപ്പോളിയന്റെ പടയോട്ടംകൊണ്ടുണ്ടായ ആദ്ധ്യാത്മിക മുറിവുകള്‍ സുഖപ്പെടുത്താന്‍ വന്ന അപ്പസ്‌തോലനായിരുന്നു അദ്ദേഹം.
രണ്ടാം ഫിലിപ്പ് നേരി എന്നാണ് വിന്‍സെന്റ് അറിയപ്പെടുന്നത്. അതിനു കാരണം, കുമ്പസാരക്കൂട്ടിലും പ്രസംഗപീഠത്തിലും അദ്ദേഹം ചെലവഴിച്ച എണ്ണമറ്റ മണിക്കൂറുകളാണ്. പിന്നെ, പാവങ്ങളോടും രോഗികളോടും നിര്‍ഭാഗ്യരോടുമുള്ള അദ്ദേഹത്തിന്റെ അനുകമ്പ, താന്‍ ധരിച്ചിരിക്കുന്ന ഷൂസും വസ്ത്രങ്ങളും ഊരി നല്‍കുന്നിടംവരെ ചെന്നെത്താറുണ്ടായിരുന്നു.
തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടിയശേഷം 10 വര്‍ഷം ദൈവശാസ്ത്രാദ്ധ്യാപകനായിരുന്നു. വിദ്യാര്‍ത്ഥികളുടെ ഇടയിലായിരുന്നു ആദ്യത്തെ പ്രവര്‍ത്തനങ്ങള്‍. വിശുദ്ധനായ ഒരു പുരോഹിതനെ റോം സ്വന്തമാക്കിയിരിക്കുന്നു എന്നു ജനം മനസ്സിലാക്കിയ ഉടനെ റോമന്‍ സെമിനാരിയായ പ്രൊപ്പഗാന്താ കോളേജിന്റെ ആദ്ധ്യാത്മികഗുരുവായി അദ്ദേഹം നിയമിതനായി. വിദ്യാര്‍ത്ഥികളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം അസാധാരണമായിരുന്നു.
ഒരു നിമിഷംപോലും പാഴാക്കാന്‍ അദ്ദേഹത്തിനില്ലായിരുന്നു. എല്ലാദിവസവും രാവിലെ കുര്‍ബാനയ്ക്കുമുമ്പ് അദ്ദേഹം കുമ്പസാരക്കൂട്ടിലെത്തിയിരിക്കും. അവിടെ അദ്ദേഹം അലൗകികമായ ഒരാനന്ദം അനുഭവിച്ചി രുന്നു. അതുകഴിഞ്ഞ് അനുദിനജോലികള്‍ ആരംഭിക്കുന്നു. ദൈവാലയങ്ങളിലും കവലകളിലും പ്രസംഗിക്കണം, ആശുപത്രികളും ജയിലുകളും സന്ദര്‍ശിക്കണം, രാത്രിയുടെ അന്ത്യയാമങ്ങള്‍വരെ നീളുന്ന കുമ്പസാരങ്ങളും!
വിന്‍സെന്റിന്റെ ശ്രദ്ധ, ലോകം മുഴുവനുമുള്ള ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും പതിഞ്ഞിരുന്നു. അതിനായി The Society of the Catholic Apostolate (Pallottines), The Sisters of the Catholic Apostolate എന്നീ സന്ന്യാസഭവനങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു.
അല്മായരുടെ സഹകരണം അത്യന്താപേക്ഷിതമാണെന്നു മനസ്സി ലാക്കി അദ്ദേഹം തൊഴിലാളികള്‍ക്കായി അനേകം ഗില്‍ഡുകള്‍ അങ്ങു മിങ്ങും സ്ഥാപിച്ചു. കാര്‍ഷിക സ്‌കൂളുകള്‍, അനാഥാലയങ്ങള്‍, പെണ്‍കുട്ടികളെ സംരക്ഷിക്കുവാനുള്ള സ്ഥാപനങ്ങള്‍-എല്ലാം അദ്ദേഹം ആരംഭിച്ചു.
1850 ജനുവരി 22-ന് 55-ാമത്തെ വയസ്സില്‍ അദ്ദേഹം നിര്യാതനായി. നൂറുവര്‍ഷത്തിനുശേഷം പോപ്പ് പീയൂസ് XII വിന്‍സെന്റിനെ വാഴ്ത്തപ്പെട്ടവന്‍ എന്നു നാമകരണം ചെയ്തു. 1963 ജനുവരി 20-ന് പോപ്പ് ജോണ്‍ XXIII വിന്‍സെന്റ് പള്ളോട്ടിയെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ലോകമെങ്ങുമുള്ള ജനങ്ങളുടെ രക്ഷയായിരുന്നു ക്രിസ്തുവിന്റെ ദൗത്യം. ക്രിസ്തുവിന്റെ പേരിലുള്ള സഭയുടെ ദൗത്യവും അതുതന്നെയാണ്. ജാതി-മത-വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി ജനങ്ങളെ സേവിച്ചു തുടങ്ങുമ്പോഴാണ് ഈ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org