വിശുദ്ധ ആന്റണി (251-356) : ജനുവരി 17

വിശുദ്ധ ആന്റണി (251-356) : ജനുവരി 17
വിശ്വാസികള്‍ തേനീച്ചകളെപ്പോലെ ആയിരിക്കണമെന്നാണ് ആന്റണി ഉപദേശിച്ചത്. തേനീച്ചകള്‍ അലഞ്ഞുനടന്ന് തേന്‍ സംഭരിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി സൂക്ഷിച്ചുവയ്ക്കുന്നു. വിശ്വാസികള്‍ മറ്റുള്ളവരില്‍ നിന്ന് എന്തെങ്കിലും ഒരു നന്മ കണ്ടെത്തി ശേഖരിക്കണം-വിനയം, സ്‌നേഹം, ഔദാര്യം, ക്ഷമ എന്തെങ്കിലും. ഇവയെല്ലാം മറ്റുള്ളവര്‍ക്കായി നമുക്ക് നമ്മില്‍ത്തന്നെ സൂക്ഷിച്ചുവയ്ക്കാം.
ദക്ഷിണ ഈജിപ്തില്‍ ഭക്തരായ ക്രിസ്ത്യന്‍ മാതാപിതാക്കളുടെ ഓമനപ്പുത്രനായി ആന്റണി ജനിച്ചു. പക്ഷേ, 18 വയസായപ്പോഴേക്കും മാതാപിതാക്കള്‍ നഷ്ടപ്പെട്ടു. അനാഥനായിത്തീര്‍ന്ന ആന്റണി ഭൗതികസുഖങ്ങള്‍ വെടിയാന്‍ തീരുമാനിച്ചു. സ്വത്തുക്കളെല്ലാം വിറ്റ് പാവങ്ങള്‍ക്കു കൊടുത്തിട്ട് 15 വര്‍ഷം ഒരു കല്ലറയില്‍ ജീവിച്ചു. അതിനുശേഷം 20 വര്‍ഷക്കാലം ഒരു മലമുകളിലുള്ള വനാന്തരത്തില്‍ അജ്ഞാതവാസം നടത്തി.

എങ്കിലും ആന്റണിയെ അന്വേഷിച്ച് ആളുകള്‍ എത്തിക്കൊണ്ടിരുന്നു. അവരും ആ വനാന്തരത്തിലുള്ള ഗുഹകളിലും കുടിലുകളിലും കഴിച്ചുകൂട്ടി. അങ്ങനെ അവരുടെ നിരന്തരപ്രേരണയാല്‍ 305-ല്‍ അവരുടെ ആത്മീയഗുരുവും മാര്‍ഗ്ഗദര്‍ശിയുമാകാമെന്ന് ആന്റണി സമ്മതിച്ചു. ഉപവാസവും പ്രാര്‍ത്ഥനയുമായി ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടുകയും കാട്ടില്‍നിന്നു ലഭിച്ച തേനും ഫലമൂലാദികളും മാത്രം ഭക്ഷിച്ചു കഴിയുകയും ചെയ്ത ആന്റണി ശിഷ്യരുടെ പ്രതീക്ഷക്കപ്പുറം ആരോഗ്യവാനും ഉന്മേഷവാനുമായി പ്രവര്‍ത്തനം തുടങ്ങി.
അങ്ങനെ, അഞ്ചുവര്‍ഷക്കാലും തന്റെ സന്യാസിശിഷ്യരെ സംഘടിപ്പിക്കാനും ഉപദേശിക്കാനും ആശ്രമം കരുപ്പിടിപ്പിക്കാനുമായി ചെലവഴിച്ചു. ആന്റണിയുടെ സന്യാസിമാര്‍ വെവ്വേറെ മുറികളില്‍ ഒറ്റയ്ക്കു താമസിക്കുകയും കൂട്ടായ ആചാരങ്ങളുടെ സമയത്തുമാത്രം ഒരുമിച്ചുകൂടുകയും ചെയ്തു. വി. പക്കോമിയസിന്റെ ആശ്രമജീവിതരീതിയുമായി ഇവര്‍ ക്കുണ്ടായിരുന്ന വ്യത്യാസം, പക്കോമിയസിന്റെ സന്ന്യാസികള്‍ ഇന്നത്തേതുപോലെ സമൂഹജീവിതം നയിക്കുമ്പോള്‍ ആന്റണിയുടെ സന്ന്യാസികള്‍ ഏകാന്തജീവിതം നയിക്കുന്നു എന്നതായിരുന്നു.
മാക്‌സിമിനന്‍ മതപീഡനത്തില്‍ അകപ്പെട്ടുപോയ വിശ്വാസികള്‍ക്ക് ആത്മധൈര്യം പകരാനായി 311-ല്‍ ആന്റണി അലക്‌സാണ്ഡ്രിയ നഗരത്തിലെത്തി. അവിടെ നിന്നു തിരിച്ചുപോയത്, നൈല്‍നദിയുടെയും ചെങ്കടലിന്റെയും മധ്യത്തിലുള്ള ക്ലിസ്മാ മരുഭൂമിയിലെ ഒരു മലമുകളിലേക്കാണ്. ഇന്ന് അവിടെ ആന്റണിയുടെ നാമത്തില്‍ പ്രസിദ്ധമായ ഒരു ആശ്രമമുണ്ട്-"Des Mar Antonios" ശേഷിച്ച 45 വര്‍ഷവും തന്നെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഉപദേശവും ഉത്തേജനവും പകര്‍ന്നുനല്‍കിക്കൊണ്ട് അദ്ദേഹം ചെലവഴിച്ചത് ഇവിടെയാണ്.
ഏതാണ്ട് 335-ല്‍ അദ്ദേഹം വീണ്ടും അലക്‌സാണ്‍ഡ്രിയ സന്ദര്‍ശിച്ചതായി പറയുന്നുണ്ട്. ആര്യന്‍ മനിക്കേയന്‍ പാഷണ്ഡതകള്‍ക്കെതിരെ ജനങ്ങളെ ശക്തിപ്പെടുത്താനായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
വി. അത്തനേഷ്യസിനോട് വി. ആന്റണിക്ക് അസാധാരണമായ ആത്മബന്ധമുണ്ടായിരുന്നു. ക്രിസ്ത്യന്‍ സന്യാസത്തിന്റെ ഉപജ്ഞാതാവായ വി. അത്തനേഷ്യസിന്റെ അസാധാരണമായ വ്യക്തിത്വം, അദ്ദേഹത്തില്‍ വിളങ്ങിയിരുന്ന ദൈവികമായ സമാധാനവും സന്തുഷ്ടിയും ദീനാനുകമ്പയും എല്ലാം അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു.
മരിക്കുമ്പോള്‍ വി. ആന്റണിക്ക് 105 വയസ്സുണ്ടായിരുന്നു. ആശുപത്രി ജോലിക്കാര്‍, കശാപ്പുകാള്‍, കുഴിവെട്ടുകാര്‍, കൊട്ടനെയ്ത്തുകാര്‍ ഇവരു ടെയെല്ലാം സ്വര്‍ഗ്ഗീയമധ്യസ്ഥനാണ് അദ്ദേഹം. പകര്‍ച്ചവ്യാധി, അപസ്മാരം, ത്വക്‌രോഗം ഇവയില്‍ നിന്നു കഷ്ടതകള്‍ സഹിക്കുന്നവര്‍ വി. ആന്റണിയുടെ മാധ്യസ്ഥ്യം തേടാറുണ്ട്.
വിശ്വാസികള്‍ തേനീച്ചകളെപ്പോലെ ആയിരിക്കണമെന്നാണ് ആന്റണി ഉപദേശിച്ചത്. തേനീച്ചകള്‍ അലഞ്ഞുനടന്ന് തേന്‍ സംഭരിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി സൂക്ഷിച്ചുവയ്ക്കുന്നു. വിശ്വാസികള്‍ മറ്റുള്ളവരില്‍ നിന്ന് എന്തെങ്കിലും ഒരു നന്മ കണ്ടെത്തി ശേഖരിക്കണം-വിനയം, സ്‌നേഹം, ഔദാര്യം, ക്ഷമ എന്തെങ്കിലും. ഇവയെല്ലാം മറ്റുള്ളവര്‍ക്കായി നമുക്ക് നമ്മില്‍ത്തന്നെ സൂക്ഷിച്ചുവയ്ക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org