വിശുദ്ധ കാതറീന്‍ ലാബോര്‍ (1806-1876) : നവംബര്‍ 28

വിശുദ്ധ കാതറീന്‍ ലാബോര്‍ (1806-1876) : നവംബര്‍ 28

"ദൈവത്തിന്റെ മുമ്പില്‍ നിന്നുകൊണ്ട് ഞാന്‍ അവിടുത്തോടു പറയും: 'കര്‍ത്താവേ, ഇതാ ഞാന്‍; അങ്ങേക്ക് ഇഷ്ടമുള്ളത് എനിക്കു തരിക.' എന്തെങ്കിലും തന്നാല്‍ ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും; അതിനു നന്ദി പറയും. ഒന്നും തന്നില്ലെങ്കിലും ഞാന്‍ നന്ദി പറയും. കാരണം, ഞാന്‍ ഒന്നും അര്‍ഹിക്കുന്നില്ലല്ലോ. പിന്നെ, എന്റെ മനസ്സിലുള്ളതെല്ലാം ഞാന്‍ അവിടുത്തോടു പറയും… എന്നിട്ട് ശ്രദ്ധാപൂര്‍വ്വം ശ്രവിക്കും."

"അമലോത്ഭവയായ പരിശുദ്ധ മറിയമേ, അങ്ങയെ അഭയം പ്രാപിക്കുന്ന ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ!" ഈ പ്രാര്‍ത്ഥനയും "അത്ഭുതകരമായ കാശുരൂപം" ധരിക്കലും 1830-ല്‍ പരി. മാതാവ് വി. കാതറീന് നല്‍കിയ പല ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ രൂപം കൊണ്ടതാണ്.
1806 മെയ് 2 ന് ഫ്രാന്‍സില്‍ ബര്‍ഗണ്ടിയില്‍ ജനിച്ച കാതറീന്റെ മാമ്മോദീസാ പേര് സോ എന്നായിരുന്നു. ഒരു നല്ല കര്‍ഷകനായിരുന്ന പിയറിന്റെയും മാഡലിന്റെയും പതിനേഴു മക്കളില്‍ ഒമ്പതാമത്തെ സന്തതിയായിരുന്നു സോ. പ്രാഥമിക വിദ്യാഭ്യാസമൊന്നും തന്നെ ലഭിച്ചില്ല. എന്നിട്ടും, പിതാവിന്റെ ആഗ്രഹത്തിനു വിരുദ്ധമായി സന്ന്യാസജീവിതത്തോടായിരുന്നു അവള്‍ക്കു താത്പര്യം. വീടു സംരക്ഷിക്കുന്നതോടൊപ്പം എന്നും വി. കുര്‍ബാനയില്‍ പങ്കെടുക്കാനും അവള്‍ സമയം കണ്ടെത്തി. 1830-ല്‍, പാരീസിലെ റൂഡുബാക് എന്ന സ്ഥലത്തുള്ള വിന്‍സെന്റ് ഡി പോളിന്റെ ഉപവിയുടെ സഹോദരിമാരുടെ സഭയില്‍ ചേര്‍ന്ന് നൊവീഷ്യറ്റ് ആരംഭിച്ചു. കാതറീന്‍ എന്ന പേരും സ്വീകരിച്ചു.
അതോടെ അലൗകികമായ ദര്‍ശനങ്ങള്‍ അവള്‍ക്കു ലഭിച്ചുതുടങ്ങി. അങ്ങനെ ദര്‍ശനം വഴി മാതാവു നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് "കാശുരൂപം" രൂപകല്പന ചെയ്തത്. വൃത്താകാരത്തിനുള്ളില്‍ മാതാവിന്റെ പടം. മാതാവിന്റെ കൈകളില്‍ നിന്നു പുറപ്പെടുന്ന പ്രകാശം അനുഗ്രഹങ്ങളാണ്. മെഡലിന്റെ മറുവശത്ത് M എന്ന അക്ഷരവും അതിനു മുകളില്‍ കുരിശും, മുള്‍മുടി ധരിച്ച കര്‍ത്താവിന്റെ ഹൃദയവും കഠാരകൊണ്ടു കുത്തപ്പെട്ട മാതാവിന്റെ ഹൃദയവും.
കാതറീന്റെ ദര്‍ശനങ്ങളെപ്പറ്റി ആദ്ധ്യാത്മിക പിതാവിനു മാത്രമേ അറിവുണ്ടായിരുന്നുള്ളു. ഏതായാലും, കാശുരൂപം ധാരാളമായി ലോകം മുഴുവന്‍ പ്രചരിച്ചു. ധാരാളം അത്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. 1842-ല്‍ അല്‍ഫോന്‍സ് റാറ്റിസ്‌ബോണ്‍ എന്ന നിരീശ്വരനായ യഹൂദന്റെ മാനസാന്തരമാണ് അതിലേറ്റവും പ്രസിദ്ധമായിട്ടുള്ളത്. മാതാവിന്റെ സൊഡാലിറ്റിയിലെ അംഗങ്ങള്‍ ഈ "അത്ഭുതകാശുരൂപം" ധരിച്ചിരുന്നു.
1876 ഡിസംബര്‍ 31-ന് കാതറീന്‍ മരിച്ചു. 56 വര്‍ഷത്തിനു ശേഷവും അഴുകാത്ത നിലയില്‍ കണ്ടെത്തിയ അവരുടെ മൃതദേഹം പാരീസില്‍ റൂഡുബാക്കിലെ ഉപവിയുടെ സഹോദരിമാരുടെ "മാതൃഭവനത്തില്‍" സൂക്ഷിച്ചിരിക്കുന്നു. 1933 മെയ് 28 ന് വാഴ്ത്തപ്പെട്ടവളും 1947 ജൂലൈ 27 ന് പോപ്പ് പയസ് പന്ത്രണ്ടിനാല്‍ വിശുദ്ധയുമായി പ്രഖ്യാപിക്കപ്പെട്ടു.
കാതറീന്റെ ധ്യാനം വളരെ സാധാരണവും ഹൃദ്യവുമായിരുന്നു:

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org