വിശുദ്ധ ഫെലിക്‌സ് നോള  (260) : ജനുവരി 14

വിശുദ്ധ ഫെലിക്‌സ് നോള  (260) : ജനുവരി 14
സത്യത്തിലുള്ള അടിയുറച്ച വിശ്വാസം അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വി. ഫെലിക്‌സിന്റെ ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നത്. കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍, ഒരു മലപോലും മാറും. പക്ഷേ, വിശ്വാസം തീക്ഷ്ണമായിരിക്കണം. ഒട്ടും സംശയാലുവാകാന്‍ പാടില്ല.
ഇറ്റലിയിലെ നോള എന്ന സ്ഥലത്തു ജനിച്ച ഫെലിക്‌സിന്റെ പിതാവ് സിറിയക്കാരനായിരുന്നു. സൈനികസേവനം നടത്തിയിരുന്ന പിതാവ് കമ്പാനിയായിലെ ഒരു റോമന്‍ കോളനിയിലാണ് വസിച്ചിരുന്നത്. അദ്ദേഹത്തിന് ഫെലിക്‌സും ഹെര്‍മിയാസും-രണ്ടു മക്കള്‍. ഹെര്‍മിയാസിനു സൈനികസേവനമായിരുന്നു താത്പര്യം. ഫെലിക്‌സ് രാജാധിരാജനായ ക്രിസ്തുവിനെ സേവിക്കാന്‍ തീരുമാനിച്ചു. തന്റെ സമ്പത്തെല്ലാം വിറ്റ് ആദ്യം തന്നെ പാവങ്ങള്‍ക്കു വിതരണം ചെയ്തു. പിന്നീട് നോളയിലെ ബിഷപ്പ് മാക്‌സിമസ് അദ്ദേഹത്തിനു പൗരോഹിത്യം നല്‍കി. ഫെലിക് സിന്റെ ജീവിതവിശുദ്ധിയും പക്വതയും ബിഷപ്പിനെ ആകര്‍ഷിച്ചു. അങ്ങനെ ഫെലിക്‌സ് ബിഷപ്പിന്റെ വലംകൈയായിത്തീര്‍ന്നു.
250-ല്‍ ഡേസിയസ് ചക്രവര്‍ത്തിയുടെ മതപീഡനത്താല്‍ ബിഷപ്പ് മാക്‌സിമസിന് മരുഭൂമിയിലേക്കു പലായനം ചെയ്യേണ്ടിവന്നു. ഫെലിക്‌സ് പിടിക്കപ്പെടുകയും കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുകയും ചെയ്തു.

ഒരു രാത്രി ബിഷപ്പ് മാക്‌സിമസ്സിനെ സഹായിക്കാനുള്ള സന്ദേശം ഫെലിക് സിനു ലഭിക്കുന്നു. അദ്ദേഹത്തെ ബന്ധിച്ചിരുന്ന ചങ്ങല അഴിഞ്ഞു കിടക്കുന്നതും കാരാഗൃഹത്തിന്റെ വാതിലുകള്‍ തുറന്നുകിടക്കുന്നുതും കണ്ട് അത്ഭുതത്തോടെ അദ്ദേഹം പുറത്തുകടന്നു.
ബിഷപ്പ് മാക്‌സിമസ്സിനെ കണ്ടെത്തുമ്പോള്‍ വിശപ്പും തണുപ്പും മൂലം തളര്‍ന്ന് അദ്ദേഹം ബോധംകെട്ടു കിടക്കുകയായിരുന്നു. പെട്ടെന്ന് ഒന്നും ചെയ്യാന്‍ നിര്‍വ്വാഹമില്ലാതിരുന്ന ഫെലിക്‌സ് പ്രാര്‍ത്ഥനയില്‍ അഭയം തേടി. അങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ മുറിയില്‍ ഒരു പാത്രത്തില്‍ കുറെ മുന്തിരിപ്പഴങ്ങള്‍ കണ്ടെത്തുകയും അവ ബിഷപ്പിന്റെ വായിലേക്ക് പിഴിഞ്ഞൊഴിക്കുകയും ചെയ്തു. പെട്ടെന്ന് ബോധം തിരിച്ചുകിട്ടിയ ബിഷപ്പിന്റെ ആഗ്രഹപ്രകാരം ഫെലിക്‌സ് അദ്ദേഹത്തെ ചുമലിലേറ്റി നഗരത്തിലെ ഒരു ദൈവാലയത്തില്‍ എത്തിച്ചു.
ഡേസിയസ് ചക്രവര്‍ത്തി മരിക്കുന്നതുവരെ ഫെലിക്‌സ് ഒളിവില്‍ കഴിഞ്ഞു. പിന്നീട് പ്രത്യക്ഷപ്പെട്ടപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ മനസ്സിലാക്കാന്‍ വിഷമിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ ശത്രുക്കള്‍ വീണ്ടും പീഡിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍, എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുകയും നാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തശേഷം അദ്ദേഹം വീണ്ടും രംഗത്തെത്തി തനിക്കു ലഭിച്ച ഭൂമിയില്‍ പണിയെടുത്തുതുടങ്ങി.
ബിഷപ്പ് മാക്‌സിമസ് മരണമടഞ്ഞപ്പോള്‍, ആ സ്ഥാനം ഏറ്റെടുക്കാന്‍ ജനങ്ങള്‍ ഫെലിക്‌സിനെ നിര്‍ബന്ധിച്ചു. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. വാര്‍ദ്ധക്യംവരെ പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരു ജീവിതം നയിച്ച് അദ്ദേഹം മരണമടഞ്ഞു.
സത്യത്തിലുള്ള അടിയുറച്ച വിശ്വാസം അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വി. ഫെലിക്‌സിന്റെ ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നത്. കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍, ഒരു മലപോലും മാറും. പക്ഷേ, വിശ്വാസം തീക്ഷ്ണമായിരിക്കണം. ഒട്ടും സംശയാലുവാകാന്‍ പാടില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org