വിശുദ്ധ ഗബ്രിയേല്‍ (1838-1862) : ഫെബ്രുവരി 27

വിശുദ്ധ ഗബ്രിയേല്‍ (1838-1862) : ഫെബ്രുവരി 27
ഫ്രാന്‍സീസ് പൊസ്സെന്തി ഇറ്റലിയിലെ അസ്സീസിയിലാണ് ജനിച്ചത്. 600 വര്‍ഷം മുമ്പ് മഹാനായ ഒരു വിശുദ്ധനെ ജ്ഞാനസ്‌നാനം ചെയ്ത അതേ തൊട്ടിയില്‍ ഫ്രാന്‍സീസിനെയും ജ്ഞാനസ്‌നാനം ചെയ്തു. അസ്സീസിയുടെ ഗവര്‍ണ്ണറായിരുന്ന സാന്റെ ആയിരുന്നു പിതാവ്. അസാധാരണ ഭക്തനായിരുന്ന ഒരു ഭരണാധികാരി. എന്നും രാവിലെ ദിവ്യബലിയില്‍ സംബന്ധിക്കുന്നതിനു മുമ്പ് ഒരു മണിക്കൂര്‍ വായനയും പ്രാര്‍ത്ഥനയുമായി കഴിയുകയും, വി. കുര്‍ബാനയുടെ വിസീത്തയോടുകൂടി ഓരോ ദിവസവും അവസാനിപ്പിക്കുകയും ചെയ്യുന്ന ഒരു നല്ല വിശ്വാസിയായിരുന്നു അച്ഛന്‍.

13 മക്കളില്‍ 11-ാമനായിരുന്നു ഫ്രാന്‍സീസ്. വെറും 4 വയസ്സുള്ളപ്പോള്‍ ഫ്രാന്‍സീസിന് അമ്മ ആഗ്നസിനെ നഷ്ടപ്പെട്ടു. മഹാവികൃതിയായിരുന്ന മകനെപ്പറ്റി അച്ഛന്‍ അസ്വസ്ഥനായിരുന്നു. തിരക്കിനിടയിലും മക്കള്‍ക്ക് ക്രിസ്തുവിനെയും അവിടുത്തെ വിശുദ്ധന്മാരെയും പരിചയപ്പെടുത്തിക്കൊടുക്കാതിരുന്നില്ല.
അങ്ങനെ യുവാവായ ഫ്രാന്‍സീസ് നാടകീയതയും ആഘോഷങ്ങളും നിറഞ്ഞ ജീവിതത്തിലെ ചതിക്കുഴികളെപ്പറ്റി ബോധവാനായിരുന്നു. എങ്കിലും, രണ്ടവസരത്തില്‍ അദ്ദേഹം മാരകമായ രോഗത്തിനടിമയായി. അപ്പോഴൊക്കെ, രക്ഷപ്പെട്ടാല്‍ താന്‍ സന്യാസജീവിതം തിരഞ്ഞെടുക്കാമെന്ന് മാതാവിനോട് ആണയിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു. പക്ഷേ, രണ്ടുപ്രാവശ്യവും പ്രതിജ്ഞ നിറവേറ്റിയില്ല. 1856-ല്‍ മാരകമായ കോളറ സ്‌പോലെറ്റോയില്‍ പടര്‍ന്നുപിടിച്ചു. ജനങ്ങള്‍ മാതാവിനോടു മുട്ടിപ്പായി മനമുരുകി പ്രാര്‍ത്ഥിച്ചു. മാതാവിന്റെ രൂപവും വഹിച്ചുകൊണ്ട് ആഘോഷപൂര്‍വ്വമായ പ്രദക്ഷിണം നടത്തി.
രോഗം മാറി. മാതാവിന്റെ പ്രദക്ഷിണം കടന്നുപോയപ്പോള്‍ ഫ്രാന്‍സീസ് മാതാവിനെ ഭക്തിപൂര്‍വ്വം വീക്ഷിച്ചു. മാതാവിന്റെ കണ്ണുകള്‍ തന്റെ ഹൃദയത്തിന്റെ അഗാധത്തില്‍ വരെ ചെല്ലുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു. ഫ്രാന്‍സീസ് മുട്ടുകുത്തി നിന്നുകൊണ്ട്, മാതാവിന്റെ വാക്കുകള്‍ ശ്രവിച്ചു "ഫ്രാന്‍സീസ്, നീ എന്തിന് വൈകുന്നു? എഴുന്നേല്ക്കൂ, ഭക്തിമാര്‍ഗ്ഗത്തില്‍ പ്രവേശിക്കൂ." ഇപ്രാവശ്യം വൈകിയില്ല; ഗബ്രിയേല്‍ എന്ന നാമം സ്വീകരിച്ചുകൊണ്ട് ഫ്രാന്‍സീസ് സന്ന്യാസജീവിതം ആരംഭിച്ചു.
നിയമങ്ങള്‍ കര്‍ശനമായി കാത്തുകൊണ്ട് ഗബ്രിയേല്‍ പ്രാര്‍ത്ഥനാരൂപിയില്‍ വളര്‍ന്നു. കര്‍ത്താവിന്റെ പീഡാനുഭവത്തിന്റെയും വി. കുര്‍ബാനയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ഭക്തിയില്‍ അദ്ദേഹം പുരോഗമിച്ചു. പക്ഷേ, പൗരോഹിത്യം സ്വീകരിക്കാനുള്ള സമയമായപ്പോഴേക്കും ഇറ്റലിയിലെ രാഷ്ട്രീയം കലങ്ങിമറിഞ്ഞു. വൈദിക വിദ്വേഷവും മതവിദ്വേഷവും കൊടുമ്പിരിക്കൊണ്ടു. അതുകൊണ്ട് പൗരോഹിത്യസ്വീകരണത്തിനു മുമ്പേ, 1862 ഫെബ്രുവരി 27-ന് തന്റെ ആശ്രമപ്രവേശത്തിന്റെ ആറാം വര്‍ഷം ഗബ്രിയേല്‍ ഈലോകജീവിതത്തോടു വിടപറഞ്ഞു.
എണ്ണമറ്റ അത്ഭുതങ്ങള്‍ ഗബ്രിയേലിന്റെ മദ്ധ്യസ്ഥ്യത്താല്‍ നടന്നതുകൊണ്ട് വിശുദ്ധനെന്നു നാമകരണം ചെയ്യുവാനുള്ള നടപടികള്‍ ധൃതഗതിയില്‍ പുരോഗമിച്ചു. 1908 മെയ് 31 ന് വാഴ്ത്തപ്പെട്ടവനായ ഗബ്രിയേല്‍ 1920 മെയ് 13 ന്, തന്റെ വൃദ്ധനായ സഹോദരന്റെ സാന്നിദ്ധ്യത്തില്‍ വിശുദ്ധനെന്നു പ്രഖ്യാപിക്കപ്പെട്ടു.
ഇന്ന് യുവാക്കളുടെ ഏറ്റവും പ്രധാന സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് വി. ഗബ്രിയേല്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org