വിശുദ്ധ ലാസര്‍ (1-ാം നൂറ്റാണ്ട്) : ഡിസംബര്‍ 17

വിശുദ്ധ ലാസര്‍ (1-ാം നൂറ്റാണ്ട്) : ഡിസംബര്‍ 17
മനുഷ്യനായി ജനിച്ചവരില്‍ മരണശേഷം ഉയിര്‍ക്കുകയും വീണ്ടും കുറെക്കാലം കൂടി ജീവിച്ച് മരിക്കുകയും ചെയ്ത വ്യക്തിയാണ് ലാസര്‍. ക്രിസ്തുവിന്റെ രക്ഷാകരചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയെന്ന നിലയിലാണ് ലാസര്‍ പ്രസിദ്ധനായത്. ഈ ലാസറിന്റെ കഥ യോഹന്നാന്റെ സുവിശേഷം 11-ാം അദ്ധ്യായത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

ബഥനി എന്ന ഗ്രാമത്തില്‍ ജീവിച്ചിരുന്ന മര്‍ത്തയുടെയും മറിയത്തിന്റെയും സഹോദരനായിരുന്നു ലാസര്‍. മാത്രമല്ല, ഈശോയുടെ വളരെ പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. ലാസര്‍ രോഗബാധിതനാണെന്നു പറഞ്ഞപ്പോള്‍ യേശു പ്രതിവചിച്ചു: "ഈ രോഗം മരണത്തില്‍ കലാശിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്റെ മഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്." ലാസര്‍ മരിച്ചെന്നു കേട്ട് ഈശോ കരഞ്ഞു. മരിച്ച ലാസറിനെ ഉയിര്‍പ്പിച്ച ക്രിസ്തു ചരിത്രത്തില്‍ തന്റെ അദ്വിതീയ സ്ഥാനം രേഖപ്പെടുത്തി.
പക്ഷേ, ഉയിര്‍പ്പിക്കപ്പെട്ട ലാസറിനെപ്പറ്റി ബൈബിളില്‍ നിന്നു മറ്റു വിവരമൊന്നും ലഭിക്കുന്നില്ല. വി. പീറ്ററിന്റെ കൂടെ സിറിയയിലേക്കു പോയെന്നു ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, പൗരസ്ത്യദേശത്തെ പാരമ്പര്യമനുസരിച്ച്, ജാഫായില്‍ നിന്ന് യഹൂദര്‍ ലാസറിനെയും സഹോദരിമാരെയും ഒരു പഴകി ദ്രവിച്ച ബോട്ടില്‍ കയറ്റി കടലിലേക്കു തള്ളിവിട്ടു. അത്ഭുതകരമായി അവര്‍ സൈപ്രസ് ദ്വീപില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു. അവിടെ കിറ്റിയോണ്‍ (ലാര്‍ണാക്ക) എന്ന പ്രദേശത്തെ ബിഷപ്പായിത്തീര്‍ന്ന ലാസര്‍ മുപ്പതുവര്‍ഷത്തിനുശേഷം മരണമടഞ്ഞു. 890-ല്‍ ലിയോ ആറാമന്‍ ചക്രവര്‍ത്തി ലാസറിന്റെ നാമത്തില്‍ ഒരു മൊണാസ്റ്ററിയും ഒരു ദൈവാലയവും കോണ്‍സ്റ്റാന്റിനോപ്പിളില്‍ പണി കഴിപ്പിക്കുകയും, സൈപ്രസില്‍നിന്ന് ലാസറിന്റെ ഭൗതികാവശിഷ്ടങ്ങളില്‍ കുറെ ഭാഗം അവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിക്കുകയും ചെയ്തു.
പാശ്ചാത്യദേശത്ത് വി. ലാസറിനെപ്പറ്റി ആദ്യം പരാമര്‍ശിച്ചു കാണുന്നത്, പ്രോവന്‍സിലെ വി. മറിയം മഗ്ദലേനയെപ്പറ്റിയുള്ള ഭാഗം വിവരിക്കുന്നിടത്താണ്. പോപ്പ് ബനഡിക്ട് ഒമ്പതാമന്റെ ഒരു ലേഖനത്തില്‍ വിവരിച്ചിരിക്കുന്നത്, തുഴയോ ചുക്കാനോ ഇല്ലാത്ത ഒരു ബോട്ടില്‍ ലാസറിനെയും സഹോദരിമാരെയും കയറ്റി കടലില്‍ തള്ളിയെന്നും, അവര്‍ സുരക്ഷിതമായി ഗോളിന്റെ തെക്കു-കിഴക്കെ തീരത്തെത്തിയെന്നുമാണ്. മാര്‍സെയില്‍സില്‍ ലാസര്‍ അനേകരെ മാനസാന്തരപ്പെടുത്തുകയും ചെയ്തു. അവിടത്തെ ബിഷപ്പായിത്തീര്‍ന്ന ലാസര്‍, ഡൊമീഷ്യന്റെ ഭരണ കാലത്ത് രക്തസാക്ഷിയായിത്തീര്‍ന്നു. ഒരു ഗുഹയിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. അതിനുമുകളിലാണ് സെന്റ് വിക്ടറിന്റെ ആശ്രമം പണിതുയര്‍ത്തിയത്. അവിടെനിന്ന് ലാസറിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഓട്ടണിലേക്കു മാറ്റപ്പെട്ടെന്നും, 1146-ല്‍ പുതിയതായി നിര്‍മ്മിക്കപ്പെട്ട കത്തീഡ്രലില്‍ അടക്കം ചെയ്‌തെന്നും കരുതപ്പെടുന്നു.
ഏതായാലും, ലാസറിന്റെ നാമം ആദ്യകാലത്ത് ജറൂസലത്തും പിന്നീട് സഭയില്‍ ആകമാനവും ഭക്തിപൂര്‍വ്വം സ്മരിക്കപ്പെട്ടു എന്നതിന് മതിയായ തെളിവുകളുണ്ട്.

ഞാനാണു പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല.
യോഹ. 11:25-26

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org