Latest News
|^| Home -> Today's Saint -> ആവിലായിലെ വി. തെരേസ (1515-1582) : ഒക്‌ടോബര്‍ 15

ആവിലായിലെ വി. തെരേസ (1515-1582) : ഒക്‌ടോബര്‍ 15

Sathyadeepam

സ്‌പെയിനില്‍, മാഡ്രിസിന് 50 മൈല്‍ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആവിലായിലാണ് തെരേസ സെപേഡയുടെ ജനനം. പരമഭക്തനും കര്‍ക്കശനുമായ അച്ഛന്റെയും ആധുനിക ജീവിതത്തെ സ്‌നേഹിച്ചിരുന്ന അമ്മയുടെയും മകളായി പിറന്ന തെരേസ ഈ രണ്ടുനിലപാടുകള്‍ക്കിടയില്‍പ്പെട്ടു പലപ്പോഴും വിഷമിച്ചു.
താന്‍ കടുത്ത പാപിയാണെന്ന ചിന്ത തെരേസയെ എപ്പോഴും വേട്ടയാടിയിരുന്നു. 14-ാമത്തെ വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടു. രണ്ടു വര്‍ഷം കഴിഞ്ഞ് പിതാവ് തെരേസയെ അഗസ്റ്റീനിയന്‍ സന്ന്യാസികളുടെ മേല്‍നോട്ടത്തില്‍ വിദ്യാഭ്യാസത്തിനയച്ചു. പതിനെട്ടു മാസം കഴിഞ്ഞ് രോഗിയായതോടെ പഠനം നിറുത്തേണ്ടിവന്നു. പിന്നീട് കുറച്ചുകാലം പിതാവിനോടും ബന്ധുക്കളോടുമൊപ്പം ചെലവഴിച്ചപ്പോള്‍ ഒരു അമ്മാവനാണ് വി. ജറോമിന്റെ കത്തുകള്‍ തെരേസയ്ക്കു വായിക്കാന്‍ നല്‍കിയത്. അത് അവരുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. തന്റെ അമ്മ വൈവാഹിക ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ കൂടി ഓര്‍ത്തപ്പോള്‍ സന്ന്യാസജീവിതംതന്നെ അവള്‍ തിരഞ്ഞെടുത്തു. അങ്ങനെ 1535-ല്‍ ഇരുപതാമത്തെ വയസ്സില്‍ പിതാവിന്റെ അനുവാദത്തിനു കാത്തുനില്ക്കാതെ അവള്‍ കര്‍മ്മലീത്താ സന്ന്യാസസഭയില്‍ അംഗമായി.
പിന്നീട് പ്രാര്‍ത്ഥനയിലാണ് തെരേസ അഭയം പ്രാപിച്ചത്. ”പ്രാര്‍ത്ഥനയാണ് ദൈവികദാനങ്ങള്‍ കടന്നുവരുന്ന വാതില്‍; അതടഞ്ഞു കിടന്നാല്‍, ദൈവം എങ്ങനെ നമുക്ക് അനുഗ്രഹങ്ങള്‍ നല്‍കും” എന്ന ബോധ്യത്തില്‍, രോഗിയായതോടെ കൂടുതലായി പ്രാര്‍ത്ഥനയില്‍ അഭയം തേടാന്‍ തുടങ്ങി. വി. അഗസ്റ്റിന്റെ ”കുമ്പസാരം” എന്ന കൃതി, ദൈവത്തിന്റെ മുമ്പില്‍ നിഷ്‌ക്കളങ്കയായി നില്‍ക്കുവാനുള്ള പ്രചോദനം നല്‍കി. അന്ന് പല സന്ന്യാസ ആശ്രമങ്ങളിലും ജീവിതം ലൗകികതയിലേക്ക് ചാഞ്ഞിരുന്നു. സ്ഥിരം സന്ദര്‍ശകരുടെ ബാഹുല്യം അതിനു പ്രേരണയായിരുന്നു.
പ്രാര്‍ത്ഥനയില്‍ കൂടുതല്‍ മുഴുകിയതോടെ ദൈവം തന്നോടു നേരിട്ടു സംസാരിക്കുന്നതായി തെരേസയ്ക്കു അനുഭവപ്പെടാന്‍ തുടങ്ങി. അവള്‍ക്കു ലഭിച്ചിരുന്ന വെളിപാടുകള്‍ ആദ്യം എല്ലാവരും സംശയത്തോടെയാണ് വീക്ഷിച്ചത്. തെറ്റിദ്ധാരണകളും പരിഹാസങ്ങളും വര്‍ഷങ്ങളോളം തുടര്‍ന്നു. ആദ്യകാലത്ത് ആധ്യാത്മിക പിതാക്കന്മാര്‍പോലും അവരെ സംശയിച്ചു. ബഹിര്‍മുഖയായ അവള്‍ എല്ലാവരെയും സ്‌നേഹപൂര്‍വ്വം പരിചരിച്ചു. ആരുമായും പൊരുത്തപ്പെട്ടുപോകാനുള്ള വിചിത്രമായ കഴിവ് അവള്‍ക്കുണ്ടായിരുന്നു.
അങ്ങനെ ഇരുപതുവര്‍ഷം പിന്നിട്ടു. ശരിക്കും ആദ്ധ്യാത്മിക പീഡനങ്ങളുടെ കാലമായിരുന്നു അത്. എല്ലാ ജീവജാലങ്ങളില്‍ നിന്നും നിശ്ചിത അകലം സൂക്ഷിക്കാന്‍ അവള്‍ പരിശീലിച്ചു. പൂര്‍ണമായി ക്രിസ്തുവിനെ പിന്തുടരാന്‍ അതാവശ്യമായിരുന്നു.
തന്റെ ആദ്ധ്യാത്മിക പിതാവായിരുന്ന വി. പീറ്റര്‍ അല്‍ക്കാന്ത്രയും വി. ഫ്രാന്‍സീസ് ബോര്‍ജിയയും തെരേസായുടെ പ്രവര്‍ത്തനങ്ങളില്‍ ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ ദര്‍ശിച്ചു. 1561-ല്‍ കര്‍മമലീത്താസഭയെ നവീകരിക്കാന്‍ കര്‍ത്താവ് തെരേസയോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. അന്ന് 46 വയസ്സുള്ള അവര്‍ കര്‍ത്താവിന്റെ ആജ്ഞകള്‍ ശിരസാവഹിച്ച് പ്രവര്‍ത്തനം തുടങ്ങി. പിന്നീട് 21 വര്‍ഷം കൊണ്ട് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് കര്‍മ്മലീത്താ കന്യാസ്ത്രീകള്‍ക്കായി പതിനേഴ് മഠങ്ങളും സന്ന്യാസികള്‍ക്കായി പതിനഞ്ച് ആശ്രമങ്ങളും അവര്‍ സ്ഥാപിച്ചു.
മേലധികാരികളുടെ നിര്‍ബന്ധത്തിനു വഴങ്ങി തെരേസ സ്വന്തം അനുഭവങ്ങള്‍ അടിസ്ഥാനമാക്കി മൂന്നു കൃതികള്‍ രചിച്ചു. ”പൂര്‍ണ്ണതയിലേക്കുള്ള വഴി”, ”ആഭ്യന്തരഹര്‍മ്മ്യം”, ”ദൈവസ്‌നേഹത്തെപ്പറ്റിയുള്ള അറിവ്”. 1582 ഒക്‌ടോബര്‍ 4 ന് തെരേസ അന്തരിച്ചു. 1622-ല്‍ പോപ്പ് ഗ്രിഗരി XV തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. 1970-ല്‍ പോപ്പ് പോള്‍ VI സീയെന്നായിലെ കാതറൈനൊപ്പം തെരേസയെയും സഭയുടെ വേദപാരംഗതയായി പ്രഖ്യാപിച്ചു.