വിശുദ്ധ പാദ്രെ പിയോ (1887-1968) : സെപ്തംബര്‍ 23

വിശുദ്ധ പാദ്രെ പിയോ (1887-1968) : സെപ്തംബര്‍ 23
ഒരു ക്രിസ്ത്യാനിയുടെ ജീവിതം, തനിക്കെതിരെയുള്ള നിരന്തരമായ സമരമാണ്. വേദന അനുഭവിക്കാതെ ഒരാത്മാവും പൂര്‍ണ്ണതയിലെത്തുകയില്ല.
വിശുദ്ധ പാദ്രെ പിയോ

"ക്രിസ്തുവിന്റെ കുരിശ്, സ്‌നേഹത്തിന്റെ ഒരു വലിയ കലാശാലയാണ്; സ്‌നേഹത്തിന്റെ സ്രോതസ്സാണ്. സഹനത്തിന്റെ തീച്ചൂളയില്‍ സ്ഫുടം ചെയ്യ്‌പെട്ട ഈ ക്രിസ്തുശിഷ്യന്‍ അനേകം ഹൃദയങ്ങളെ ക്രിസ്തുവിനുവേണ്ടി ഒരുക്കി അവിടുത്തെ രക്ഷയിലേക്ക് ആനയിച്ചു." 1999 മെയ് 2 ന് പാദ്രെ പിയോയെ അള്‍ത്താരയില്‍ വണക്കത്തിനായി ഉയര്‍ത്തിക്കൊണ്ട് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞു.
1887 മെയ് 25 ന് ഇറ്റലിയില്‍ ജനിച്ച ഫ്രാങ്കോയിയ് കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്നപ്പോഴാണ് പിയോ എന്ന നാമം സ്വീകരിച്ചത്. 1907 ജനുവരി 27 ന് നിത്യവ്രതവാഗ്ദാനം നടത്തിയ പിയോ 1910 ആഗസ്റ്റ് 10-ന് പൗരോഹിത്യം സ്വീകരിച്ചു. ദൈവസ്‌നേഹത്താലും പരസ്‌നേഹത്താലും നിറഞ്ഞ പാദ്രെ പിയോ തന്റെ ദൈവവിളി ജനങ്ങള്‍ക്കു നന്മ ചെയ്യുവാനുള്ള ആഹ്വാനമാണെന്നു വിശ്വസിച്ചു; ഫ്രാന്‍സീസ് അസ്സീസിയുടെ ആത്മീയ പുത്രനായി സങ്കല്പിച്ചുകൊണ്ട് ഭക്തിയിലും പ്രവൃത്തിയിലും അദ്ദേഹത്തെ അനുകരിച്ച പിയോ "ഫ്രാന്‍സീസ് അസ്സീസി രണ്ടാമന്‍" എന്നുപോലും അറിയപ്പെട്ടിരുന്നു.
1910-ല്‍ പാദ്രെ പിയോയുടെ ശരീരത്തില്‍ ഈശോയുടെ പഞ്ചക്ഷ തങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പഞ്ചക്ഷതങ്ങള്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ പുരോഹിതനാണ് അദ്ദേഹം. ഭക്തിയും പ്രാര്‍ത്ഥനയുംകൊണ്ട് ജീവിതം സമ്പന്നമാക്കിയ പിയോ വ്യക്തികളുടെയും കുടുംബങ്ങളുടെയും സമാധാ നത്തിനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. വിശുദ്ധിയുടെ നിറവിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. എല്ലാത്തിന്റെയും ശക്തിസ്രോതസ്സ് ആഘോഷമായ വി. ബലിയര്‍പ്പണമായിരുന്നു.
വിശ്വാസം ജീവിതം തന്നെയാണെന്നു വിശ്വസിക്കുകയും അങ്ങനെ ജീവിക്കുകയും ചെയ്ത പാദ്രെ പിയോയ്ക്ക് അനേകം ആദ്ധ്യാത്മികവരങ്ങള്‍ ലഭിച്ചിരുന്നു എന്നു കരുതുന്നു. പരിശുദ്ധ മാതാവ് അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടെന്നും, ഒരേ സമയം പല സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നെന്നും, മാലാഖമാരുമായി നിത്യസമ്പര്‍ക്കമു ണ്ടായിരുന്നെന്നും, പ്രവചിക്കുവാനും രോഗങ്ങള്‍ അത്ഭുതകരമായി സുഖപ്പെടുത്തുവാനും കഴിഞ്ഞിരുന്നെന്നുമൊക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. ഏതായാലും ജീവിതലാളിത്യംകൊണ്ടും വിട്ടുവീഴ്ചയില്ലാത്ത വ്രതാനുഷ്ഠാനങ്ങള്‍ കൊണ്ടും പ്രാര്‍ത്ഥനാജീവിതം കൊണ്ടും ദൈവമഹത്ത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഈ പുണ്യപുരുഷന്‍ 1968 സെപ്തംബര്‍ 23-ന് ഇഹലോകവാസം വെടിഞ്ഞു. 2002 ജൂണ്‍ 16-ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org