വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്  (1811-1868) : ആഗസ്റ്റ് 2

വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്  (1811-1868) : ആഗസ്റ്റ് 2

ഫ്രാന്‍സിലെ ഗ്രെനോബിളിനു സമീപമുള്ള ലാമുറേയില്‍ 1811 ഫെബ്രുവരി 4-നു ജനിച്ച പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ് ചെറുപ്പം മുതലേ വി. കുര്‍ബാനയുടെ ഭക്തനായിരുന്നു. വൈദികനാകാന്‍ തീവ്രമായ ആഗ്രഹമുണ്ടായിരുന്നെങ്കിലും തടസ്സമായത് അനാരോഗ്യവും പിതാവിന്റെ എതിര്‍പ്പുമാണ്. അതൊന്നും വകവയ്ക്കാതെ "Oblates of Mary Immaculate" സഭയില്‍ ചേര്‍ന്ന എയ്മാര്‍ഡിനു നോവിഷ്യേറ്റ് തുടങ്ങി മൂന്നു മാസത്തിനുശേഷം അനാരോഗ്യം മൂലം തിരിച്ചുപോരേണ്ടിവന്നു.

1831-ല്‍ പിതാവു മരിച്ചു. അധികം വൈകാതെ ഗ്രെനോബിളിലുള്ള മേജര്‍ സെമിനാരിയില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു. 1834 ജൂലൈ 20-ന് പൗരോഹിത്യം സ്വീകരിച്ചു. ഗ്രെനോബിളില്‍ത്തന്നെ ഇടവക വൈദികനായി 1839 വരെ കഴിഞ്ഞശേഷം മാതൃഭക്തനായ അദ്ദേഹം മാരിസ്റ്റ് ഫാദേഴ്‌സിന്റെ സഭയില്‍ ചേര്‍ന്നു. ആ സഭയില്‍ അംഗമായിരുന്ന പതിനേഴു വര്‍ഷക്കാലം സ്പിരിച്വല്‍ ഫാദര്‍, കോളേജ് റെക്ടര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. വി. കുര്‍ബാനയുടെ അസാധാരണഭക്തനായിരുന്ന അദ്ദേഹം ശ്രദ്ധേയനായ പ്രഭാഷകനുമായിരുന്നു. എയ്മാര്‍ഡിന്റെ വി. കുര്‍ബാനയോടുള്ള ഭക്തി വളര്‍ന്ന് ഒരു പ്രത്യേക ആരാധനഗ്രൂപ്പിനുതന്നെ അദ്ദേഹം രൂപം കൊടുത്തു. മാരിസ്റ്റുസഭയില്‍ അത്തരമൊരു പ്രത്യേക ഗ്രൂപ്പിനു പ്രസക്തിയില്ലെന്നു മനസ്സിലാക്കിയ അദ്ദേഹം മാരിസ്റ്റു സഭവിട്ട് 1856 മെയ് 13 ന് പാരീസില്‍ 'ബ്ലസ്സഡ് സാക്രമെന്റ് ഫാദേഴ്‌സ്' എന്ന പുതിയ സഭ സ്ഥാപിച്ചു. പിന്നീട് മരണം വരെ അതിന്റെ സുപ്പീരിയര്‍ ജനറലായിരുന്നു. 1863-ലാണ് പോപ്പിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചതെങ്കിലും 1868 ആയപ്പോഴേക്കും ഈ പുതിയ സഭയ്ക്ക് പതിനാറു വൈദികരും, ഫ്രാന്‍സിലും ബല്‍ജിയത്തിലുമായി ഒമ്പത് പുതിയ സന്ന്യാസഭവനങ്ങളും 34 മറ്റ് അംഗങ്ങളും ഉണ്ടായിരുന്നു.

1858-ല്‍ മാര്‍ഗുറൈറ്റ് ഗില്ലറ്റിന്റെ സഹകരണത്തോടെ "Servants of Blessed Sacrament" എന്ന പേരില്‍ സ്ത്രീകള്‍ക്കായി ഒരു ആരാധന സഭയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു. വി. കുര്‍ബാനയുടെ ഭക്തി പ്രചരിപ്പിക്കുവാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇതിനു പുറമെ വൈദികര്‍ക്കായുള്ള "Eucharistive League" ഉം, "Blessed Sacrament Confratermity" ഉം ആരംഭിച്ചു. Comfratermity ഇന്നും പ്രചാരത്തിലുണ്ട്.

1868 ആഗസ്റ്റ് 1-ന് പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ് അന്തരിച്ചു. 1925 ജൂലൈ 22 ന് ദൈവദാസനായി. 1962 ഡിസംബര്‍ 9 ന് പോപ്പ് ജോണ്‍ XXIII അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org